മധുരൈ: കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ നാശം വിതച്ച ഗജ ചുഴലിക്കാറ്റ് തീരം വിട്ടു. ദുരിതബാധിത പ്രദേശങ്ങളില്‍ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരുമെല്ലാം ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഇതിനിടയിലാണ് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനായി പ്രമോഷന്‍ നടക്കുന്നതെന്ന വാര്‍ത്തകള്‍. ദുരിതബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്ത ഭക്ഷണപാക്കറ്റുകളില്‍ രജനീകാന്തിന്റെ ചിത്രം പതിച്ചിട്ടുമുണ്ട്.
രാഷ്ട്രീയ പ്രവേശനത്തിന് രജനീകാന്ത് ഒരുങ്ങുന്ന സമയമാണ് ഇത്. അതുകൊണ്ട് തന്നെ തമിഴ്‌നാട് ദുരിതത്തില്‍ നിന്ന് കരകയറുന്ന സമയം മുതലെടുക്കുകയാണെന്നാണ് ആരോപണം. ജനങ്ങളുടെ നിസ്സഹായവസ്ഥയെ മുതലെടുക്കുന്നതാണ് ഇത്തരം പ്രവര്‍ത്തികളെന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്.
ഗജ’ ചുഴലിക്കാറ്റില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 100-110 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റില്‍ വലിയ നാശ നഷ്ടങ്ങളാണ് നാഗപട്ടണത്തിലും വേദാരണ്യത്തിലും ഉണ്ടായത്.