കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ മൊഴികള്‍ ജനം ടിവി മുൻ കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റർ അനില്‍ നമ്പ്യാര്‍ക്കു കുരുക്കാകുമെന്നു സൂചന.അനില്‍ നമ്പ്യാരുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്ന സ്വപ്നയുടെ മൊഴിയാണു വിനയാകുന്നത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ സ്വപ്നയുടെ മൊഴിയില്‍ മൂന്നു പേജിലാണു അനില്‍ നമ്പ്യാരെപ്പറ്റി പരാമര്ശിക്കുന്നതെന്നാണു പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍.
ജൂലൈ അഞ്ചിന് നാല് മിനിട്ട് 22 സെക്കന്‍ഡാണു സ്വപ്നയുമായി അനില്‍ ഫോണില്‍ സംസാരിച്ചത്. ഇതു സംബന്ധിച്ച കാര്യങ്ങളിലുമാണു കസ്റ്റംസ് വിശദീകരണം തേടുന്നത്.ഒരു പ്രാവശ്യം മാത്രമേ വിളിച്ചിട്ടുള്ളൂവെന്നും വാര്‍ത്ത സംബന്ധിച്ച വിശദീകരണത്തിനാണു വിളിച്ചതെന്നുമാണ് അനില്‍ വ്യക്തമാക്കിരുന്നത്. എന്നാല്‍ ഇവരുടെ സൗഹൃദവും പരസ്പര സഹായവും കസ്റ്റംസ് തിരിച്ചറിഞ്ഞതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
രണ്ടു വര്‍ഷംമുമ്പ് സരിത് വഴിയാണ് അനിലിനെ പരിചയപ്പെട്ടതെന്നാണു സ്വപ്നയുടെ മൊഴിയത്രേ. കേസില്‍പെട്ട് യുഎഇയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ടായിരുന്ന അനിലിനെ വിലക്ക് നീക്കാന്‍ കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ സഹായിച്ചതായും മൊഴിയിലുള്ളതായാണു വിവരം. ഇവര്‍ തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്നതാണു തിരുവനന്തപുരത്തെ ടൈല്‍സ് കടയുടെ ഉദ്ഘാടനമെന്നാണ് കസ്റ്റംസിന്റെ നിഗമനമത്രേ.
സ്വപ്നയുടെ സ്വാധീനത്തിലാണു കോണ്‍സുല്‍ ജനറലിനെ പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്നുമാണ് കസ്റ്റംസ് നിഗമനം. ഇത് സംബന്ധിച്ചെല്ലാം കസ്റ്റംസ് വിശദമായ അന്വേഷണം നടത്തുന്നതായാണു വിവരങ്ങള്‍.സ്വപ്നയുമായി നടന്ന ഫോണ്‍ വിളിയുടെ പശ്ചാത്തലത്തില്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയില്‍ കസ്റ്റംസ് ഓഫീസില്‍ നടന്ന അഞ്ചര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് വിട്ടയച്ചത്. ഇദേഹത്തിനു ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും മൊഴികള്‍ പരിശോധിക്കണമെന്നുമാണ് കസ്റ്റംസ് വെളിപ്പെടുത്തുന്നത്.
അതേസമയം, ഈ വിഷയത്തില്‍ തന്നെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ ദുരീകരിക്കപ്പെടുന്നതുവരെ ജനം ടിവി ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളില്‍നിന്നും മാറി നില്ക്കുന്നതായി അനില്‍ നമ്പ്യാര്‍ അറിയിച്ചു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു വെളിപ്പെടുത്തല്‍. ഒരു മാധ്യമപ്രവര്ത്തകന് എന്ന നിലയില്‍ സമൂഹത്തിലെ നന്മമരങ്ങളോട് മാത്രമേ സംവദിക്കാവൂ എന്ന് എവിടെയും എഴുതി വെച്ചിട്ടില്ലല്ലോ.
താന്‍ അവരെ വിളിക്കുമ്പോള്‍ അവര്‍ സംശയത്തിന്റെ നിഴലില്‍ പോലുമില്ലായിരുന്നു. 2018 ല്‍ പരിചയപ്പെടുന്നവര്‍ നാളെ സ്വര്‍ണക്കടത്തുകാരോ കൊലപാതകികളോ ആയി മാറുമെന്ന് കവടി നിരത്തി പറയാനാവില്ലല്ലോ.സ്വര്‍ണക്കടത്തിന് പിന്നില്‍ ഇവരാണെന്നറിഞ്ഞിട്ടും ഒളിവില്‍ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ ഒരു ചാനലിലെത്തിയ കാര്യം എല്ലാവര്‍ക്കുമറിയാമല്ലോ. പക്ഷെ ആര് എത്തിച്ചുവെന്ന് ആരും തിരക്കുന്നില്ല ! സ്വപ്നയുമായി ടെലിഫോണില്‍ സംസാരിച്ച മാധ്യമപ്രവര്ത്തകന് താന്‍ മാത്രമാണോയെന്ന് ആരും അന്വേഷിക്കുന്നില്ല !
അവരുമായി അടുപ്പമുള്ള മാധ്യമപ്രവര്‍ത്തകര്‍ ആരൊക്കെയാണെന്ന് ആര്‍ക്കും അറിയേണ്ട ! അതായത് സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ രാഷ്ട്രീയം വ്യക്തമാണ്.താന്‍ വഴി ജനം ടിവിയിലൂടെ ബിജെപിയുടെ ഉന്നതരെ അടിക്കുകയാണ് ഉദേശ്യം എന്നും അനില്‍ നമ്പ്യാരാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.