ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും പരാതിയുമായി കന്യാസ്ത്രീ…!! സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്ന് ആരോപണം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും പരാതിയുമായി ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ രംഗത്തെത്തിയിരിക്കുകയാണ്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും കന്യാസ്ത്രീ പരാതി നല്‍കി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തൻ്റെ അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. ഇതുസംബന്ധിച്ചാണ് ദേശീയ- സംസ്ഥാന വനിതാ കമ്മിഷനുൾക്ക് കന്യാസ്ത്രീ പരാതി നൽകി. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നത് തുടരുകയാണെന്നും കന്യാസ്ത്രീ പറഞ്ഞു.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 ജൂൺ 26ന് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ കന്യാസ്ത്രീ ബലാത്സംഗക്കേസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സെപ്റ്റംബർ 21ന് ബിഷപ്പിനെ അറസ്റ്റു ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങി. ഇപ്പോൾ ജലന്ധറിലാണുള്ളത്.

അതേസമയം,​ കന്യാസ്ത്രീയുടെ പരാതിയിൽ നവംബർ 11ന് ബിഷപ്പ് നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് കുറവിലങ്ങാട് പൊലീസ് സമൻസ് നൽകി. കോട്ടയം ജില്ലാ കോടതിയിൽ ഹാജരാകണമെന്നാണ് സമൻസ്. പൊലീസ് ജലന്ധറിലെത്തി ഫ്രാങ്കോയ്ക്ക് സമൻസ് കൈമാറി.

നിലവില്‍ ഫ്രാങ്കോ കേസില്‍ ഇതുവരെ എട്ട് അനുബന്ധ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസിന്റെ നാള്‍വഴികളില്‍ ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപമാനിക്കുവാനും ശ്രമിച്ചവര്‍ക്കെതിരെയുള്ള കേസുകളാണിത്.

Top