
കോട്ടയം: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ സമരം ചെയ്‌ത കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് നടന്ന കണ്‍വെഷന്‍ വേദിക്ക് സമീപം പ്രതിഷേധം. ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. ചടങ്ങിനിടെ ഫ്രാങ്കോയ്‌ക്ക് അനുകൂലമായ മുദ്രാവാക്യം വിളിച്ച് ഇവര്‍ പ്രതിഷേധിക്കുകയായിരുന്നു.
അതേസമയം, ബിഷപ്പിനെതിരെ സമരം ചെയ്‌ത കന്യാസ്ത്രീകള്‍ക്ക് കേസ് തീരുന്നത് വരെ കുറുവിലങ്ങാട് കന്യാസ്ത്രീ മഠത്തില്‍ താമസിക്കാന്‍ അനുമതി ലഭിച്ചതായി സിസ്‌റ്റര്‍ അനുപമ പറഞ്ഞു. ഇത് സംബന്ധിച്ച ഉറപ്പ് ജലന്ധര്‍ രൂപതയുടെ അധികൃതരില്‍ നിന്നും ലഭിച്ചതായും സിസ്റ്റര്‍ അനുപമ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തങ്ങള്‍ക്ക് നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി.