വ്യാജ വാഹന രജിസ്‌ട്രേഷന്‍ നടത്തി നികുതിവെട്ടിപ്പില്‍ കുടുങ്ങിയ താരങ്ങളായ അമലപോള്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കെതിരെ പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസ് ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് പരാതി നല്‍കി. പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിക്കാന്‍ ശ്രമിച്ചതിനെതിരെയാണ് പരാതി നല്‍കിയത്. ഇരുവരുടേയും കേസ് നികുതിവെട്ടിപ്പ് മാത്രമായി കാണരുതെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം പത്ത് വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും പരാതിയില്‍ പറയുന്നു.
രാജ്യദ്രോഹം,ആള്‍മാറാട്ടം, വ്യാജരേഖ നിര്‍മാണം, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരം ഇവരെ അറസ്റ്റ് ചെയ്യണമെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ ഡിജിപി ഉത്തരവിട്ടു. രണ്ട് പരാതികള്‍ പ്രത്യേകം പ്രത്യേകമായാണ് നല്‍കിയത്. അമലപോള്‍ ഉപയോഗിക്കുന്ന ഒരു കോടി നാല്‍പ്പത് ലക്ഷം വിലയുള്ള എസ് ക്ലാസ് ബെന്‍സ് കാര്‍ പോണ്ടിച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോണ്ടിച്ചേരിയിലെ സെന്റ് തെരാസിസ് കോളനിയിലെ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുടെ പേരിലാണ് വാഹന രജിസ്ട്രേഷന്‍. എന്നാല്‍ ഈ വിദ്യാര്‍ത്ഥിനിക്ക് അമലാ പോളിനെ സിനിമയില്‍ കണ്ടിട്ടുള്ളതല്ലാതെ ഒരു പരിചയവുമില്ല.
ഈ ആഗസ്റ്റ് നാലിനാണ് ചെന്നയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമല പോള്‍ കോടികള്‍ വിലയുള്ള കാര്‍ വാങ്ങിയത്.അതിന് ശേഷം ആഗസ്റ്റ് 9 -ന് രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ നേരായ മാര്‍ഗത്തിലൂടെ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് 20 ലക്ഷം രൂപ നികുതിയിനത്തില്‍ കിട്ടുമായിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നര ലക്ഷം രൂപ മാത്രം നികുതിയടച്ചാണ് വ്യാജരേഖകളിലൂടെയും, ആള്‍മാറാട്ടം നടത്തിയും വാഹനം സ്വന്തമാക്കിയത്. എന്നാല്‍ വാഹനം സ്ഥിരമായി ഓടിക്കുന്നത് കൊച്ചിയിലാണ്. അമല പോള്‍ ചെയ്തിരിക്കുന്നത് കേവലം നികുതി വെട്ടിപ്പ് മാത്രമല്ല. ജാമ്യമില്ലാ വകുപ്പ് പ്രകാരം പത്ത് വര്‍ഷം വരെ കടുത്ത ശിക്ഷയും, കഠിന തടവും ലഭിക്കാവുന്ന കുറ്റങ്ങളാണ്.
ഇതുപോലെ തന്നെ സംവിധായകന്‍ ഫാസിലിന്റെ മകനും, നടനുമായ ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന 80 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാറും രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നതും വ്യാജരേഖകള്‍ നല്‍കിയും, ആള്‍മാറാട്ടം നടത്തിയുമാണ്. ഈ രഹസ്യവും കഴിഞ്ഞ ദിവസം പുറത്തായി. ഫഹദ് ഫാസില്‍ ഇതിലൂടെ നടത്തിയത് 16 ലക്ഷത്തിന്റെ നികുതി വെട്ടിപ്പാണ്. എന്നാല്‍ ഇതും കേവലമൊരു നികുതി വെട്ടിപ്പല്ല. അമല പോള്‍ ചെയ്തിരിക്കുന്നതായ എല്ലാ കുറ്റങ്ങളും ഫഹദും ചെയ്തിട്ടുണ്ട്. പോണ്ടിച്ചേരിയിലെ ലോസ്പേട്ടിലുള്ള ഫഹദിന്റെയൊരു സുഹൃത്തിന്റെ വീട്ടിന്റെ മുകളിലത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന വ്യക്തിയുടെ പേരിലാണ് ഫഹദ് ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഫഹദ് ഫാസില്‍ എന്ന പേര് പോലും അയാള്‍ ഇതുവരെ കേട്ടിട്ടില്ല എന്നത് മറ്റൊരു കാര്യം.
ഇവര്‍ രണ്ട് പ്രശസ്തര്‍ക്കുമെതിരെ തന്റെ മൊഴി രേഖപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും, ഇവര്‍ രണ്ട് പേരും ഉപയോഗിക്കുന്ന വാഹനങ്ങള്‍, ഫ്ലാറ്റുകള്‍, ബിസിനസ്സ് സ്ഥാപനങ്ങള്‍, സ്ഥാപകജംഗമ വസ്തുക്കല്‍ എന്നിവയും വ്യക്തമായ പരിശോധനകള്‍ക്ക് വിധേയമാക്കണെമെന്നുംപായ്ച്ചിറ നവാസ് നല്‍കിയ പരാതിയില്‍ പറയുന്നു.