ലൈംഗികപീഡനം സഹിക്കവയ്യാതെ മാധ്യമ പ്രവര്‍ത്തക പത്രാധിപരെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

ഇന്ത്യാ അണ്‍ബൗണ്ട് മാസിക പത്രാധിപര്‍ നിത്യാനന്ദ് പാണ്ഡേ കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥാപനത്തിലെ പത്രപ്രവര്‍ത്തകയെയും പ്രിന്റിംഗ് ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗികപീഡനം സഹിക്കവയ്യാതെയാണ് കൊലപാതകം നടത്തിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. 45കാരനായ നിത്യാനന്ദ് പാണ്ഡേയെ മാര്‍ച്ച് 15 മുതല്‍ കാണാതായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാണ്ഡേയുടെ മൃതദേഹം താനെയിലെ ഭീവാണ്ടിയിലെ പുഴയോരത്ത് കണ്ടെത്തിയത്.

തലയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. പോലീസിന്റെ അന്വേഷണത്തെത്തുടര്‍ന്ന് പ്രതി അങ്കിത മിശ്ര എന്ന 24കാരിയാണെന്ന് പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ സതീഷ് ഉമാശങ്കര്‍ മിശ്ര എന്ന 34കാരനും കൂട്ടുപ്രതിയാണെന്ന് തെളിഞ്ഞു. രണ്ട് വര്‍ഷമായി തുടരുന്ന ലൈംഗികപീഡനം സഹിക്കാനാവാതെയാണ് പാണ്ഡേയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് അങ്കിത പോലീസിനോട് പറഞ്ഞു. മൂന്നു വര്‍ഷമായി ഇന്ത്യാ ബൗണ്ടില്‍ ജോലി ചെയ്തു വരികയായിരുന്നു അങ്കിത. ഇരുവരും ചേര്‍ന്ന് പാണ്ഡേയെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ശീതളപാനീയത്തില്‍ മയക്ക് മരുന്ന് നല്കി അബോധാവസ്ഥയിലാക്കി. തുടര്‍ന്നാണ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം പുഴയില്‍ ഉപേക്ഷിക്കുകയും ചെയ്തു.

Top