അസം വെള്ളപ്പൊക്കം: കടുവ അഭയം തേടിയത് വീട്ടില്‍..!! കാസിരംഗ ദേശീയ ഉദ്യാനം വെള്ളത്തില്‍

ഗുവഹാത്തി: കനത്ത മഴയില്‍ അസമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ 90 ശതമാനവും വെള്ളത്തില്‍ മുങ്ങി. മൂന്ന് ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിന്റെ ഉള്‍പ്പടെ ഏഴ് മൃഗങ്ങളുടെ ജഡങ്ങള്‍ കൂടി കണ്ടെത്തിയതോടെ പ്രളയത്തില്‍ ചത്തൊടുങ്ങിയ മൃഗങ്ങളുടെ എണ്ണം 30 ആയി. 430 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന ഉദ്യാനം ഇപ്പോഴും വെള്ളത്തിലാണ്. അസമില്‍ 33 ജില്ലകളിലായി 45 ലക്ഷം പേരെ പ്രളയം ബാധിച്ചതായാണ് സര്‍ക്കാറിന്റെ പ്രാഥമിക കണക്ക്. മിക്ക ഗ്രാമങ്ങളും വെള്ളത്തിനടിയിലായി.

ഇതിനിടയില്‍ മൃഗങ്ങള്‍ ജീവരക്ഷാര്‍ത്ഥം അലഞ്ഞുതിരിയുന്നുണ്ട്. അങ്ങിനെ അലഞ്ഞ് തിരിഞ്ഞ ഒരു കടുവ എത്തിപ്പെട്ടത് അസ്സമിലെ ഒരു വീട്ടിലാണ്. വീട്ടിലെത്തിയ കടുവ റൂമിലെ ബെഡ്ഡില്‍ കയറി ഇരുന്ന് വിശ്രമിക്കുന്ന ചിത്രം വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഇന്ത്യ പുറത്തുവിട്ടു. മുറിയുടെ ചുമരിലെ വിള്ളലിലൂടെയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. വീട്ടില്‍ അപ്രതീക്ഷിതമായി എത്തിയ അതിഥികയെ കണ്ട് അമ്പരന്നിരിക്കുകയാണ് വീട്ടുകാര്‍. കടുവയെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കടുവ വളരെ ക്ഷീണിതനാണെന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്. വെള്ളപ്പൊക്കം മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. മുപ്പതോളം മൃഗങ്ങളാണ് ഈയാഴ്ച തന്നെ ചത്തത്. രണ്ട് വര്‍ഷം മുന്‍പുണ്ടായ വെള്ളപ്പൊക്കത്തില്‍ കാസിരംഗ പാര്‍ക്കിലെ 31 കണ്ടാമൃഗങ്ങളും ഒരു കടുവയും അടക്കം 360 മൃഗങ്ങള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Top