ദില്ലി: താന്‍ ഭീകരരുടെ പിടിയിലാണെന്നും തന്നെ രക്ഷപ്പെടുത്തണമെന്നുമുള്ള ഫാ.ടോം ഉഴുന്നാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. മരിച്ചെന്ന് കരുതിയ ടോം ഉഴുന്നാലിന്റെ ഔദ്യോഗിക പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ഈ ഫേസ്ബുക്ക് പേജ് മറ്റൊരാളാണ് ഉപയോഗിക്കുന്നതെന്നുമുള്ള സംശയവുമുണ്ട്. എന്താണ് ഈ പോസ്റ്റ് കൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തവുമല്ല.
അതേസമയം, ടോമിന്റെ മോചനത്തിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. യെമനില്‍ ഭീകരന്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഭീകരര്‍ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഫാ. ഉഴന്നാലിലിന്റെ ചിത്രങ്ങള്‍ ഭീകരര്‍തന്നെ ഫേസ്ബുക്ക് വഴി പുറത്തുവിട്ടിട്ടുണ്ട്. ഫാ. ഉഴുന്നാലിലിനെ കണ്ണുമൂടി കെട്ടി ക്രൂരമായി മര്‍ദ്ദിക്കുന്ന ചിത്രങ്ങളാണ് അതിലുള്ളത്. നേരത്തെയും ഇത്തരം ചിത്രങ്ങള്‍ ഭീകരര്‍ പുറത്തുവിട്ടിരുന്നു. മാര്‍ച്ച് നാലിന് ഫാ. ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയിട്ടും മാസങ്ങളായി ഫാദറിന്റെ മോചനം സാധ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞിട്ടില്ല എന്നത് അത്യന്തം ദുഖകരമാണ്. ഇക്കാര്യത്തില്‍ കേരളത്തിലുള്ളവര്‍ക്ക് അതിയായ ഉത്കണ്ഠ ഉണ്ട്. അതിനാല്‍ ഈ വിഷയം അതീവ ഗൗരവത്തോടെ കണ്ട് നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവിശ്യപ്പെട്ടു.