പനാജി: ഇലക്ഷനിൽ ഒന്നാം കക്ഷിയായെങ്കിലും കോൺഗ്രസിന് ഭരണം നേടാനാവാതെ പോയ സംസ്ഥാനമാണ് ഗോവ. സഖ്യകക്ഷികളെ ചാട്ടിക്കുപിടിച്ച് ബിജെപി ഭരണം നേടുകയായിരുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷം കോൺഗ്രസിൻ്റെ പത്ത് എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിലേയ്ക്ക് പോയി. ഇത്തരത്തിൽ ആംഗ്ലോ ഇന്ത്യൻ സംസ്കാരം നിലനിൽക്കുന്ന സംസ്ഥാനം ഭാരതീയ സംസ്കാരത്തിലേയ്ക്ക് നടക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.
ഇപ്പോൾ ഗോവിലെ പ്രശ്നമായി മാറിയിരിക്കുന്നത് അവിടത്തെ അലഞ്ഞ് തിരിയുന്ന പശുക്കളാണ്. ഗോവധ നിരോധനം നിലവിലിരിക്കുന്ന സംസ്ഥാനത്ത് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പശുക്കള്‍ മാംസഭുക്കുകളായി മാറിയെന്നാണ് റിപ്പോർട്ട്. ഗോവയിലെ മാലിന്യ സംസ്‌കരണ മന്ത്രി മൈക്കിള്‍ ലോബോയാണ് ഇത് വെളിപ്പെടുത്തിയത്.
മുമ്പ് സസ്യഭക്ഷണം മാത്രം കഴിച്ചിരുന്ന പശുക്കളെല്ലാം ഇപ്പോള്‍ മാംസഭക്ഷണം തേടി അലയുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയായ കലാന്‍ഗുട്ടെയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന 76 പശുക്കളെ ഗോശാലയിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇവയില്‍ ഒന്നുപോലും സസ്യഭക്ഷണം കഴിക്കാന്‍ തയ്യാറായില്ല. കോഴിയുടെ അവശിഷ്ടങ്ങളും വറുത്ത മത്സ്യവുമൊക്കെയാണ് ഇവയുടെ പ്രിയപ്പെട്ട ഭക്ഷണം. മാംസഭുക്കുകളായി മാറിയ കന്നുകാലികളെ തിരികെ സസ്യഭുക്കുകളാക്കി മാറ്റിയെടുക്കാന്‍ മൃഗഡോക്ടര്‍മാവെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു.