സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ 10 ഇയര്‍ ചലഞ്ച് ഉപഭോക്താക്കള്‍ക്ക് പണി തരുമെന്ന് ടെക് വിദഗ്ധര്‍. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലാണ് ചലഞ്ച് വൈറലായിരിക്കുന്നത്. അക്കൗണ്ടുകള്‍ അവരുടെ 10 വര്‍ഷം മുന്നെ എടുത്ത ഫോട്ടോയും ഇപ്പോഴുള്ള ഫോട്ടോയും ഒരുമിച്ച് പോസ്റ്റ് ചെയ്യുന്നതാണ് ചലഞ്ച്.
എന്നാല്‍, ഈ 10 ഇയര്‍ ചലഞ്ച് അത്ര നിഷ്‌കളങ്കമല്ലെന്നാണ് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അനന്ത സാധ്യതകളുള്ള ഒരു മേഖലയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്ലെങ്കില്‍ എ.ഐ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായി വിവരങ്ങള്‍ ശേഖരിക്കുകയാണ് 10 ഇയര്‍ ചലഞ്ചിലുടെ ലക്ഷ്യമിടുന്നതെന്നാണ് ഇവരുടെ വാദം. സൈബര്‍ വിദഗ്ധനായ കെയ്റ്റ് ഒനീല്‍ നടത്തിയ ട്വീറ്റാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
പത്ത് വര്‍ഷം ഇടവിട്ടുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ എ.ഐയുടെ സാധ്യതകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫേഷ്യല്‍ റെക്കഗനേഷന്‍ അല്‍ഗോരിതങ്ങള്‍ക്ക് മുഖം തിരിച്ചറിയലിനെ കുറിച്ചും പ്രായമാകുന്നതിനെ കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നതെന്നാണ് കെയ്റ്റിന്റെ വാദം. ഇതിനെതിരായ ഉയരുന്ന മറുവാദം ഇത്തരം ഫോട്ടോകള്‍ ഫേസ്ബുക്കിന്റെ കൈവശം നേരത്തെ തന്നെയില്ലേ എന്നതാണ്. ഒരു ചലഞ്ചിലുടെ ഇത് ശേഖരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ വിപുലീകരിക്കുന്നതിനായി ഉപയോഗിക്കേണ്ട ആവശ്യം കമ്പനിക്കുണ്ടോ എന്നും ചോദ്യമുയരുന്നുണ്ട്.
ഈ വാദത്തിനും കെയ്റ്റിന് കൃത്യമായ മറുപടിയുണ്ട്. ഫേസ്ബുക്കില്‍ ഇപ്പോഴുള്ള ഉപയോക്താക്കളുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത തീയതി മാത്രമേ കമ്പനിയുടെ കൈവശം ഉണ്ടാവുകയുള്ളു. എത്ര വര്‍ഷം മുമ്പ് എടുത്തതാണ് ആ ഫോട്ടോ എന്നതിനെ കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ ഫേസ്ബുക്കിന് ലഭ്യമാകില്ല. 10 ഇയര്‍ ചലഞ്ചില്‍ രണ്ട് കാലയളവിലുമുള്ള ഫോട്ടോകള്‍ കൃത്യമായി ഫേസ്ബുക്കിന് ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച് മുഖം തിരിച്ചറിയലിനും പ്രായമാകലിനെ കുറിച്ചും ഒരു അല്‍ഗോരിതം നിര്‍മിച്ചെടുക്കാന്‍ ഫേസ്ബുക്കിന് പ്രയാസമുണ്ടാവില്ല.
ലോകജനസംഖ്യയിലെ വലിയൊരു വിഭാഗം ഇന്ന് ഫേസ്ബുക്കില്‍ അംഗങ്ങളാണ്. ഇവരുടെ ഫേഷ്യല്‍ റെക്കഗനേഷ്യന്‍ ഡാറ്റക്കൊപ്പം പ്രായമാകലിനെ കുറിച്ചുള്ള വിവരങ്ങളുമാണ് ഫേസ്ബുക്കിന് ലഭ്യമാവുക. സ്വകാര്യ കമ്പനികള്‍ക്ക് ഈ ഡാറ്റ മറിച്ച് വില്‍ക്കുകയാണെങ്കില്‍ വന്‍ ലാഭമായിരിക്കും ലോകത്തെ സോഷ്യല്‍ മീഡിയ ഭീമന് കിട്ടുക. മുമ്പ് കേംബ്രിഡ്ജ് അനലറ്റിക്കയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സമാനമായ സംഭവമാണ് ഉണ്ടായത്.