കൊച്ചി: ഫേസ്ബുക്ക് വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദം നടിച്ച് പീഡിപ്പിച്ച യുവാക്കളെ എറണാകുളം വടക്കേക്കര പൊലീസ് പിടികൂടി. ആറ് യുവാക്കളെയാണ് പിടികൂടിയത്. സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് നാടിനെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പോക്‌സോ വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുമായി കേസിലെ ഒന്നാംപ്രതി അജയ്‌ജോയ് ഫേസ്ബുക്ക് വഴി പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തു. പിന്നീട് സൗഹൃദം നടിച്ച് പലയിടങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. നീണ്ടൂര്‍ സ്വദേശികളായ അജയ്‌ജോയ്, അരുണ്‍പീറ്റര്‍, അണ്ടിപ്പിള്ളിക്കാവ് സ്വദേശി സരണ്‍ജിത്ത്, പട്ടണം സ്വദേശി ആല്‍ബിന്‍, പൂയ്യപ്പിള്ളി സ്വദേശി ഷെറിന്‍കുമാര്‍, പെരുമ്പടന്ന സ്വദേശി രോഹിത്ത് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
പീഡനത്തിന് പുറമെ പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ ആഭരണവും കൈക്കലാക്കി. കഴുത്തിലെ സ്വര്‍ണമാല കാണാതായതിനെതുടര്‍ന്ന് പെണ്‍കുട്ടിയോട് വീട്ടുകാര്‍ ഇതിനെക്കുറിച്ച് ചോദിച്ചു. പെണ്‍കുട്ടിയുടെ മറുപടിയില്‍ തൃപ്തരാകാത്ത വീട്ടുകാര്‍ സ്‌കൂള്‍ അധികൃതരെ സമീപിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരങ്ങള്‍ പുറത്തുവന്നത്. പെണ്‍കുട്ടി നല്‍കിയപരാതിയുടെ അടിസ്ഥാനത്തിലാണ് വടക്കേക്കര പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ആറുപേരെയും റിമാന്‍ഡ് ചെയ്തു