കൃഷി ചെയ്യാന്‍ ചെലവായത് രണ്ട് ലക്ഷം, കിട്ടിയത് 65,000; ഒരു കിലോ വഴുതനയ്ക്ക് 20 പൈസ, രണ്ടേമുക്കാല്‍ ഏക്കര്‍ പാടത്തെ കൃഷി നശിപ്പിച്ച് കര്‍ഷകന്റെ പ്രതിഷേധം

മുംബൈ: മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ കര്‍ഷകര്‍ക്ക് കഷ്ടകാലമാണ്. നിരവധി കര്‍ഷക ആത്മഹത്യകളും പ്രക്ഷോഭങ്ങളും നടക്കുകയാണ് രാജ്യത്ത്. ഇപ്പോഴിതാ മതിയായ വില ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് രണ്ടേമുക്കാല്‍ ഏക്കറിലെ കൃഷ് നശിപ്പിച്ചിരിക്കുകയാണ് കര്‍ഷകന്‍. അഹമ്മദ് നഗര്‍ ജില്ലയിലെ സാകുരി ഗ്രാമത്തിലെ രാജേന്ദ്ര ബാവക്കെ എന്ന കര്‍ഷകനാണ് പാടത്തെ വഴുതനങ്ങ കൃഷി മുഴുവനായും നശിപ്പിച്ചത്. കൃഷി ചെയ്യാനായി ബാവക്കെയ്ക്ക് ചെലവായത് രണ്ട് ലക്ഷം രൂപയാണ്. എന്നാല്‍ വിളവെടുപ്പ് കഴിഞ്ഞ്
ലഭിച്ചതാകട്ടെ 65000 രൂപയും. ഇതില്‍ മനംനൊന്ത് പാടത്തെ മുഴുവന്‍ വഴുതനങ്ങ ചെടിയും പറിച്ചെടുത്ത് നശിപ്പിക്കുകയായിരുന്നു.

നാസിക്കിലേയും സൂറത്തിലേയും മൊത്തവ്യാപാരകേന്ദ്രത്തിലാണ് വഴുതന വില്‍ക്കാന്‍ പോയിരുന്നത്. എന്നാല്‍ കിലോയ്ക്ക് 20 പൈസ നിരക്കില്‍ മാത്രമാണ് അവിടെനിന്നും വഴുതനങ്ങ വിറ്റുപോയത്. കൃഷിക്കാവശ്യമായ വെള്ളത്തിനായി വലിയ തുക മുടക്കി പൈപ്പ് സ്ഥാപിച്ചിരുന്നു. വിളവ് വര്‍ദ്ധിപ്പിക്കുന്നതിനായി വളങ്ങളും കീടനാശിനികളും ഉള്‍പ്പെടെ ആധുനിക കൃഷിരീതികള്‍ ഉപയോഗിച്ചിരുന്നു. രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് കൃഷിയിറക്കിയിട്ട് വെറും 65,000 രൂപയാണ് കിട്ടിയത്. വളവും കീടനാശിനികളും വാങ്ങിയ വകയില്‍ വിതരണക്കാരന് 35,000 രൂപ നല്‍കാനുണ്ട്. കടം വീട്ടാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് എനിക്കറിയില്ലെന്നും ബാവക്കെ പറഞ്ഞു. കഴിഞ്ഞ മൂന്ന നാല് മാസമായി വിളകള്‍ക്ക് ന്യായമായ വില ലഭിച്ചിട്ടില്ല, അതുകൊണ്ടുതന്നെ കൃഷിയില്‍നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top