മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് വ്യവസായ ശാലയിലെ തീ പിടുത്തം അട്ടിമറിയെന്ന് സംശയം. ശമ്പളം വെട്ടിക്കുറച്ചതിലുള്ള വൈരാഗ്യത്തില്‍ കമ്പനിയിലെ രണ്ട് ജോലിക്കാര്‍ തീ ഇടുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവത്തില്‍ രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ വരെ നടന്ന പ്രാഥമിക അന്വേഷണത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളഞ്ഞ അന്വേഷണ സംഘം ഇന്നലെ രാത്രിയോടെയാണ് അട്ടിമറി സംശയത്തിലേയ്ക്ക് എത്തപ്പെട്ടത്. ചിറയന്‍കീഴ്, കഴക്കൂട്ടം സ്വദേശികളെയാണ്‌ചോദ്യം ചെയ്തു വരുന്നത്. ഇവരുടെ ശമ്പളത്തില്‍ നിന്നും 3000 രൂപ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വെട്ടിക്കുറച്ചിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു.
ശമ്പളം കുറച്ചതില്‍ പ്രതിഷേധിച്ച് ഇവര്‍ കമ്പനിയ്‌ക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെ, ഇതിലൊരാള്‍ കടയില്‍ നിന്ന് ലൈറ്റര്‍ വാങ്ങിയിരുന്നുവെന്നും പോലീസിന് സൂചന ലഭിച്ചിരുന്നു. പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി പരിശോധനയില്‍ ആണ് ഇവരെ കുറിച്ചുള്ള സംശയം അന്വേഷണ സംഘത്തിന് ഉണ്ടായത്. മാത്രമല്ല, ജോലിയില്‍നിന്ന് പിരിച്ചുവിട്ട മൂന്ന് പേരെയും അപകട ദിവസം കമ്പനി പരിസരത്ത് കണ്ടതായും വിവരമുണ്ട്. കസ്റ്റഡിയിലെടുത്ത രണ്ട് പേരെയും ചോദ്യം ചെയ്ത് വരികയാണ്.