പ്രകാശ് രാജിന്റെ ആര്‍ജ്ജവമൊന്നും നിങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല’; ദിലീപിന് പരസ്യപിന്തുണ നല്‍കിയ സിനിമാപ്രവര്‍ത്തകരെ വിമര്‍ശിച്ച് സജിതാ മഠത്തില്‍

കൊച്ചി :കൊച്ചിയിൽ യുവ നടി അക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ നടി സജിതാ മഠത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ചിലത് പറയാതിരിക്കാനാവില്ലെന്ന വാചകത്തോടെയാണ് ഫെയ്സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. താൻ നടിക്ക് ഒപ്പമാണ് എന്നതിന്റെ അർത്ഥം ആരെയെങ്കിലും കുറ്റക്കാരനായി കാണുന്നു എന്നല്ല. ബിസിനസ്സ് ബന്ധങ്ങളും സൗഹൃദവുമുള്ളത് കൊണ്ടാകാം സിനിമാ പ്രവര്‍ത്തകര്‍ കുറ്റാരോപിതന് പിന്തുണ പ്രഖ്യാപിക്കുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതികരിച്ച പ്രകാശ് രാജിന്റെ നിലപാടുകളുടെ ആർജ്ജവമൊന്നും ഈ സിനിമാ പ്രവര്‍ത്തകരില്‍ നിന്നും താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും സജിതാ പറയുന്നു.

സജിതാ മഠത്തിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
ചിലത് പറയാതിരിക്കാനാവില്ല.
ഞാൻ അവൾക്ക് ഒപ്പമാണ് എന്നതിന്റെ അർത്ഥം ഞാൻ ആരെയെങ്കിലും കുറ്റക്കാരനായി കാണുന്നു എന്നതല്ല. അത് പോലീസും കോടതിയുമാണ് തീരുമാനിക്കേണ്ടത്. ചിലർ കുറ്റ ആരോപിതരായി നമ്മുടെ മുമ്പിലുണ്ട്. കോടതിയും, പോലീസും, പണത്തിന്റയും പ്രശസ്തിയുടെയും സ്വാധീനത്തിൽ പെടാതെ കാക്കാൻ നമുക്ക് ഒരു ഗവൺമെന്റും അവൾക്ക് ഒപ്പം നിൽക്കുന്നവരും ജാഗ്രത പുലർത്തുന്നുമുണ്ട്. സിനിമയുടെ ഭൂരിപക്ഷ ആൺലോകം കരുതുന്നതു പോലെ കുറ്റ ആരോപിതർ നിഷ്കളങ്കരായിരിക്കാം, അല്ലെങ്കിൽ ഔദാര്യം പറ്റിയതു കൊണ്ടും ബിസിനസ്സ് ബന്ധങ്ങൾ ഉള്ളതുകൊണ്ടും സൗഹൃദം ഉള്ളതുകൊണ്ടും അങ്ങിനെയാവണമെ എന്നു നിങ്ങൾക്ക് പ്രാർത്ഥിക്കാം.അതാണു സത്യമെന്ന് വിശ്വസിക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എനിക്ക് കൺമുമ്പിൽ സത്യമായി ഉള്ളത് ഒന്നു മാത്രം, അത് അവൾ പീഡിപ്പിക്കപ്പെട്ടു എന്നതു മാത്രമാണ്. ആ സത്യത്തെ കാണാതെ മറ്റൊന്നിനു പുറകെയും പോകാൻ ആവില്ല. അസുഖകരമായ ഓർമ്മകളെ നെഞ്ചിൽ നിന്നു തള്ളിമാറ്റി പതുക്കെ മുന്നോട്ടു നീങ്ങാൻ അവൾ നടത്തുന്ന കൈകാലിട്ടടിക്കൽ കാണാൻ നിങ്ങൾക്ക് ഒരു നന്മയുള്ള ഹൃദയമുണ്ടായാൽ മാത്രം മതി. എളുപ്പമല്ല ഒരു സ്ത്രീക്ക് ഈ ധൈര്യം കാണിക്കാൻ എന്നു മനസ്സിലാക്കാൻ തങ്ങളുടെ ചുറ്റുമുള്ള സ്ത്രീകളോട് ചോദിച്ചാൽ മാത്രം മതി.അവളാണ് നമ്മുടെ മുമ്പിലുള്ള സത്യം, ആ സത്യത്തെ അവഗണിക്കുകയും പരിഹസിക്കുകയുമാണ് ഈ ആൺ സിനിമാ ലോകം ചെയ്യുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രകാശ് രാജിനെ പോലുള്ള നടന്റെ നിലപാടിന്റെ ആർജ്ജവമൊന്നും ഞാൻ നിങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നില്ല. പക്ഷെ കേസ് തെളിയിക്കാനും സത്യം പുറത്തു കൊണ്ടുവരാനും നിങ്ങൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അവൾക്കൊപ്പം നിന്നേ പറ്റൂ. കാരണം പീഡിപ്പിക്കപ്പെട്ടു എന്നത് ഒരു സത്യമാണ് എന്നതുകൊണ്ട് ! ഒരു പെണ്ണിനും താങ്ങാനാത്ത സത്യം.

Top