ബംഗളൂരു: ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ഫ്‌ലിപ്കാര്‍ട്ടിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. ലോപ്‌ടോപ് വാങ്ങിയ വകയില്‍ ഫ്‌ലിപ് കാര്‍ട്ട് വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി എന്നാണ് കേസ്. ലാപ്‌ടോപ് വാങ്ങിയതിന്റെ ബാക്കിത്തുകയായ 9.96 കോടി രൂപ നല്‍കാത്തതുമായി ബന്ധപ്പെട്ട് സി സ്റ്റോര്‍ കമ്പനി മേധാവി നവീന്‍ കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഫ്‌ലിപ്കാര്‍ട്ട് സ്ഥാപകരായ സച്ചിന്‍ ബന്‍സാലും, ബിന്നി ബന്‍സാലും മറ്റ് രണ്ട് ഉദ്യോഗസ്ഥരുടെയും പേരിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയതതെന്ന് പൊലീസ് അറിയിച്ചു. സി സ്റ്റോര്‍ കമ്പനിയും ഫ്‌ലിപ്കാര്‍ട്ടും തമ്മില്‍ ലാപ്‌ടോപ്പുകളുടെ വില്‍പനയുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പുവച്ചിരുന്നു. കരാര്‍ പ്രകാരം 14,000 ലാപടോപ്പ് സി സ്റ്റോര്‍ ഫ്‌ലിപ്കാര്‍ട്ടിന് നല്‍കിയിട്ടുണ്ട്. ഇതില്‍ 1480 യൂണിറ്റ് കമ്പനിയ്ക്ക് തിരിച്ച് നല്‍കി. ബാക്കിയുള്ളതിന്റെ തുകയായ 9.96 കോടി തിരിച്ചടക്കാത്തതിന്റെ പേരിലാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ഇന്ദിര നഗര്‍ പൊലീസ് പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ്, വഞ്ചനകുറ്റം എന്നിങ്ങനെ ഐ.പി.സിയിലെ വിവിധ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയതായി പൊലീസ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ളത് കള്ളക്കേസാണെന്നും യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണിതെന്നും ഫ്‌ലിപ്കാര്‍ട്ട് ഉടമകള്‍ പ്രതികരിച്ചു.