കോട്ടയം:വീണ്ടും ഫാ .ഡൊമിനിക് വാളമനാൽ കത്തോലിക്കരെ അപഹസിക്കുന്നു .നിനക്ക് വേശ്യ എന്ന് പേരുകിട്ടും. നിങ്ങളെ വ്യഭിചാരി എന്നു വിളിക്കും.പ്രണയിക്കുന്നവരെ വ്യഭിചാരികളെന്ന് വിളിച്ചാക്ഷേപിച്ച് പ്രമുഖ ധ്യാനഗുരുവായ പുരോഹിതൻ വീണ്ടും തൻറെ ഭ്രാന്തമായ ജല്പനങ്ങളുമായി കത്തോലിക്കരെ അപമാനിക്കുന്നു .സ്ത്രീകളെ അപമാനിക്കുന്നു . പ്രണയിക്കുന്നവരെയും പ്രണയ വിവാഹിതരേയും അപമാനിക്കുന്ന വിധത്തിലാണ് വിവാദ പ്രഭാഷണവുമായി കത്തോലിക്കാ സഭയിലെ ഒരു പ്രമുഖ ധ്യാനഗുരുവെന്ന് കത്തോലിക്കാ സമൂഹം പറയുന്ന ഒരു വൈദികൻ. പ്രണയിക്കുന്നവരും പ്രണയിച്ച് വിവാഹം കഴിക്കുന്നവരും പോകുന്നത് നാശത്തിലേക്കാണെന്നാണ് ഈ പുരോഹിതന് പഠിപ്പിക്കുന്നത്. അദ്ദേഹം നടത്തിയ ഒരു ധ്യാനപ്രസംഗത്തിലെ പ്രസ്കത ഭാഗങ്ങള്‍ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. പെണ്‍കുട്ടികളെയാണ് ഇദ്ദേഹം പ്രധാനമായും കടന്നാക്രമിച്ചിരിക്കുന്നത്.ഇതേ വൈദികൻ മറ്റൊരു ധ്യാന പ്രസംഗത്തിൽ പറയുന്നു..മദ്യപിക്കുന്നവന്റെ കുട്ടികളാണ് മന്ദബുദ്ധികൾ. കണ്ടില്ലേ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേർ. ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും മന്ദബുദ്ധികൾ ആയി ജനിക്കും.പണം ധാരാളം ഉള്ളവക്കും ഈ കുട്ടികൾ ഭാരമാണ്. ദൈവ ശാപമാണ്. സ്വയം ഭോഗം, പാൻ പരാഗ്, മദ്യപാനം തുടങ്ങിയവ ജീവിത ശീലമാക്കിയ യുവാക്കൾ നാളെ വിവാഹം ചെയ്ത് കുഞ്ഞുണ്ടാകുമ്പോൾ അവരുടെ കുട്ടികളാണ് മന്ദബുദ്ധികൾ ആകുന്നത്. ഇങ്ങിനെയുള്ള യുവാക്കൾക്കും യുവതികൾക്കും മൃഗ ജീവിതമാണ്. അവർ ബന്ധപ്പെടുന്നത് മൃഗങ്ങളേ പോലെയാണ്. അവർക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളും മൃഗങ്ങളേ പോലെയിരിക്കും. അവരാണ് മന്ദബുദ്ധി കുഞ്ഞുങ്ങൾ.
ധ്യാന പ്രഭാഷണത്തില്‍ ഈ വൈദികന് പറയുന്നത് ഇപ്രകാരമാണ്. ”പ്രേമിച്ചു നടക്കുന്ന കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ പറയാം. നിങ്ങള്‍ നാശത്തിന്റെ കുഴിയിലേക്കാണ് പോകുന്നത്. ഈ പ്രേമിക്കുന്ന ചെറുക്കനെ ഓര്‍ത്ത് ഇപ്പോള്‍ അഭിമാനമായിരിക്കും. ഇപ്പോള്‍ തെളപ്പുള്ള പ്രായമാ…. ഈ തെളപ്പ് കുറച്ചുകഴിയുമ്പോള്‍ പോകും. അപ്പോള്‍ നിന്റെ ജീവിതം തകര്‍ന്ന് തരിപ്പണമാകും. അപ്പോള്‍ നിങ്ങള്‍ ആര്‍ക്കും വേണ്ടാത്തവരാകും. ആരും നിന്നെ സ്നേഹിക്കാന്‍ കാണില്ല. നിനക്ക് വേശ്യ എന്ന് പേരുകിട്ടും. നിങ്ങളെ വ്യഭിചാരി എന്നു വിളിക്കും. അപ്പന്റെയും അമ്മയുടെയും സഭയുടെയും വൈദികരുടേയും എല്ലാവരുടേയും കണ്ണീരു കുടിപ്പിച്ച് നീ നേടിയെടുക്കുന്ന ജീവിതമുണ്ടല്ലോ അത് പൊട്ടിത്തകരും. കാരണം അത് കാമമാണ്, വൈകാരികമാണ്. അതില്‍ ഒത്തിരി കുഞ്ഞുങ്ങള്‍, യുവതികള്‍ ആ കെണിയില്‍ വീണുപോകുന്നുണ്ട്. സൂക്ഷിക്കുക, അനര്‍ത്ഥങ്ങള്‍ നിങ്ങളുടെ മുന്നിലുണ്ട്. മാനസാന്തരപ്പെടാന്‍ ദൈവം തരുന്ന അവസരം ഓര്‍ത്ത് പ്രാര്‍ത്ഥിക്കുക… എന്ന് തുടങ്ങി ശാപവചനങ്ങള്‍ നിറഞ്ഞ ഭയപ്പെടുത്തുന്ന പ്രഭാഷണമാണ് ഈ വൈദികന് നടത്തുന്നത്.
പ്രേമിച്ച് വിവാഹം കഴിച്ചവരുടെ കുടുംബത്തില്‍ മുഴുവന്‍ കഷ്ടപ്പാടും ബുദ്ധിമുട്ടും ആയിരിക്കുമെന്നും ഭര്‍ത്താവ് കുറച്ചുകഴിയുമ്പോള്‍ ഇട്ടേച്ചുപോകുമെന്നും കൂട്ടുകാര്‍ക്ക് പങ്കുവയ്ക്കാന്‍ നിന്നെ ഇട്ടുകൊടുക്കുമെന്നുമൊക്കെയാണ ഈ വൈദികന് പറഞ്ഞുവയ്ക്കുന്നത്. പ്രണയിക്കുന്നവര്‍ക്ക് വികാരമാണെന്നും അതിനെ നിയന്ത്രിച്ചില്ലെങ്കില്‍ ജീവിതം നശിച്ചുപോകുമെന്നും ബൈബിളിനെ കൂട്ടുപിടിച്ച് ഈ വൈദികന് പറയുന്നു. വികാരം കൊണ്ട് ജ്വലിക്കുന്ന ഹൃദയം ആളിക്കത്തുന്ന തീപോലെയാണെന്നും പറയുന്നു. വൈദികന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം നിറഞ്ഞ നൂറുകണക്കിന് കമന്റുകളും നവമാധ്യമങ്ങളില്‍ വരുന്നുണ്ട്.
ഈ പ്രഭാഷണത്തിനെതിരെ കപ്പൂച്ചിന്‍ സഭയിലെ ദൈവശാസ്ത്ര അധ്യാപകന് കൂടിയായ ഫാ. ജിജോ കുര്യന് നടത്തിയ പരാമര്‍ശമാണ് ഇതില്‍ ഏറെ ശ്രദ്ധേയം. ‘എക്ലീസിയാസ്റ്റിക്കല്‍ സെന്‍സര്‍’ എന്നു പറയുന്ന ഒരു സഭാ അച്ചടക്ക നടപടിയുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം അത്യപൂര്‍വ്വമായി മാത്രം പ്രയോഗിച്ച ഒന്ന്. കേരളത്തിലെ പല ‘പ്രമുഖ’ കത്തോലിക്കാ ‘ധ്യാനഗുരുക്കന്മാരിലും’ അധികാരത്തിലിരിക്കുന്നവര്‍ക്ക് പ്രയോഗിക്കാന്‍ കഴീയുന്നതാണ്. അവരെ നന്നാക്കാനല്ല. സമൂഹത്തെ വഴിതെറ്റിക്കാതിരിക്കാന്‍. എന്നാണ് ഫാ.ജിജോ കുര്യന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. വലന്റൈന്‍ ഒരു പുരോഹിതനായിരുന്നു എന്ന് ഓര്‍ക്കണമെന്നും ഫാ. ജിജോ കുര്യന് ഈ ധ്യാനഗുരുവിന് മറുപടി നല്‍കുന്നുണ്ട്.
സമനില തെറ്റിയ വൈദീകൻ ഡൊമിനിക് വാളമ്നാലിനെ നിലക്ക് നിർത്തണം .
കുറച്ചുകാലമായി സഭയില്‍ ഏറെ ‘തിളങ്ങി’ നില്ക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ഒരുകൂട്ടം ആൾക്കാരുടെ ധ്യാനഗുരുവാണ് ഇദ്ദേഹം. ഈ ധ്യാന ഗുരുവായ ഡൊമിനിക് വാളാമ്നാൽ മുന്‍പും വിവാദമായ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഹൈപ്പര്‍ ആക്ടീവ്, ഓട്ടിസം തുടങ്ങിയ അവസ്ഥയിലുള്ള കുട്ടികളുള്ള കുടുംബത്തേയും മാതാപിതാക്കളെയും അപമാനിക്കുന്ന വിധത്തില്‍ നടത്തിയ പ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. യുവാക്കള്‍ക്കും യുവതികള്‍ക്കും അഭിഷേകം പോകുമ്പോള്‍ മൃഗങ്ങളെ പോലെ ബന്ധപ്പെടും. അപ്പോള്‍ ജനിക്കുന്ന കുട്ടികളും മൃഗങ്ങളെ പോലെ ആയിരിക്കും. മൃഗങ്ങള്‍ക്ക് മനുഷ്യരെ പോലെ ആകാന്‍ പറ്റില്ലല്ലോ എന്നായിരുന്നു വൈദികന്റെ പ്രഭാഷണം. ധ്യാനഗുരുക്കള്‍ പോപ്പുലര്‍ ആകുന്നതാണ് ഇത്തരം പ്രഭാഷണങ്ങള്‍ക്ക് പിന്നിലുള്ള പ്രധാനകാരണമെന്ന് ഫാ. ജിജോ കുര്യന് ‘മംഗളം ഓണ്‍ലൈനോട്’ പ്രതികരിച്ചു. പോപ്പുലറാകുമ്പോള്‍ സ്വാഭാവികമായും മനുഷ്യര്‍ ഇവരെ കൊണ്ടുനടക്കുന്നു. മനുഷ്യന്റെ വൈകാരിക തലത്തെയാണ് ഇവര്‍ ഉപയോഗിക്കുന്നത്. മനുഷ്യന് സ്ട്രെസ് അനുഭവിക്കുന്ന കാലത്ത് അവര്‍ നേരിടുന്നത് പ്രശ്നങ്ങളാണ്. മനുഷ്യന് വിദ്യാഭ്യാസം കിട്ടി എന്നതുകൊണ്ട് കാര്യമില്ല. വിദ്യാഭ്യാസവും വൈകാരിക തലവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല. മനുഷ്യന്റെ വൈകാരിക പ്രശ്നങ്ങളാണ് അവനെ അലട്ടുന്നത്. അതാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇതൊന്നും ശരിയായ വഴിയിലല്ല നയിക്കുന്നത് എന്നതാണ് കാര്യം.
ഫാ. ജിജോ കുര്യന്
ഇന്നത്തെ കാലത്ത് ഇന്‍ഫര്‍മേഷന്‍ കൂടി. അതിനനുസരിച്ച് നമ്മള് ബൗദ്ധികമായി വളര്‍ന്നു എന്നു പറയാനാവില്ല. ലോകം സ്ട്രെസ് നിറഞ്ഞതായി മാറി. എല്ലാവര്ക്കും റെഡിമെയ്ഡ് ആന്‍സേഴ്സ് ആണ് വേണ്ടത്. അത്തരം റെഡിമെയ്ഡ് ആന്‍സേഴ്സ് കൊടുക്കുന്നത് ഇവരാണ്. ഏറ്റവും കൂടുതല്‍ ആധുനികവത്കരണം നടന്ന അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ യഥാസ്ഥിതിവാദവും നടക്കുന്നത്. അതിന്റെ ഭാഗമാണ് ഇവിടെയും നടക്കുന്നത്. മതം കൂടുതല്‍ യഥാസ്ഥിതിമായി മാറുകയാണ്. അതിന്റെ ഫലമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് സഭ ഇതിനെ അംഗീകരിക്കുന്നു എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. മതത്തില്‍ ജനാധിപത്യവത്കരണം വരാത്തതിന്റെ പ്രശ്നമാണിത്. ജനാധിപത്യമാക്കി മാറ്റമെന്നു പറയുമ്പോഴും ജനം ചിന്തയല്ലാത്തവരാണ്. ജനം ഒരു വികാരം മാത്രമാണ്.
നമ്മുടെ മാറിയ ജീവിത സാഹചര്യം തന്നെയാണ് ശരിക്കും ഒരു വിഷയം. ഇത്തരം ധ്യാനങ്ങള്‍ എന്തുകൊണ്ട് ഉണ്ടായി? ധ്യാനഗുരുക്കള്‍ എങ്ങനെ വന്നു? ധ്യാനം കൂടുന്ന വലിയ ജനക്കൂട്ടം എങ്ങനെ ഇവിടെ ഉണ്ടായിവന്നു? അത് കൂടുതലും സംഭവിക്കുന്നത് നാല്പതു വയസ്സൊക്കെ പിന്നിട്ട സ്ത്രീകളുടെ ഇടയിലാണ്. നാല്പത് പിന്നിടുന്ന സ്ത്രീകള്‍ ഒരു വൈകാരിക പ്രതിസന്ധിയുടെ ഘട്ടത്തിലുടെയാണ് കടന്നുപോകുന്നത്. ആ സമയത്ത് കുടുംബങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളാണ് അവരെ വൈകാരികമായി ഇത്തരം ധ്യാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന് കാരണം. ‘എക്ലീസിയാസ്റ്റിക്കല്‍ സെന്‍സര്‍’ എന്നത് സഭയിലെ യഥാര്‍ത്ഥ പഠിപ്പിക്കലിന് അനുരൂപമല്ലാതെ പോകുന്നതിനെ പരിശോധിക്കുന്ന സംവിധാനമാണ്. അതാണ് ഇവിടുത്തെ സഭ നേതൃത്വം ചെയ്യേണ്ടത്. ഞാനല്ല, ശരിക്കും ഈ പ്രഭാഷണത്തില്‍ ഒരു പ്രതികരണം നടത്തേണ്ടിയിരുന്നത്. ഇവിടുത്തെ സഭാ നേതൃത്വമായിരുന്നു. നമ്മുടെ പഠനത്തിന് അനുരൂപമല്ല ഇത് എന്ന് പറയേണ്ട ചുമതല ഇവിടുത്തെ ബിഷപ്പുമാര്‍ക്കാണ്. എന്നിട്ടും വൈദികര്‍ അതിന് വഴങ്ങിയില്ലെങ്കില്‍ കൃത്യമായ നടപടി സ്വീകരിക്കേണ്ടതാണെന്നും തെള്ളകത്തെ കപ്പൂച്ചിന്‍ സെമിനാരിയില്‍ ദൈവശാസ്ത്ര അധ്യാപകനായ ഫാ.ജിജോ കുര്യന് പറയുന്നു.
മനുഷ്യന്റെ പ്രശ്നങ്ങള്‍ മനഃശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. കരിസ്മാറ്റിക് പ്രസ്ഥാനങ്ങളില്‍ ആരും തന്നെ മനഃശാസ്ത്രത്തെ കുറിച്ച് ആധികാരികമായി പഠിച്ചിട്ടില്ല. ഒരാളുടെ പ്രശ്നം കേള്‍ക്കുമ്പോള്‍ കോമണ്‍സെന്‍സ് വച്ചേ തന്നെപോലെയുളളവര്ക്ക് പ്രതികരിക്കാന്‍ പറ്റൂ. എന്നാല്‍ ആധികാരികമായി പറയണമെങ്കില്‍ മനഃശാസ്ത്രം പഠിച്ചവര്‍ക്കേ സാധിക്കൂ. കരിസ്മാറ്റിക് ധ്യാനങ്ങള്ക്കുള്ളില് നടക്കുന്ന രോഗശാന്തിയും ദര്‍ശനങ്ങളും മറ്റു കാര്യങ്ങളെല്ലാമുണ്ടാല്ലോ? ഇതിനെല്ലാം കൃത്യമായി പാരാസൈക്കോളജി കാര്യങ്ങളുണ്ടാകും. എന്നാല്‍ ആരും തന്നെ ഇതിനെ മനഃശസ്ത്രപരമായി പഠിച്ചിട്ടില്ല. അതൊരു വലിയ കുറവാണ്. അത് പരിഹരിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ ആധികാരികമായി പറയാന്‍ കഴിയൂ.</p>
1990 കളുടെ തുടക്കത്തിലാണ് കരിസ്മാറ്റിക് ധ്യാനങ്ങള്‍ വരുന്നത്. അന്നൊന്നും ഇതിനെ ആരും പ്രോത്സാഹിപ്പിച്ചിരുന്നില്ല. കുര്‍ബാനയും മറ്റ് കൂദാശകളും മതി മനുഷ്യന് എന്നതായിരുന്നു നിലപാട്. എന്നാല്‍ കുറച്ചുകാലമായി നമ്മുടെ ഇടവകകളുടെ നേതൃത്വത്തില്‍ കരിസ്മാറ്റിക ധ്യാനങ്ങള്‍ ശക്തിപ്രാപിക്കുന്നു. പല ധ്യാനങ്ങളിലും ഗുരുക്കന്മാര് പറഞ്ഞുകൂട്ടുന്നത് ബോധപൂര്‍വ്വമായിരിക്കില്ല. ആവേശം കൂടുമ്പോള്‍ ഇവരുടേതായ പല മാനസിക പ്രശ്നങ്ങളും കൂട്ടിക്കുഴച്ച് പറഞ്ഞുവിടുന്നതാണ്. ജനക്കൂട്ടത്തെ കാണുമ്പോള്‍ അവര്‍ക്ക് ആവേശം കൂടുന്നതാണെന്നും ഫാ.ജിജോ കുര്യന് പറഞ്ഞുനിര്‍ത്തുന്നു. ശാസ്ത്രത്തിനു നിരക്കാത്തതും വര്‍ഗീയ വിഷം ചീറ്റുന്നതുമായ ഇത്തരം പ്രഘോഷണങ്ങള്‍ക്ക് നിയന്ത്രണം വരേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരും സ്ത്രീ സ്വാതന്ത്ര്യവാദികളും ഇടപെടേണ്ടത് ഇവിടെയാണ്. ജനതയെ വൈകാരികമായി മുതലെടുക്കുന്നത് അവസാനിപ്പിക്കപ്പെടേണ്ടതുമാണ്.