കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിന് പിന്നില്‍ ഫ്രാങ്കോ മുളയ്ക്കലോ? ഫ്രാങ്കോയ്‌ക്കെതിരെ സാക്ഷി പറഞ്ഞതിന് ഭീഷണി നേരിട്ട കാട്ടുതറയുടെ മരണത്തില്‍ ദുരൂഹത

ജലന്ധര്‍: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിന് ജയിലില്‍ കഴിഞ്ഞ ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും സംശയങ്ങള്‍ ഉയരുന്നു. ഫ്രാങ്കോയ്‌ക്കെതിരെ സാക്ഷിമൊഴി നല്‍കിയ ഫാ. കുര്യാക്കോസ് കാട്ടുതറ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഫ്രാങ്കോയ്‌ക്കെതിരെ സംശയങ്ങള്‍ ഉയരുന്നത്. ഫ്രാങ്കോ മുളയ്ക്കല്‍ പീഡനക്കേസില്‍ അകത്തായത് മുതല്‍ കുര്യാക്കോസ് കാട്ടുതറയ്ക്ക് നേരിടേണ്ടി വന്നത് വലിയ രീതിയിലുള്ള മാനസിക സംഘര്‍ഷങ്ങളാണ്. ഇദ്ദേഹത്തിന്റെ ജലന്ധറിലെ വീടിന് പരിസരത്ത് സദാ സമയവും ഗുണ്ടകള്‍ കറങ്ങി നടന്നിരുന്നതായും ഇദ്ദേഹത്തെ നിരീക്ഷിച്ചിരുന്നതായും വൈദികര്‍ പറയുന്നു.
ഭീഷണികള്‍ ശക്തമായതോടെ കുര്യാക്കോസ് കാട്ടുതറ എല്ലാ സഭാ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍വലിഞ്ഞിരുന്നു. രാത്രി കാലങ്ങളില്‍ ഇദ്ദേഹത്തിന്റെ വീട്ടിലെ ഗേറ്റ് തള്ളിത്തുറക്കുന്ന ശബ്ദവും വീട്ടിലെ കതകിന് പുറത്ത് മുട്ടുന്നതും പതിവായിരുന്നു. എങ്കിലും പൊലീസില്‍ പരാതി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ആരോടും സ്വകാര്യ സംഭാഷണത്തില്‍ പോലും ഈ കേസിനെ കുറിച്ച് സംസാരിക്കനും അദ്ദേഹം ത്യയാറായിരുന്നില്ല. ഇന്നലെ ഉച്ചയ്ക്കാണ് വൈദികനെ അവസാനമായി കണ്ടത്. ഇന്ന് വീട്ടുജോലിക്കാരനാണ് കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മൃതദേഹത്തില്‍ അസാധാരണമായ മുറിവുകളോ മറ്റ് അക്രമം നടന്ന പാടുകളോ ഒന്നും തന്നെ ഇല്ല.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബിഷപ്പ് ഫ്രാങ്കോ ജാമ്യത്തിലിറങ്ങിയത്. കേരളത്തില്‍ നില്‍ക്കാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് അദ്ദേഹം ജലന്ധറിലേക്ക് പോകുകയായിരുന്നു. ഇതിന് പിന്നാലെ കാട്ടുതറയുടെ മരണം ഫ്രാങ്കോയ്ക്ക് മേല്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്തുകയാണ്.

Top