കോട്ടയം: എം.ജെ കോണ്‍ഗ്രിഗേഷന്റെ കീഴില്‍ പഞ്ചാബിലെ വിവിധ കമ്മ്യുണിറ്റികളില്‍ നിന്നുമുള്ള 15 കന്യാസ്ത്രീകള്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത് ഗൂഢലക്ഷ്യത്തോടെ. പോലീസ് അടുത്ത ദിവസം അന്വേഷണവുമായി ബന്ധപ്പെട്ട് ജലന്ധറില്‍ വീണ്ടും എത്താനിരിക്കേയാണ് തിടുക്കപ്പെട്ടുള്ള കൂടിക്കാഴ്ച. ഫ്രാങ്കോ പിതാവ് നിരപരാധിയാണെന്നും പോലീസ് കുടുക്കിയതാണെന്നും അദ്ദേഹത്തിനെതിരെ മൊഴിനല്‍കാന്‍ തങ്ങളുടെ മേല്‍ പോലീസിന്റെ സമ്മര്‍ദ്ദമുണ്ടെന്നും പോലീസ് അനാവശ്യമായി മഠങ്ങളില്‍ കയറിയിറങ്ങുന്നു എന്നിങ്ങനെ നിരവധി ആക്ഷേപങ്ങളുമായാണ് സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. പോലീസ് വീണ്ടുമെത്തി മൊഴിയെടുത്താല്‍ ഫ്രാങ്കോ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കന്യാസ്ത്രീകള്‍ മനസ്സുതുറന്നേക്കുമെന്ന് ഇവര്‍ ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ പോലീസിന്റെ വരവ് തടയുകയാണ് ഇവരുടെ ലക്ഷ്യം. ഇവരെ ഡല്‍ഹിക്ക് പറഞ്ഞുവിട്ടതിനു പിന്നിലും ഫ്രാങ്കോയുടെ വിശ്വസ്തരാണെന്നും സൂചനയുണ്ട്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായെങ്കിലും പുറത്തുള്ള ഫ്രാങ്കോ അനുയായികള്‍ ശക്തരാണെന്ന് തന്നെ തെളിയിക്കുന്നു. കന്യാസ്ത്രീകളെ സ്വാധീനിച്ച് പരാതിയില്‍ നിന്ന് പിന്നോട്ടുപോകാന്‍ വലിയ ഓഫറുമായി വന്ന ഫാ.ജെയിംസ് ഏര്‍ത്തയില്‍ സി.എം.ഐ, പരാതിക്കാരിയുടെ ചിത്രം പുറത്തുവിട്ട് പുലിവാല് പിടിച്ച എം.ജെ കോണ്‍ഗ്രിഗേഷനിലെ സി.അമല എന്നിവര്‍ക്കെതിരായ കേസുകള്‍ അപ്രതീക്ഷിതമായി ക്രൈംബ്രാഞ്ചിന് വിട്ടത് സംശയമുണ്ടാക്കുന്നതായി ആരോപണം. നിലവില്‍ കേസില്‍പെട്ട ഇവരില്‍ മാത്രം അന്വേഷണം ഒതുക്കുന്നതിനാണോ നീക്കമെന്ന് സംശയം ബലപ്പെടുന്നു. ഇവര്‍ക്കു പിന്നിലുള്ള വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുമോ എന്ന് പരാതിക്കാരുടെ ഭാഗത്തുനിന്ന് ആശങ്ക ഉയരുന്നു.
ഫാ.ഏര്‍ത്തയിലിനെതിരെ വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞമാസം അവസാനത്തോടെ ഒരുവട്ടം ചോദ്യംചെയ്യലിനും വിധേയമാക്കിയിരുന്നു. അടുത്ത ദിവസം വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചതിനു തൊട്ടുപിന്നാലെയാണ് അന്വേഷണചുമതല ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. സി.എം.ഐ സഭയില്‍ നിര്‍ണായക പദവികള്‍ വഹിച്ചിട്ടുള്ള ഫാ.ജെയിംസ് ഏര്‍ത്തയില്‍ അത്ര നിസാരക്കാരനല്ല. സഭാ-രാഷ്ട്രീയ തലത്തില്‍ വലിയ ബന്ധമുള്ളയാളാണ്. കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ ആശീര്‍വാദത്തോടെ രൂപതയില്‍ എവിടെയെങ്കിലും പത്തേക്കര്‍ സ്ഥലം വാങ്ങി മഠം പണിതു നല്‍കാമെന്ന വാഗ്ദാനവും കേസുമായി മുന്നോട്ടുപോയാല്‍ വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന ഭീഷണിയുമായിരുന്നു ഇദ്ദേഹത്തിന്റെ ഫോണ്‍ സംഭാഷണത്തില്‍ ഉണ്ടായിരുന്നത്.
താന്‍ സ്വന്തം നിലയിലാണ് ഇതുപറയുന്നതെന്ന് ഇദ്ദേഹം കന്യാസ്ത്രീകളോട് ഫോണില്‍ പറയുന്നുണ്ടെങ്കിലും പോലീസിന്റെ ചോദ്യം ചെയ്യലില്‍ കോതമംഗലം സ്വദേശി സോബി ജോര്‍ജാണ് തന്നെ സമീപിച്ചതെന്നായിരുന്നു മൊഴി നല്‍കിയത്. എന്നാല്‍ സോബി ഇത് നിഷേധിച്ചിരുന്നു. മാത്രമല്ല, പോലീസിന്റെ തുടര്‍ അന്വേഷണത്തിലും ഫോണ്‍രേഖകളുടെ പരിശോധനയിലും ഓഫറിനു പിന്നില്‍ ജലന്ധറില്‍ നിന്നുള്ള ശക്തികള്‍ ആയിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
സി.അമലയുടെ കാര്യവും മറിച്ചല്ല. മിഷണറീസ് ഓഫ് ജീസസ് (എം.ജെ)കോണ്‍ഗ്രിഗേഷനില്‍ അതുവരെ ഇല്ലാത്ത പി.ആര്‍.ഒ പോസ്റ്റിലാണ് സി.അമല ഇപ്പോള്‍. ഇക്കഴിഞ്ഞ 14ന് അവര്‍ പുറത്തുവിട്ട കോണ്‍ഗ്രിഗേഷന്‍ നിയോഗിച്ച കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടിനൊപ്പമാണ് പരാതിക്കാരിയുടെ ചിത്രവും പുറത്തുവന്നത്. ഇരയെ തിരിച്ചറിയാന്‍ കഴിയും വിധം പരസ്യപ്പെടുത്തിയതിനാണ് സി.അമല നിയമ നടപടി നേരിടുന്നത്. ഇവരോട് അന്വേഷണസംഘത്തിനു മുമ്പാകെ അടുത്ത ദിവസം ഹാജരാകന്‍ നോട്ടീസ് കൊടുത്തതിനു പിന്നാലെയാണ് ഈ അന്വേഷണവും ക്രൈംബ്രാഞ്ചിലേക്ക് മാറ്റപ്പെട്ടത്.
എം.ജെ കോണ്‍ഗ്രിഗേഷനില്‍ ആദ്യമായി സൃഷ്ടിക്കപ്പെട്ട പി.ആര്‍.ഒ പോസ്റ്റാണിതെന്ന് സന്യാസ സഭയുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടും ചിത്രവും അയച്ചിരിക്കുന്നതാകട്ടെ അരമനയുടെ ഓഫീസിന്റെ ചുമതലക്കാരിയും അരമനവൃത്തങ്ങളെയും എം.ജെ കന്യാസ്ത്രീകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയുമായ മറ്റൊരു കന്യാസ്ത്രീയുടെ ഇമെയില്‍ ഐ.ഡിയില്‍ നിന്നായിരുന്നു. ഈ മാസം 14ന് തീയതിവച്ചാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബിഷപ്പ് ചോദ്യം ചെയ്യലിന് 19ന് ഹാജരാകാനിരിക്കേയായിരുന്നു ഈ റിപ്പോര്‍ട്ട് ഇവര്‍ പുറത്തുവിട്ടത്.
എന്നാല്‍ കോണ്‍ഗ്രിഗേഷന്‍ എപ്പോഴാണ് ഇത്തരമൊരു അന്വേഷണ കമ്മീഷനെ വച്ചതെന്നോ ഈ റിപ്പോര്‍ട്ട് ആര്‍ക്കാണ് സമപ്പിച്ചതെന്നോ വ്യക്തമാക്കുന്നില്ല. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടില്‍ സംശയമുണ്ട്. അരമന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏതാനും വമ്പന്‍ സ്രാവുകള്‍ തട്ടിക്കൂട്ടി ഉണ്ടാക്കിയതാണെന്നു സംശയിക്കണമെന്ന് അരമനയുമായി ബന്ധമുള്ള ചിലര്‍ ‘മംഗളം ഓണ്‍ലൈനോട്’ പ്രതികരിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന്റെ തലേദിവസം ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തരായ രണ്ടു വൈദികരും അരമനയുടെ ഓഫീസ് ചുമതലയുള്ള കന്യാസ്ത്രീയും കൂടി സി. അമലയെ അരമനയിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും അവിടെവച്ച് അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സി.അമലയെ ഒപ്പുവയ്പ്പിക്കുകയുമായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. പണ്ടേ ‘ഫ്രാങ്കോ ഭക്തയായ’ സി.അമല പി.ആര്‍.ഒ പദവി കൂടി അടിച്ചുകിട്ടിയതോടെ കണ്ണുമടച്ചു ഒപ്പുവച്ചു. മാത്രമല്ല, എം.ജെ കോണ്‍ഗ്രിഗേഷനില്‍ ഔദ്യോഗിക കത്തുകളില്‍ ഒപ്പുവയ്ക്കന്നത് മദര്‍ ജനറല്‍, അസിസ്റ്റന്റ് ജനറല്‍, ജനറല്‍ കൗണ്‍സില്‍ എന്നിവരാണ്.
എം.ജെ കന്യാസ്ത്രീകള്‍ക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ അറിയില്ലെന്നാണ് അവിടെനിന്നുള്ള ചിലര്‍ പറയുന്നത്. ആ കത്ത് ബിഷപ്പ് ഹൗസില്‍ തന്നെ തയ്യാറാക്കിയതായിരിക്കാമെന്നാണ് സംശയം ഉയരുന്നത്. കഴിഞ്ഞ ദിവസം ബിഷപ്പിനു വേണ്ടി ഉപവസിച്ചു പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിച്ചു പുറത്തുവിട്ട കത്ത് കൈപ്പടയില്‍ എഴുതിയതായിരുന്നു. അതില്‍ ഒപ്പുവച്ചിരിക്കുന്നതു മദര്‍ ജനറല്‍, അസിസ്റ്റന്റ് ജനറല്‍, ജനറല്‍ കൗണ്‍സില്‍ എന്നിവരാണ്. അരമന പൂട്ടി ഫ്രാങ്കോയ്‌ക്കൊപ്പം വിശ്വസ്തരും കേരളത്തിലേക്ക് പോന്നതോടെ മലയാളത്തില്‍ കത്ത് ടൈപ്പ് ചെയ്‌തെടുക്കാന്‍ പറ്റാതെയാണ് കൈപ്പടയില്‍ തയ്യാറാക്കിയതതെന്ന് സംശയിക്കാം.
ഫാ. ഏര്‍ത്തയിലിനും സി.അമലയ്ക്കുമെതിരായ കേസുകളിലെ അന്വേഷണം ഉള്ളിലേക്ക് കടന്നാല്‍ എത്തിച്ചേരുന്നത് ഒരേ ഗൂഢസംഘത്തില്‍ തന്നെയാണ്. ഏര്‍ത്തയിലിന്റെ ഓഫര്‍വിളിക്ക് പിന്നിലുള്ള സംഘം തന്നെയാണ് സി.അമലയുടെ അന്വേഷണ റിപ്പോര്‍ട്ടിനു പിന്നിലും. തൃശൂരില്‍ നിന്നും ജലന്ധറില്‍ എത്തിയ ഒരു സി.എം.ഐ വൈദികന്‍, ജലന്ധര്‍ രൂപതയില്‍ നിന്നുതന്നെയുള്ളവരും ഫ്രാങ്കോയ്ക്ക് ഒപ്പം എല്ലായ്‌പ്പോഴുമുള്ള കണ്ണൂര്‍ സ്വദേശിയായ ഒരു വൈദികനും കാണാമറയത്തിരുന്ന് കരുക്കല്‍ നീക്കുന്ന കാലടി സ്വദേശികളായ രണ്ടു വൈദികരുമാണ് ഈ ഗൂഢാലോചനയുടെ എല്ലാം പിന്നിലെന്നാണ് അവിടെ നിന്നുള്ള വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.
ഇവരില്‍ മൂന്നു പേര്‍ ഇപ്പോഴും തിരശ്ശീലയ്ക്ക് പിന്നിലാണ്. ഫ്രാങ്കോയുടെ കാബിനറ്റിലെ ‘ചാണക്യ’നാണ് കാലടി സ്വദേശിയായ ഒരാള്‍. രൂപതയിലെ സാമ്പത്തിക ഇടപാടുകളും സ്ഥാപനങ്ങളുടെ നടത്തിപ്പുമെല്ലാം ഇവരുടെ കൈകളിലാണ്. ഈ രണ്ടുകേസുകള്‍ ശരിയായ വിധത്തില്‍ അന്വേഷിച്ചാല്‍ ഈ ഗൂഢലോചന സംഘത്തിന്റെ കൈകളില്‍ വിലങ്ങുവീഴുക തന്നെ ചെയ്യും.
കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണം തുടക്കം മുതല്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നുവെന്ന് കുടുംബം തന്നെ ആരോപിച്ചിരുന്നു. കേസ് ഒരുഘട്ടത്തില്‍ ക്രൈംബ്രാഞ്ചിന് വിട്ടേക്കുമെന്ന് സൂചനയും വന്നിരുന്നു. ഈ ഘട്ടത്തിലാണ് നിലവിലെ അന്വേഷണ സംഘത്തില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയാല്‍ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി കുടുംബം രംഗത്തുവന്നത്. വൈക്കം ഡി.വൈ.എസ്.പിയുടെ ജോലിഭാരം കുറയ്ക്കാനും അനുബന്ധ കേസുകളിലെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനുമാണ് ഈ രണ്ടു കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറുന്നതെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിശദീകരണം.
കന്യാസ്ത്രീയുടെ പരാതിയുടെ കാര്യത്തിലും ഇതുതന്നെയാണ് പറഞ്ഞുകേട്ടത്. പാലായുടെ ചുമതല കൂടിയുള്ള ഡി.വൈ.എസ്.പിയുടെ ‘ജോലിഭാരം കുറയ്ക്കാനാണ്’ ബന്ധപ്പെട്ടവര്‍ ശ്രമിച്ചതെന്ന് അന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്നത്തെ സംഭവങ്ങളതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇൗ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയത് അട്ടിമറിക്കുള്ള നീക്കമാണോ എന്ന് സംശയിച്ചാല്‍ തെറ്റുപറയാനാവില്ല. അന്വേഷണ പുരോഗതി വിലയിരുത്തി പ്രതികരിക്കാമെന്നാണ് പരാതിക്കാരുടെ നിലപാട്.
ബിഷപ്പിനെതിരായ കേസുമായി ബന്ധപ്പെട്ട് അഞ്ച് അനുബന്ധ പരാതികളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. തോമസ് ചിറ്റൂപറമ്പില്‍ എന്നയാള്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് കന്യാസ്ത്രീയുടെ സഹോദരി കാലടി സി.ഐയ്ക്ക് നല്‍കിയ പരാതി, പരാതിക്കാരിയേയും മറ്റ് കന്യാസ്ത്രീകളെയും അധിക്ഷേപിച്ച് സംസാരിച്ചതില്‍ പി.സി ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ കന്യാസ്ത്രീ കോട്ടയം എസ്.പിക്ക് നല്‍കിയ പരാതി, കന്യാസ്ത്രീകളുടെ മൊഴിമാറ്റാന്‍ ശ്രമിച്ചതിന് ഫാ.പീറ്റര്‍ കാവുംപുറത്തിനെതിരെ പോലീസ് എടുത്ത കേസ് എന്നിവയാണ് മറ്റു മൂന്നെണ്ണം. പോലീസ് വീണ്ടുമെത്തി മൊഴിയെടുത്താല്‍ ഫ്രാങ്കോ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കന്യാസ്ത്രീകള്‍ മനസ്സുതുറന്നേക്കുമെന്ന് ഇവര്‍ ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ പോലീസിന്റെ വരവ് തടയുകയാണ് ഇവരുടെ ലക്ഷ്യം. ഇവരെ ഡല്‍ഹിക്ക് പറഞ്ഞുവിട്ടതിനു പിന്നിലും ഫ്രാങ്കോയുടെ വിശ്വസ്തരാണെന്നും സൂചനയുണ്ട് എന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു .