മരുമകളും മൂന്നു പേരക്കുട്ടികളും വെന്തുമരിച്ചു; കോണ്‍ഗ്രസ്‌ മുന്‍ എം.പി.അറസ്റ്റില്‍

വാറങ്കല്‍ :തെലങ്കാനയില്‍ കോണ്‍ഗ്രസ്‌ മുന്‍ എം പിയുടെ വീടിന്‌ തീപിടിച്ച്‌ മരുമകളും അവരുടെ മൂന്നു ആണ്‍മക്കളും ദുരൂഹ സാഹചര്യത്തില്‍ വെന്തുമരിച്ച സംഭവത്തില്‍  മുന്‍ കോണ്‍ഗ്രസ്‌ എം.പി. സിര്‍സില രാജയ്യ(62)യെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. രാജയ്യയുടെ ഭാര്യ മാധവി, മകന്‍ അനില്‍ കുമാര്‍ എന്നിവരെയും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. ഇതേ തുടര്‍ന്നു വാറങ്കല്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ നല്‍കിയ സ്‌ഥാനാര്‍ഥിത്വം കോണ്‍ഗ്രസ്‌ പിന്‍വലിച്ചു. മുന്‍ കേന്ദ്ര മന്ത്രി സര്‍വേ സത്യനാരായണ ഇവിടെനിന്നു മത്സരിക്കുമെന്നു തെലങ്കാന പി.സി.സി. പ്രസിഡന്റ്‌് എന്‍. ഉത്തംകുമാര്‍ അറിയിച്ചു. ഈ മാസം 21 നാണു തെരഞ്ഞെടുപ്പ്‌.
രാജയ്യയുടെ വസതിയുടെ ഒന്നാം നിലയിലെ മുറിയിലാണ്‌ നാലു മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്‌. ഈ മുറിയില്‍ കണ്ടെത്തിയ പാചകവാതക സിലിണ്ടറിന്റെ റെഗുലേറ്റര്‍ തുറന്നുവച്ചിരുന്നു. അനില്‍ കുമാറിന്റെ പത്നി ശാരിക, മകന്‍ എഴു വയസുള്ള ആര്യന്‍, മൂന്നു വയസുള്ള ഇരട്ടകളായ അയാന്‍, ശ്രിയാന്‍ എന്നിവരാണു മരിച്ചത്‌.
സ്‌ത്രീധന പീഡനം ആരോപിച്ച്‌ ശാരിക നേരത്തേ അനിലിനും രാജയ്യയ്‌ക്കും ഭാര്യയ്‌ക്കുമെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ വസതിയില്‍ വേറെ നിലകളിലാണ്‌ അനിലും മാതാപിതാക്കളും താമസിച്ചിരുന്നത്‌.
അപകടം നടക്കുമ്പോള്‍ രാജയ്യയുടെ ഭാര്യ മാധവി, മകന്‍ അനില്‍ കുമാര്‍ എന്നിവര്‍ വീട്ടിലുണ്ടായിരുന്നതായി വാറങ്കല്‍ സിറ്റി പോലീസ്‌ കമ്മിഷണര്‍ ജി. സുധീര്‍ ബാബു അറിയിച്ചു.
ശാസ്‌ത്രീയ പരിശോധനകള്‍ക്കു ശേഷമേ അഗ്നിബാധയുടെ കാരണം സ്‌ഥിരീകരിക്കാന്‍ കഴിയൂ. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സംഭവം കൊലപാതകമാണെന്നുമാണു ശാരികയുടെ അമ്മയുടെ ആരോപണം. എന്നാല്‍ രാജയ്യയെ അറസ്‌റ്റ്‌ ചെയ്‌തിട്ടില്ലെന്ന്‌ പോലീസ്‌ അറിയിച്ചു.

Top