ഭോപ്പാല്‍ :കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ വീടിന് സമീപത്തെ വൈക്കോല്‍പുരയില്‍ തൂങ്ങിമരിച്ചു നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ഭോപ്പാലിനടുത്ത് ബൈത്തുല്‍ ജില്ലയിലാണ് ഈ ദാരൂണമായ സംഭവം അരങ്ങേറിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 31 ന് പെണ്‍കുട്ടിയുടെ വീടിന് സമീപത്തായി യുവാക്കള്‍ മദ്യപിച്ച് പുതുവര്‍ഷാഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അര്‍ദ്ധ രാത്രി മൂത്രമൊഴിക്കാനായി പെണ്‍കുട്ടി വീട്ടിന് പുറത്തിറങ്ങിയപ്പോള്‍ മദ്യലഹരിയിലായ നാല് യുവാക്കള്‍ കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. അടുത്തുള്ള കൃഷിപ്പാടത്തേക്ക് കൊണ്ട് പോയ യുവാക്കള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ശേഷം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി ബലാത്സംഗം ചെയ്തവരുടെ പേരുകള്‍ എഴുതി വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഈ നാല് യുവാക്കളെയും അറസ്റ്റ് ചെയ്തു.