ബെർലിൻ:ജർമൻ കത്തോലിക്കസഭയിൽ 3677 കുട്ടികൾ രാജ്യത്ത് ലൈംഗിക പീഡനത്തിനിരയായി. പുരോഹിതന്മാരുടെ ലൈംഗികപീഡനത്തിനിരയായ രാജ്യത്തെ നൂറുകണക്കിന് കുട്ടികളോട് മാപ്പുപറയുന്നതായി ജർമൻ കത്തോലിക്കസഭ. 1946-നും 2014-നുമിടയിൽ ജർമനിയിൽമാത്രം 3677 കുട്ടികൾ ലൈംഗികപീഡനത്തിനിരയായെന്ന റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെയാണ് ജർമൻ കത്തോലിക്കസഭയുടെ മേധാവിയായ കർദിനാൾ റീൻഹാഡ് മാക്സ് ഇരകളോട് ക്ഷമചോദിച്ചത്. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പുവരുത്തണമെന്നും ജർമൻ ബിഷപ്പ് കോൺഫറൻസ് ചെയർമാനായ അദ്ദേഹം വ്യക്തമാക്കി.
ജർമൻ ബിഷപ്പ് കോൺഫറൻസ് നിയമിച്ച കമ്മിഷനാണ് ബാലലൈംഗിക പീഡനങ്ങളുൾപ്പെടെയുള്ള അതിക്രമങ്ങളെക്കുറിച്ചും അവ മൂടിവെച്ച സംഭവങ്ങളെക്കുറിച്ചും റിപ്പോർട്ട് തയ്യാറാക്കിയത്. 27 രൂപതകളിൽനിന്നുള്ള 38,000 രേഖകളാണ് സംഘം പരിശോധിച്ചത്. ഫുൽദയിൽ നടക്കാൻപോകുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിൽ ഔദ്യോഗികമായി പുറത്തുവിടാൻ തീരുമാനിച്ച റിപ്പോർട്ട് ഈ മാസമാദ്യം മാധ്യമങ്ങൾവഴി ചോരുകയായിരുന്നു. കുറ്റകൃത്യങ്ങളുടെ യഥാർഥ എണ്ണം വെളിപ്പെടുത്തിയതിനേക്കാൾ നാലുമടങ്ങ് കൂടുതലാവുമെന്നാണ് ഗവേഷകസംഘം പറയുന്നത്. പലരേഖകളും നശിപ്പിക്കപ്പെട്ടതും തിരുത്തലുകൾ വരുത്തിയതും യഥാർഥ കണക്ക് ലഭ്യമാവുന്നതിന് തടസ്സമായി. സ്വതന്ത്ര ഏജൻസിയെക്കൊണ്ട് റിപ്പോർട്ട് ഓഡിറ്റ് ചെയ്യിക്കണമെന്നും ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യമുയരുന്നുണ്ട്.
പീഡനങ്ങൾ മറച്ചുവെച്ചതിന്റെയും നിഷേധിച്ചതിന്റെയും ഉത്തരവാദിത്വം കത്തോലിക്കസഭ ഏറ്റെടുക്കണമെന്നും കുറ്റവാളികളായ പുരോഹിതരെ നിയമത്തിനുകീഴിൽ കൊണ്ടുവരാൻ നിയമസംവിധാനങ്ങളുമായി സഹകരിക്കണമെന്നും ജർമൻ നിയമമന്ത്രി കാതറീന ബർലി ആവശ്യപ്പെട്ടു.
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ
*1946-നും 2014-നുമിടയിൽ 3677 കുട്ടികൾ രാജ്യത്ത് ലൈംഗിക പീഡനത്തിനിരയായി
*രാജ്യത്തെ 1670 പുരോഹിതർ ഇക്കാലയളവിൽ ഏതെങ്കിലും തരത്തിലുള്ള ലൈംഗികപീഡനത്തിൽ പങ്കാളികളായി
*ഇരകളെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കി
*പകുതിയിലധികം കുട്ടികളും പതിമ്മൂന്നോ അതിൽ താഴെയോ പ്രായമുള്ളവർ
* ആരോപണം നേരിട്ട മൂന്നിലൊന്ന് പുരോഹിതൻമാർ മാത്രമാണ് സ്ഥലംമാറ്റം ഉൾപ്പെടെയുള്ള സഭാനടപടികൾ നേരിട്ടത്.
*38 ശതമാനം കേസുകൾ സിവിൽകോടതികളിലെത്തി