തിരുവനന്തപുരം: കാണാതായ നിമിഷ ഫാത്തിമ അഫ്ഗാനിസ്ഥാനിലാണെന്ന് വിവരം. നിമിഷയ്ക്ക് പെണ്‍കുഞ്ഞ് ജനിച്ചുവെന്നുള്ള സന്ദേശം ഭര്‍ത്താവിന്റെ കുടുംബത്തിനു ലഭിച്ചു. +93 എന്നു തുടങ്ങുന്ന നമ്പറില്‍നിന്നാണ് സന്ദേശം ലഭിച്ചത്. ഈ കോഡ് അഫ്ഗാനിസ്ഥനിലേതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
തിരുവനന്തപുരം സ്വദേശിനി നിമിഷ കാണാതാകുമ്പോള്‍ ഗര്‍ഭിണിയായിരുന്നു. നിമിഷയ്ക്കൊപ്പം ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനായ യഹിയയെയും അദേഹത്തിന്റെ ഭാര്യയെയും കാണാതായിട്ടുണ്ട്. സംഘം ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിനൊപ്പം ചേര്‍ന്നെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന അനൗദ്യോഗിക വിവരങ്ങള്‍.
ഞായറാഴ്ച മൂന്നുമണിയോടെ നിമിഷയുടെ ഭര്‍ത്താവ് ബെക്സന്‍ വിന്‍സെന്റ് എന്ന ഈസയുടെ പാലക്കാട്ടുള്ള വീട്ടിലേക്കാണ് സന്ദേശമെത്തിയത്. അമ്മയുടെ മൊബൈല്‍ ഫോണിലേക്ക് ഈസയുടെ അനുജന്‍ യഹിയയുടെ പേരിലാണ് സന്ദേശം. കാസര്‍കോട് നിന്ന് കാണാതായവര്‍ക്കൊപ്പമാണ് ബിഡിഎസ് വിദ്യാര്‍ഥിനിയായിരുന്ന നിമിഷയും അപ്രത്യക്ഷയായത്. കാസര്‍കോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജ് അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു നിമിഷ.
ജൂണ്‍ വരെ നിമിഷയുമായി ഫോണിലും നേരിട്ടും ബന്ധപ്പെട്ടിരുന്നെന്ന് അമ്മ ബിന്ദു പറഞ്ഞിരുന്നു. ജൂണ്‍ നാലിന് ശേഷം പെണ്‍കുട്ടിയുമായി ബന്ധപ്പെടാനായിട്ടില്ല. ഒടുവില്‍ സംസാരിച്ചപ്പോള്‍ ശ്രീലങ്കയിലേക്ക് പോകുകയാണെന്ന മറുപടിയാണ് നിമിഷ നല്‍കിയതെന്നും ബിന്ദു പറയുന്നു. ഒടുവില്‍ ലഭിച്ച വോയിസ് സന്ദേശത്തില്‍ ഇന്ത്യന്‍ നമ്പരുകളൊന്നും ലഭിക്കാത്ത സ്ഥലത്താണ് തങ്ങളെന്നും മകള്‍ അറിയിച്ചതായും ബിന്ദു പറഞ്ഞു.