തൃശൂർ: പ്രധാനമന്ത്രിയുടെ നോട്ടുനിരോധനത്തിന് പിന്നാലെ കള്ളനോട്ടുകളുമായി അറസ്‌റ്റിലായ ബി.ജെ.പി നേതാവ് വീണ്ടും ലക്ഷങ്ങളുടെ കള്ളനോട്ടുമായി കൊടുവളളി പൊലീസിന്റെ പിടിയിലായി. കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശി ഏരാശേരി രാകേഷാണ് അറസ്‌റ്റിലായത്. കൂട്ടാളിയായ മലപ്പുറം സ്വദേശി സുനീർ അലിയും ഇയാൾക്കൊപ്പം പിടിയിലായിട്ടുണ്ട്. കോഴിക്കോട് ഓമശേരിയിൽ വച്ചാണ് ഇവർ പിടിയിലായത്.
യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റ് എരാശേരി രാജേഷ് 2017 ജൂണ്‍ മാസത്തില്‍ 1.37 ലക്ഷം രൂപയുടെ കള്ളനോട്ടും കള്ളനോട്ട് അടിക്കുന്ന യന്ത്രവുമായി അറസ്റ്റിലായിരുന്നു. അന്ന് തൃശൂര്‍ ജില്ലയില്‍ വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ കുബേര റെയ്ഡിലാണ് കള്ളനോട്ട് കണ്ടെടുത്തത്. രാകേഷ് പലിശ ഇടപാട് നടത്തുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നായിരുന്നു എസ്‌ഐ മനു വി. നായരുടെ നേതൃത്വത്തില്‍ റെയ്ഡ്.
ഇരുനില വീടിന്റെ മുകളിലെ നിലയിലെ മുറിയിലായിരുന്നു ലാപ്‌ടോപ്പും സ്‌കാനറും ആധുനിക രീതിയിലുള്ള കളര്‍ പ്രിന്ററും സജ്ജീകരിച്ചിരുന്നത്. കള്ളനോട്ടുകള്‍ എ ഫോര്‍ പേപ്പറില്‍ പ്രിന്റ് ചെയ്ത നിലയിലായിരുന്നു അന്ന് പിടിച്ചെടുത്തത്. പിടിച്ചെടുത്തവയില്‍ 1,37,590 രൂപയുടെ വ്യാജ നോട്ടുകളുണ്ട്. 2000 രൂപയുടെ 64 എണ്ണം, 500 രൂപയുടെ 13, 50 രൂപയുടെ അഞ്ച്, 20 രൂപയുടെ പത്ത് എന്നിങ്ങനെയാണു അന്ന് പിടിച്ചെടുത്ത നോട്ടുകളുടെ എണ്ണം.
തൃശ്ശൂർ ജില്ലയിലെ മതിലകം ശ്രീനാരായണപുരത്ത് സാധാരണ കർഷകന്റെ രണ്ട് ആൺമക്കളിൽ മൂത്തവനാണ് രാഗേഷ് (33). അച്ഛനും അമ്മയ്ക്കും അനുജനോടുമൊപ്പം കുടുംബ വീട്ടിൽ തന്നെയാണ് താമസം. ക്മ്പ്യൂട്ടർ വിദഗ്ദ്ധനും ഇക്കണോമിക്‌സ് ബിരുദധാരിയുമായ രാഗേഷ് നാല് വർഷത്തോളം വിദേശത്ത് സ്വകാര്യ കമ്ബനിയിൽ ജോലി ചെയ്തിരുന്നു. പി.ജി.ഡി.സി.എ. ത്രീഡി എസ് മാക്‌സ്, വെബ് ഡിസൈനിംഗ്, ഡി.ടി.പി തുടങ്ങിയ ഡിപ്ലോമ കോഴ്‌സുകളും നേടിയിരുന്നു. മൂന്ന് വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തി. അഞ്ച് മാസത്തോളം കോഴിക്കോട് ബജാജ് ഫിൻ കോർപ്പിൽ ജോലി ചെയ്തിരുന്നു. കള്ളനോട്ട് കേസിൽ പിടിയിലായതിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയ രാഗേഷിനെക്കുറിച്ച് വലിയ വിവരമൊന്നും ഇല്ലായിരുന്നു. എന്നാൽ ഇയാളുടെ നീക്കങ്ങൾ പൊലീസ് രഹസ്യമായി നീരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് കള്ളനോട്ടുമായി കൂട്ടാളിക്കൊപ്പം പിടിയിലാകുന്നത്.