കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ നീതിക്കായി സമരത്തിനൊരുങ്ങുകയാണ് സേവ് ഔവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍. ഫാ.കുര്യാക്കോസ് കാട്ടുതറയുടെ ദുരൂഹ മരണത്തെത്തുടര്‍ന്നാണ് വീണ്ടും സമരത്തിനിറങ്ങാന്‍ സേവ് ഔവര്‍ സിസ്റ്റേഴ്‌സ് തീരുമാനമെടുത്തിരിക്കുന്നത്. ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ സാക്ഷികള്‍ക്ക് ഭീഷണിയാകുകയാണ്. ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കണമെന്നും ഫോറം ആവശ്യപ്പെടുന്നു.
ഫാ.കുര്യാക്കോസ് കാട്ടുതറയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം നടത്തുക, ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കുക, പി.സി ജോര്‍ജ് എം.എല്‍.എയുടെ നിയമസഭാംഗത്വം റദ്ദാക്കുക, മതങ്ങളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടാന്‍ നിയമം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍14ന് എസ്.ഒ.എസ് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. രാവിലെ 11ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക.
ഫ്രാങ്കോയ്ക്കെതിരെ പ്രതികരിച്ചാല്‍ ഇല്ലാതാക്കും എന്നതിന്റെ മുന്നറിയിപ്പാണ് കാട്ടുതറ അച്ചന്റെ മരണം. ഇത്തരക്കാരെ തിരുത്തേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഒരു ബലാത്സംഗി ബിഷപ്പ് ഹൗസില്‍ താമസിച്ച് കര്‍മ്മങ്ങള്‍ ചെയ്യുന്നത് എന്തുമോശമാണ്. ബുദ്ധിയും ബോധവും ഉള്ളവരാണല്ലോ കത്തോലിക്കാ സഭയിലുള്ളത്. അടിമകളും പൊട്ടന്മാരുമല്ല വിശ്വാസികള്‍ അത് സഭാ നേതൃത്വം തിരിച്ചറിയണമെന്ന് എസ്.ഐ.എസ് കണ്‍വീനര്‍ ഫാ.അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.
അച്ചന്റെ മരണം മറ്റു സാക്ഷികളിലും ഭയമുളവാക്കുന്നു. ഇത് സര്‍ക്കാര്‍ മനസ്സിലാക്കണം. ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കാന്‍ പ്രോസിക്യൂഷന്‍ തയ്യാറാകണമെന്ന് ഫാ.വട്ടോളി ആവശ്യപ്പെട്ടു.
എസ്.ഒ.എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനകളും വിശ്വാസി സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും പ്രാതിനിധ്യം ധര്‍ണ്ണയ്ക്കുണ്ടാകും. ജനകീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് സമരങ്ങള്‍ നയിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളുടെയും പിന്തുണയും ലഭിക്കും. വഞ്ചി സ്‌ക്വയറില്‍ സമരത്തില്‍ പങ്കെടുത്ത എല്ലാവരുടെയും പിന്തുണ ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കന്യാസ്ത്രീകള്‍ കരഞ്ഞും ഭയന്നും കഴിയുന്ന കാലം കഴിഞ്ഞു. ഇവര്‍ ഇനി സംസാരിക്കേണ്ടത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയാണ്. മോശപ്പെട്ട അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവന്നവര്‍ക്ക് താങ്ങായി മാറണം. കന്യാസ്ത്രീകളും സമരത്തിന് വരണമെന്നാണ് തങ്ങളുടെ ആഗ്രഹം. ഫ്രാങ്കോയും കൂട്ടരും വളരെ നിന്ദ്യമായ രീതിയിലാണ് അവരോട് പെരുമാറിയത്. ഫ്രാങ്കോയെ വിജയിക്കാന്‍ അനുവദിക്കരുത്. അവസാന നിമിഷം പോരാടുകയാണ് അവര്‍ക്ക് നല്‍കേണ്ട മറുപടി.
സഭയിലെ ചില മെത്രാന്മാര്‍ ഫ്രാങ്കോയെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നത് വിശ്വാസ സമൂഹത്തില്‍ പ്രതിഷേധമുണ്ടാക്കുന്നുണ്ട്. തെറ്റ് ചെയ്ത ഒരാളെ സംരക്ഷിക്കുന്നത് ശരിയല്ല. അത് വിശ്വാസികളിലും ഒരു വിഭാഗം വൈദികരിലും വിയോജിപ്പുണ്ടാക്കുന്നു. സഭാ നേതൃത്വം ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത നടപടിയാണിത്. ആരോപണം ഉന്നയിക്കപ്പെട്ടവര്‍ അത് ശരിയോ തെറ്റോ എന്ന് തെളിയുന്നത് വരെ മാറിനില്‍ക്കുകയാണ് വേണ്ടത്. തങ്ങളുടെ സമരം സഭയ്ക്കോ സര്‍ക്കാരിനോ എതിരല്ല, തെറ്റ് ചെയ്തവരെ സംരക്ഷിക്കാന്‍ പാടില്ല. അവര്‍ നമ്മുടെ നിയമവ്യവസ്ഥയ്ക്കുള്ളില്‍ തന്നെ വരണം. സാക്ഷികള്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും ജീവിക്കാനും അവരുടെ നിലപാട് കോടതിയിലും പൊതുസമൂഹത്തിനു മുന്നിലും പറയാന്‍ അവകാശവുമുണ്ട്. അതിന് അവസരം നല്‍കണം.
കാട്ടുതറ അച്ചന്റെ മരണത്തിലൂടെ ഫ്രാങ്കോയും കൂട്ടരും സാക്ഷികള്‍ക്ക് നല്‍കുന്ന ഒരു മുന്നറിയിപ്പാണ് ‘ഞങ്ങള്‍ പാഠം പഠിപ്പിക്കും’ എന്നത്. സാക്ഷികളെ സഭയപ്പെടുത്തുന്ന വിധത്തിലുള്ള ഒരു നീക്കവും എസ്.ഒ.എസ് അനുവദിക്കില്ല. എല്ലാ അര്‍ത്ഥത്തിലും അതിനെ പ്രതിരോധിക്കും. കുറ്റം ചെയ്തവര്‍ വീണ്ടും സാക്ഷികളെയും സമൂഹത്തെയും ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത് ചെയ്തകുറ്റത്തേക്കാളും ഭീകരമാണ്. അതിനെ ഏതറ്റവും വരെയും നേരിടും. ഇത്തരം പ്രതികളെ അഴിച്ചുവിടുന്നത് ശരിയല്ല. അത് സാക്ഷികളെയും തെളിവുകളേയും ഇല്ലാതാക്കും. ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കുകയാണ് വേണ്ടത്.