മലയാളം തെറി മനസിലാകുന്നില്ല, ഇഗ്ലീഷ് തെറി കാര്യമുള്ളതുമല്ല: ഫേസ്ബുക്കിനോട് ഗുസ്തിപിടിച്ച് സൈബര്‍സെല്‍

കോട്ടയം: ഫേസ്ബുക്കിലൂടെയുള്ള അപമാനിക്കല്‍ കേസുകളില്‍ പുലിവാല് പിടിച്ച് സൈബര്‍ സെല്‍. ഫേസ്ബുക്കിലൂടെ വ്യക്തികളെ തെറിയഭിഷേകം നടത്തുന്നതിനും വ്യക്തിഹത്യ ചെയ്യുന്നതിനും എതിരെയുള്ള കേസുകളിലാണ് സെബര്‍ സെല്‍ അധികൃതര്‍ പ്രശ്‌നത്തിലായിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ നീക്കം ചെയ്യാനോ മാറ്റം ചെയ്യാനോ ഫേസ്ബുക്ക് തയ്യാറാകാത്തതാണ് സൈബര്‍ സെല്‍ നേരിടുന്ന പ്രതിസന്ധി.

മലയാളിയുടെ അസഭ്യവാക്കും തെറിയുമൊന്നും ഫെയ്‌സ്ബുക്കിന് മനസിലാകുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. സമൂഹമാധ്യമങ്ങള്‍ വഴി അപമാനിക്കലിന് ഈ വര്‍ഷം ഇതുവരെ 600 പരാതികളാണ് പൊലീസ് ഹൈടെക് സെല്‍ അന്വേഷിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ചെന്നാണ് ഇതില്‍ ഭൂരിഭാഗം പരാതികളും. ഇതെല്ലാം ഫെയ്‌സ്ബുക് അധികൃതരെ പറഞ്ഞു മനസ്സിലാക്കിക്കുന്നതാണു ഹൈടെക് സെല്ലിന്റെ തലവേദന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാളി വിളിക്കുന്ന ഇംഗ്ലിഷ് അപമാനവാക്ക് ഫെയ്‌സ്ബുക്കിനു ചെറിയ സംഭവങ്ങളാണ്. മലയാളത്തിലുള്ള അസഭ്യവാക്കുകള്‍ മാറ്റിതയാറാക്കി അതിന്റെ ഫെയ്‌സ്ബുക് പേജു സഹിതമാണു സൈബര്‍സെല്‍ ഫെയ്‌സ്ബുക്കിനു നോട്ടിസ് നല്‍കുന്നത്. മിക്കപ്പോഴും കുറ്റമൊന്നും കാണാതെ ഫെയ്‌സ്ബുക്കിന്റെ അന്വേഷണവിഭാഗം തിരിച്ചുവിടുകയാണു പതിവെന്നു ഹൈടെക്‌സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

മാത്രമല്ല, യുഎസ് നിയമപ്രകാരം പൗരന്റെ അഭിപ്രായ സ്വതന്ത്ര്യത്തിനു മുന്തിയ പരിഗണന നല്‍കുന്നതിനാല്‍ സാമൂഹികമാധ്യമങ്ങള്‍ക്കു പ്രത്യേക സ്ഥാനവുമുണ്ട്. അതുവഴിയുള്ള പ്രതികരണങ്ങള്‍ക്കു നിയമപരമായി യുഎസ് നടപടികളിലേക്കു കടക്കുകയും പതിവില്ലത്രെ. രാജ്യസുരക്ഷ, മയക്കുമരുന്നു വ്യാപാരം, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ മാത്രമാണു സാമൂഹികമാധ്യമങ്ങളില്‍ യുഎസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളൂ.

കേരളത്തിലെ ഭൂരിഭാഗം പരാതികളും സ്ത്രീത്വത്തെ അപമാനിക്കല്‍ എന്ന വിഭാഗത്തിലാണ്. കേസെടുത്താലും വിവരങ്ങളെല്ലാം എഴുതി വരുമ്പോള്‍ പരാതിയുടെ ഗൗരവം നോക്കിയാണു ഫെയ്‌സ്ബുക് പ്രതികരിക്കുക. അപമാനിച്ച് പോസ്റ്റിടുന്നയാളുടെ ഐപി വിലാസവും ഐഡിയും പോസ്റ്റിട്ട കംപ്യൂട്ടറും മറ്റും കണ്ടെത്തണമെങ്കില്‍ ഫെയ്‌സ്ബുക്കിന്റെ സഹായം വേണം. സഹായിച്ചാല്‍ തന്നെ പ്രതി ‘വ്യാജ പ്രൊഫൈല്‍ ‘ ആകുന്നതോടെ അന്വേഷണം വഴിമുട്ടും. ആരുടെയെങ്കിലും ഫോട്ടോ ഉപയോഗിച്ച് പ്രൊഫൈല്‍ ഉണ്ടാക്കി അതിലൂടെയാണ് ഈ അപമാനിക്കലിനു തുനിയുന്നതെന്നതിനാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കു ഫെയ്‌സ്ബുക് താല്‍പര്യത്തോടെ പ്രതികരിക്കാറില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇന്ത്യയ്ക്കു പുറത്തുനിന്നാണു പോസ്റ്റിട്ടതെങ്കില്‍ ഫെയ്‌സ്ബുക് കയ്യൊഴിയുകയാണു പതിവ്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് മലയാളി തന്നെ കേരളത്തിലെ മലയാളിയെ അപമാനിക്കല്‍ നടത്തിയാലും ആ രാജ്യങ്ങളുമായി നിയമപരമായ സൗഹൃദമില്ലെന്ന മട്ടില്‍ ഫെയ്‌സ്ബുക് കയ്യൊഴിയും. ഇന്ത്യയ്ക്ക് ആ രാജ്യവുമായി സഹകരണമുണ്ടെങ്കില്‍ അതിന്റെ രേഖകള്‍ ആ രാജ്യവുമായി കൈമാറിയാല്‍ മാത്രമേ ഫെയ്‌സ്ബുക് എന്തെങ്കിലും നടപടിക്ക് തുനിയൂ.

ആ രാജ്യത്തില്‍നിന്നും പ്രതിയുടെ ഐപി വിലാസം കണ്ടെത്തുന്നതു തടസമാണെന്ന വാദമാണു മറുപടിയില്‍ ഫെയ്‌സ്ബുക് വ്യക്തമാക്കുക. മിക്കവാറും ഇത്തരം പരാതികള്‍ ഈ നടപടിക്രമങ്ങളില്‍പെട്ടുപോകുകയാണു ചെയ്യുന്നതെന്നും ഹൈടെക് സെല്‍ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ പറയുന്നു. അപമാനിക്കപ്പെട്ട സ്ത്രീ ആത്മഹത്യയുടെ വക്കിലാണെന്നൊക്കെ ചേര്‍ത്ത് എഴുതിയറിക്കുമ്പോഴാണു ഫെയ്‌സ്ബുക് അല്‍പമെങ്കിലും കനിയുക.

ട്രോളുകളിലും വലിയ നിയമനടപടിക്കു ഹൈടെക് സെല്‍ ബുദ്ധിമുട്ടുകയാണ്. സിനിമാരംഗവും ഡയലോഗും പ്രയോഗിച്ചുള്ള ട്രോളുകള്‍ക്ക് നേരിട്ട് അപമാനിക്കല്‍ പറഞ്ഞു കേസെടുക്കാനും പറ്റുന്നില്ല. അഥവാ കേസ് തട്ടിക്കൂട്ടിയാലും കേസ് കോടതിയില്‍ നില്‍ക്കുകയുമില്ല. ഇത്തരത്തില്‍ അപമാനിക്കല്‍ പരാതികളില്‍ വ്യാജ പ്രൊഫൈല്‍ അല്ലെങ്കില്‍ കേസെടുത്തു ചോദ്യം ചെയ്യാമെങ്കിലും ശിക്ഷാ നടപടികളിലേക്കു പോകുക അത്ര എളുപ്പമല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

മുന്‍പ് ഫോണ്‍നമ്പര്‍ തെളിയാതെ ഇന്റര്‍നെറ്റ് കോളില്‍ നിന്നുള്ള ശല്യമുണ്ടായപ്പോള്‍ ഉറവിടം കണ്ടെത്താനാകാതെ അന്വേഷണം വഴിമുട്ടിയിരുന്നു. ഇന്റര്‍നെറ്റില്‍ വ്യാജ ഐപി വിലാസം ഉപയോഗിച്ചു ഫെയ്‌സ്ബുക്കിലൂടെയും മറ്റും സൈബര്‍ ആക്രമണം നടത്തുന്ന ഐപി സ്പൂഫീങ് രീതിയാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്നും ഹൈടെക് സെല്‍ വ്യക്തമാക്കുന്നു.

Top