വില 200 കടന്നതോടെ വ്യാജ വെളിച്ചെണ്ണയുടെ കുത്തൊഴുക്കെന്ന് റിപ്പോര്‍ട്ട്; സാധാരണ പരിശോധനയില്‍ തിരിച്ചറിയാനാകില്ല

കോട്ടയം: കരുതിയിരിക്കുക നമ്മുടെ തീന്‍മേശയിലേയ്ക്ക് ഇതാ പുതിയൊരു വ്യാജനെത്തുന്നു. നിത്യോപയോഗ സാധനമായ വെളിച്ചെണ്ണയുടെ രൂപത്തിലാണ് പുതിയ വ്യാജന്റെ വരവ്. വെളിച്ചെണ്ണ വില 200 രൂപ കടന്നതോടെ കേരള വിപണിയിലേക്ക് തമിഴ്‌നാട്ടില്‍ നിന്ന് വ്യാജ വെളിച്ചെണ്ണയുടെ കുത്തൊഴുക്കാണെന്ന് റിപ്പാര്‍ട്ട്. ജി.എസ്.ടി നടപ്പായതോടെ ചെക്ക് പോസ്റ്റില്‍ കാര്യമായ പരിശോധനയില്ലാത്തതാണ് വ്യാജന്റെ വരവിന് വഴിയൊരുക്കിയത്. തമിഴ്‌നാട്ടിലെ കങ്കായത്ത് പത്തോളം വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളുണ്ട്. ഇവയ്‌ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ ഒരു നടപടിയും എടുക്കാറില്ല. ഇവിടങ്ങളില്‍ നിന്നുള്ള എണ്ണ പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റ് വഴിയാണ് എത്തുന്നത്.

വെളിച്ചെണ്ണയുടെ പകുതി വിലയ്ക്ക് കിട്ടുന്നതിനാല്‍ ഹോട്ടലുകളും തട്ടുകടകളും വ്യാജനാണ് കൂടുതലും ഉപയോഗിക്കുന്നത്. കേരളത്തില്‍ ഭക്ഷ്യവകുപ്പ് നിരോധിച്ച തമിഴ്‌നാട്ടില്‍ നിന്നുള്ള പാക്കറ്റ് എണ്ണയും പല തവണ ഉപയോഗിച്ച വെളിച്ചെണ്ണയും അതിര്‍ത്തി കടന്ന് വരുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. മായം കണ്ടതിനെ തുടര്‍ന്ന് പതിന്നാല് ബ്രാന്‍ഡുകളാണ് നിരോധിച്ചത്. അതെല്ലാം പുതിയ പേരില്‍ വീണ്ടും വിപണിയിലെത്തിയിട്ടും അധികൃതര്‍ അറിഞ്ഞ മട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാന്‍സറടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന പാരഫിന്‍ പോലുള്ള വസ്തുക്കളാണ് വ്യാജ വെളിച്ചെണ്ണയിലെ പ്രധാന ചേരുവ. നിറവും മണവുമില്ലാത്ത ദ്രവീകരിച്ച പാരഫിന്‍ പാമോയിലില്‍ ചേര്‍ത്ത് വ്യാജ വെളിച്ചെണ്ണ നിര്‍മ്മിക്കും. കരി ഓയില്‍ 260 ഡിഗ്രി ചൂടാക്കിയാല്‍ വെളിച്ചെണ്ണയുടെ നിറമാവും. അതില്‍ വാക്‌സ് ഓയിലും എസന്‍സും കലര്‍ത്തിയാല്‍ ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍ റെഡി.
വില കുറഞ്ഞ കെര്‍ണല്‍ ഓയില്‍ 30 ശതമാനത്തില്‍ താഴെ വെളിച്ചെണ്ണയില്‍ കലര്‍ത്തിയാല്‍ ലാബ് പരിശോധനയില്‍ പോലും കണ്ടെത്താനാവില്ല.
പാമോയിലിനും തവിടെണ്ണയ്ക്കും 70-80 രൂപയേ വിലയുള്ളൂ. തിരിച്ചറിയാനാവാത്ത വിധം ഇവ കലര്‍ത്തിയും വ്യാജനുണ്ടാക്കാം.

നിറത്തിലോ മണത്തിലോ വലിയ വ്യത്യാസമില്ലാത്തതിനാല്‍ സാധാരണ പരിശോധനയില്‍ വ്യാജനെ തിരിച്ചറിയാനാവില്ല. ലാബില്‍ തന്നെ 14 ഇനം പരിശോധന വേണം. കേരളത്തില്‍ എല്ലാ ലബോറട്ടറികളിലും ഇതിന് സംവിധാനമില്ലാത്തത് വ്യാജന് സൗകര്യമാവുന്നു.

മായം ചേര്‍ക്കലിനെതിരെ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം സിവിലായും ക്രിമിനലായും കേസെടുക്കാം. ആരോഗ്യത്തിന് ഹാനികരമാണെങ്കിലാണ് കേസ് ക്രിമിനലാവുന്നത്. സിവില്‍ കേസില്‍ പരമാവധി അഞ്ചു ലക്ഷമാണ് പിഴ. വ്യാജന്‍ വില്‍ക്കുന്നവരേ കേസില്‍ കുടുങ്ങൂ. നിര്‍മ്മാതാക്കള്‍ രക്ഷപ്പെടും. വിലകുറച്ച് കിട്ടും, വിലകൂട്ടി വില്‍ക്കാം എന്ന ലാഭക്കണ്ണോടെ വ്യാജനെ പ്രോത്സാഹിപ്പിക്കാതിരിക്കുക.

മായം കണ്ടെത്താനും മാര്‍ഗ്ഗമുണ്ട്. ഫ്രിഡ്ജില്‍ വയ്ക്കുക. കട്ടിയായി പ്രത്യേക പാളിയായി നിന്നാല്‍ മായമുണ്ട്. കൈയില്‍ പുരട്ടുമ്പോള്‍ മെഴുകു പോലെ തോന്നുണ്ടെങ്കില്‍ മായം. തിളപ്പിക്കുമ്പോള്‍ പതഞ്ഞുപൊങ്ങിയാല്‍ മായം. മായം ചേര്‍ത്ത വെളിച്ചെണ്ണ വേഗത്തില്‍ ഉരുകില്ല. ശുദ്ധമായ വെളിച്ചെണ്ണ കൂടുതല്‍ കാലം സൂക്ഷിക്കാന്‍ കഴിയില്ല, കനയ്ക്കും. പാരഫിന്‍ വെളിച്ചെണ്ണ ഏറെക്കാലം കേടാകാതെ ഇരിക്കും.

വില കൂടിയതോടെ വ്യാജ വെളിച്ചെണ്ണ വ്യാപകമായെന്ന പരാതിയുണ്ട്. ഇത് പരിശോധിക്കേണ്ടത് ആരോഗ്യവകുപ്പാണെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. ഭക്ഷ്യവകുപ്പിനും വേണമെങ്കില്‍ പരിശോധിക്കാം. സപ്ലൈകോ വാങ്ങുന്ന സാധനങ്ങളുടെ ഗുണപരിശോധന മാത്രം ഞങ്ങള്‍ നടത്തും. ഇതിന് കോന്നിയില്‍ ലബോറട്ടറിയുണ്ടെന്നും മന്ത്രി.

Top