മലപ്പുറം: അന്തസുള്ള ഒരു കോണ്‍ഗ്രസുകാരനും തന്നെ വിമര്‍ശിക്കില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍.
തവനൂരിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിമര്‍ശനത്തില്‍ യൂത്ത് കോണ്‍ഗ്രസിന് മറുപടിയുമായി ഫിറോസ് കുന്നംപറമ്പില്‍ രംഗത്ത് . അന്തസുള്ള ഒരു കോണ്‍ഗ്രസുകാരനും തന്നെ വിമര്‍ശിക്കില്ലെന്ന് ഫിറോസ് പറഞ്ഞു. മത്സരിക്കാന്‍ ആവശ്യപ്പെട്ട് നേതാക്കള്‍ തന്നെ സമീപിക്കുകയായിരുന്നുവെന്നും ഫിറോസ് കുന്നംപറമ്പില്‍ വിശദീകരിച്ചു.
ഫിറോസ് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയാണെന്നായിരുന്നു യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്.’അന്തസുള്ള ഒരു കോണ്‍ഗ്രസുകാരനും എന്നെ വിമര്‍ശിക്കില്ല. കാരണം സീറ്റ് ആവശ്യപ്പെട്ട് ഒരു നേതാവിന്റെ മുന്നിലും പോയിട്ടില്ല. മത്സരിക്കാന്‍ ആവശ്യപ്പെട്ട് നേതാക്കള്‍ എന്നെയാണ് സമീപിച്ചത്. ചെറുപ്പം മുതല്‍ ഇഷ്ടപ്പെട്ട നെഞ്ചില്‍ കൊണ്ടുനടന്ന പാര്‍ട്ടിയുടെ നേതാക്കള്‍.’ എന്ന് ഫിറോസ് പ്രതികരിച്ചു.
ഫിറോസ് കുന്നംപറമ്പില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനം. ജില്ലാ സമ്മേളനത്തിലാണ് വിമര്‍ശനം ഉയര്‍ത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഇ പി രാജീവാണ് വിഷയം ഉന്നയിച്ചത്. ജില്ലയില്‍ കോണ്‍ഗ്രസിന് ആകെയുള്ള നാല് സീറ്റുകളില്‍ ഒന്നായ തവനൂരില്‍ ഫിറോസിനെ നൂലില്‍ കെട്ടിയിറക്കിയതിന് പിന്നില്‍ ആരാണെന്നും ചര്‍ച്ച ചെയ്യാതെ ഇത്തരത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് ശരിയായില്ലെന്നുമാണ് വിമര്‍ശനം.
തവനൂര്‍ മണ്ഡലത്തില്‍ നിന്നാണ് ഫിറോസ് കുന്നംപറമ്പില്‍ മത്സരിച്ചത്.കെ ടി ജലീലിനെതിരെ കൈപ്പത്തി ചിഹ്നത്തിലായിരുന്നു ഫിറോസ് മത്സരിച്ചത്. 2564 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ ടി ജലീല്‍ വിജയിച്ചത്. ജലീലിന് 70,358 വോട്ടും ഫിറോസ് കുന്നംപറമ്പില്‍ 67,794 വോട്ടും നേടി.