പാര്‍ക്കില്‍ കാമുകനൊപ്പം ഇരിക്കുന്ന പെണ്‍കുട്ടികളെ കണ്ടാല്‍ പൊലീസ് ചമഞ്ഞെത്തി ഭീഷണിപ്പെടുത്തും; പൊലീസ് സ്റ്റേഷനിലേക്കെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ കൊണ്ടുപോയി ബലാത്സംഗം ചെയ്യും; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ പൊലീസ് ചമഞ്ഞ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തിരുന്നയാള്‍ പിടിയില്‍. ലുധിയാനയിലെ മനക്‌വാള്‍ സ്വദേശി ബല്‍വീന്ദര്‍ സിംഗ്(23) ആണ് അറസ്റ്റിലായത്. രാഖ് ബാഗിലെ പാര്‍ക്കില്‍ നിന്നാണ് ഇയാള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാറുണ്ടായിരുന്നത്. പാര്‍ക്കില്‍ കാമുകന്‍മാര്‍ക്കൊപ്പം ഇരിക്കുന്ന പെണ്‍കുട്ടികളായിരുന്നു ഇയാളുടെ ഇരകള്‍. പാര്‍ക്കില്‍ പുരുഷന്‍മാരുമൊന്നിച്ച് ഇരുന്നാല്‍ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ബല്‍വീന്ദര്‍ പെണ്‍കുട്ടികളോട് തനിക്കൊപ്പം സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയായിരുന്നു ഇയാളുടെ രീതി. രണ്ട് പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറായതോടെയാണ് സംഭവം പുറത്തറിയുന്നത്. വെള്ളിയാഴ്ച രാഖ്ബാഗില്‍ നിന്ന് കാമുകനൊപ്പം ഇരിക്കുകയായിരുന്ന 25കാരിയെ ബല്‍വീന്ദര്‍ പൊലീസ് സ്റ്റേഷനിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോവുകയായിരുന്നു.തന്റെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിലാണ് യുവതിയെ കൊണ്ടുപോയത്. പോകുന്നതിന് മുമ്പ് കാമുകനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ജാസ്സല്‍ എന്ന ഗ്രാമത്തിലെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് ബലാത്സംഗം ചെയ്തു. തുടര്‍ന്ന് സിദ്വാന്‍ കനാലിലെ ഗില്‍ ബ്രിഡ്ജില്‍ പെണ്‍കുട്ടിയെ ഇറക്കിവിട്ടു. ബലാത്സംഗ വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ശനിയാഴ്ച പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. ബൈക്കിന്റെ നമ്പര്‍ പെണ്‍കുട്ടി ഓര്‍ത്തുവെച്ചത് പ്രതിയെ പിടികൂടാന്‍ സഹായകരമായി. കൂടാതെ പ്രതി കൈയില്‍ പച്ചക്കുത്തിയിരുന്നുവെന്ന വിവരവും പെണ്‍കുട്ടി പൊലീസിന് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നഗരത്തിലെ പല ഭാഗത്ത് സ്ഥാപിച്ചിരുന്ന സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞത്. വിവാഹിതനായ ബല്‍വീന്ദര്‍ സിംഗിന് 7 മാസം പ്രായമുള്ള ഒരു മകളുമുണ്ട്.

Top