കോഴിക്കോട്: നിപ വൈറസിനെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചരണം നടത്തിയ നാല് പേരെ കൂടി ഫറോഖ് പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നല്ലൂര്‍ സ്വദേശികളായ ബിവിജ്, നമേഷ്, വൈഷ്ണവ്, വില്‍ജിത്ത്, വിഷ്ണുദാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നിപ വൈറസിനെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അസംബന്ധമായ സന്ദേശങ്ങളെ അപലപിച്ചുകൊണ്ട് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരും ടെക്‌നോളജിസ്റ്റുകളും രംഗത്തെത്തിയിരുന്നു.
നിപ വൈറസിനെ സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ യഥാസമയം ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും എത്തിക്കേണ്ട ഉത്തരവാദിത്വമാണ് ഇന്റര്‍നെറ്റും മറ്റു സോഷ്യല്‍ മീഡിയ ചാനലുകളും ചെയ്യേണ്ടതെന്ന് ഇന്റര്‍നെറ്റ് സൊസൈറ്റി തിരുവനന്തപുരം ചാപ്റ്റര്‍ മുന്‍ ചെയര്‍മാന്‍ സതീഷ് ബാബു അഭിപ്രായപ്പെട്ടു.
തുടക്കത്തില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടായിരുന്നെങ്കിലും വിവിധ സാങ്കേതിക വിദ്യകളുടെ ഏകോപനത്തിലൂടെ നിപ വൈറസിനെപ്പറ്റിയുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചതായി ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളോജിയയുടെ മൈക്രോ ബയോളജി വിഭാഗം മേധാവിയായ ഡോ: കവിത രാജു അറിയിച്ചു. എന്നാല്‍ യൂട്യൂബിലൂടെയും, വാട്‌സ് ആപ്പിലൂടെയും യാഥാര്‍ഥ്യവുമായി യാതൊരു ബദ്ധവുമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ജനങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ഇത്തരം പ്രചരണങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നും ആവശ്യം ഉയര്‍ന്നു.