നരേന്ദ്ര മോദി പറന്ന വകയില്‍ നല്‍കിയത് 378 കോടി;റാഫേല്‍ കരാറിനായി ഫ്രാന്‍സിലേക്ക് പോയ വകയില്‍ 31.26 കോടി

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ ബിജെപിയ്ക്ക് എന്നും തലവേദനയാണ്. പ്രതിപക്ഷം ഏറ്റവും കൂടുതല്‍ വിമര്‍ശനമുന്നയിക്കുന്നതും ഇക്കാര്യത്തിലാണ്. വിദേശയാത്രകളുടെ പേരില്‍ നിരന്തരമായി പ്രതിപക്ഷത്തിന്റെ വിമര്‍ശനം ഏറ്റുവാങ്ങുന്ന പ്രധാനമന്ത്രിയുടെ നാല് വര്‍ഷത്തെ യാത്രാചെലവ് പുറത്ത് വന്നു.

അധികാരത്തിലേറിയത് മുതല്‍ കഴിഞ്ഞവര്‍ഷം അവസാനം വരെ 378 കോടിയാണ് രാജ്യം പ്രധാനമന്ത്രിയുടെ വിദേശയാത്രയ്ക്കായി വിമാനക്കൂലി ഇനത്തില്‍ ചെലവാക്കിയത്. നാല്‍പ്പത്തിനാല് വിദേശയാത്രകളാണ് ഈ കാലയളവില്‍ പ്രധാനമന്ത്രി നടത്തിയത്. ഇതില്‍ രാജ്യത്ത് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്ന റാഫേല്‍ ഇടപാട് ഉറപ്പിക്കുന്നതിനായി ഫ്രാന്‍സിലേക്ക് യാത്ര ചെയ്തതിന് 31.26 കോടിയാണ് രാജ്യം ചെലവാക്കിയത്. ഈ യാത്രയില്‍ പ്രധാനമന്ത്രി ഫ്രാന്‍സിന് പുറമേ ജര്‍മ്മനി,കാനഡ തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ പുറത്ത് വന്ന തുകയില്‍ ഈ വര്‍ഷം നരേന്ദ്ര മോദിയുടെ വിദേശയാത്രാ ചെലവ് ഉള്‍പ്പെട്ടിട്ടില്ല. ഈ വര്‍ഷം ഏഴ് രാജ്യങ്ങള്‍ ഇത് വരെ മോദി സന്ദര്‍ശിച്ചിരുന്നു.

Top