കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റപത്രം സ്വീകരിക്കുന്നതിനായി പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി.ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ കർദ്ദിനാൾ ആലഞ്ചേരി ഉൾപ്പെടെ 83 സാക്ഷികളാണുള്ളത്.
നേരത്തെ തന്നെ കേരളത്തില്‍ എത്തിയ ബിഷപ് ഫ്രാങ്കോ രാവിലെ പാലായില്‍ എത്തി. കോടതിയില്‍ ഹാജരാകുന്നതിന് മുന്‍പ് ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ചു. 11 മണിയോടെ പാലാ കോടതിയില്‍ ഹാജരായിട്ടുണ്ട്. കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പ് ബിഷപ് ഫ്രാങ്കോയ്ക്ക് കൈമാറി. കേസില്‍ ജൂണ്‍ ഏഴിന് വീണ്ടും ഹാജരാകണം. നിലവില്‍ ജാമ്യം ഉള്ളതിനാല്‍ അത് തുടരുമെന്ന് കോടതി അറിയിച്ചു. കേസില്‍ വിചാരണ ഏതു കോടതിയില്‍ നടക്കണമെന്നത് അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് പരിഗണിക്കും. ഫ്രാങ്കോയ്ക്കൊപ്പം തൃശൂരില്‍ നിന്നുള്ള മൂന്ന് അഭിഭാഷകരും ഹാജരായിരുന്നു.
ബിഷപ് ഫ്രാങ്കോയ്‌ക്കൊപ്പം ജലന്ധറില്‍ നിന്നുള്ള 25 ഓളം വൈദികരും കോടതിയില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നടന്ന ചില ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം ഇവരെല്ലാം പാലായിലേക്ക് എത്തുകയായിരുന്നു. കേസില്‍ കുറ്റപത്രം സ്വീകരിക്കുന്നതിന് നേരിട്ട് ഹാജരാകാന്‍ കഴിഞ്ഞയാഴ്ചയാണ് കോടതി ഫ്രാങ്കോയ്ക്ക് നോട്ടീസ് അയച്ചത്. പാലായില്‍ നിന്നും രണ്ട് പോലീസുകാര്‍ ജലന്ധറില്‍ എത്തി നോട്ടീസ് കൈമാറിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ അവസാനമാണ് ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ ജലന്ധറിലെ മിഷണറീസ് ഓഫ് ജീസസ് കന്യാസ്ത്രീ സമൂഹത്തിലെ അംഗവും കുറവിലങ്ങാട് മഠത്തിലെ അന്തേവാസിയുമായ കന്യാസ്ത്രീ പരാതി നല്‍കിയത്. അന്വേഷണം ഇഴഞ്ഞുനീങ്ങിയതോടെ പരാതിക്കാരിക്ക് ഒപ്പമുള്ള അഞ്ച് കന്യാസ്ത്രീകള്‍ ഹൈക്കോടതിക്കു സമീപമുള്ള വഞ്ചിസ്‌ക്വയറിലേക്ക് സമരവും തുടങ്ങി. സെപ്തംബര്‍ എട്ടിന് ആരംഭിച്ച സമരം ശക്തമായതോടെ ഫ്രാങ്കോയെ ചോദ്യം ചെയ്യലിനായി കേരളത്തിലേക്ക് വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. 19ന് കേരളത്തില്‍ എത്തിയ ഫ്രാങ്കോയെ മൂന്നുദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ 21ന് അറസ്റ്റു ചെയ്തു. മൂന്നാഴ്ചയോളം പാലാ സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഫ്രാങ്കോ പിന്നീട് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങി.