യാതൊരു സുരക്ഷയുമില്ലാതെ തകര്‍ന്ന പാലത്തിലൂടെ മകനെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന പിതാവ്; വീഡിയോ വൈറലായി  

 

 

കോലാലംപൂര്‍: തകര്‍ന്ന പാലത്തിലൂടെ മകനെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന പിതാവിന്റെ വീഡിയോ വൈറലായി. കോലാലംപൂരിലെ ബുകിത് ബെന്‍തോംഗിലാണ് സംഭവം. കുട്ടിയുടെ അമ്മ സിതി സഹാറയാണ് സംഭവത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കിലിട്ടത്.  മകന്‍ ആദ്യമായി സ്‌കൂളിലേക്ക് പോവുകയായിരുന്നുവെന്ന് സിതി പോസ്റ്റില്‍ പറയുന്നു. ആദ്യമായി സ്‌കൂളില്‍ പോകുന്നതിന്റെ പരിഭ്രമമൊന്നും മകനില്ലായിരുന്നുവെങ്കിലും പാലത്തിലൂടെയുള്ള യാത്ര അവനെ വല്ലാതെ ബുദ്ധിമുട്ടിച്ചുവെന്നും സിതി കുറിച്ചു. 85 മീറ്റര്‍ നീളമുള്ള ഈ പാലം കഴിഞ്ഞ ഒരു വര്‍ഷമായി അപകടത്തില്‍ കിടക്കുകയാണ്. ഗ്രാമത്തിലെ റോഡ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നതോടെയാണ് മകനെ പാലത്തില്‍ കൂടി 40കാരനായ പിതാവ് സ്‌കൂളില്‍ കൊണ്ടുവിടുന്നത്. ആരും തങ്ങളെ സഹായിക്കാനില്ലെന്നും സിതി പറഞ്ഞു.  സിതി പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്തു. അതേസമയം സിതിയുടെ വീഡിയോ ശ്രദ്ധയില്‍ പെട്ട അധികൃതര്‍ ഇവിടെയെത്തുകയും പാലം എത്രയും പെട്ടെന്ന് പുതുക്കി പണിയാമെന്നുള്ള ഉറപ്പു നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

Top