കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി സ്വപ്ന സുരേഷിന് ജാമ്യം. അന്വേഷണ സംഘം കുറ്റപത്രം ഇതുവരെയും സമർപ്പിക്കാത്തതിനാലുള്ള സ്വാഭാവിക ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്. അതേ സമയം സ്വപ്നയ്ക്കെതിരെ എൻഐഎ യുഎപിഎ ചുമത്തി എടുത്ത കേസിൽ റിമാൻഡിലായതിനാൽ പുറത്തിറങ്ങാനാവില്ല. സ്വപ്നയ്ക്കൊപ്പം അറസ്റ്റിലായ മറ്റു പ്രതികൾക്കും കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലാത്തതിനാലാണ് കസ്റ്റംസ് സ്വർണക്കടത്ത് കേസിൽ ഇതുവരെയും കുറ്റപത്രം സമർപ്പിക്കാത്തത്.
കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ കെ.ടി റെമീസ് ഉള്‍പ്പടെയുള്ള മറ്റ് പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ ആദ്യം കസ്റ്റംസ് ആണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നത്. നേരത്തെ സ്വപ്‌ന സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെ നല്‍കിയ അപേക്ഷയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
അതേസമയം സ്വപ്ണയ്ക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകളാണ് എന്‍ഐഎ ചുമത്തിയിരിക്കുന്നത്. അതിനാല്‍ കസ്റ്റംസ് കേസില്‍ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാന്‍ പറ്റില്ല. സ്വപ്‌നയക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടത്തുകേസിലെ പതിനേഴ് പ്രതികളില്‍ പത്തുപേര്‍ക്കാണ് ഇതുവരെ ജാമ്യം ലഭിച്ചത്.
അതേ സമയം സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെളിപ്പെടുത്താൻ തയാറാണെന്ന് എൻഐഎ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി നിർദേശിച്ചിരുന്നു. ഇതിനായി എൻഐഎ അന്വേഷണ സംഘം രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
എറണാകുളം സിജെഎം കോടതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ആലുവ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിനെ ചുമതലപ്പെടുത്തയതിനെ തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. ഈ രഹസ്യമൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഇയാളെ മാപ്പുസാക്ഷിയാക്കണോ എന്ന കാര്യത്തിൽ കോടതി തീരുമാനം എടുക്കുക. സ്വപ്ന അറസ്റ്റിൽ ആകുമ്പോൾ ഉൾപ്പെടെ ഒപ്പമുണ്ടായിരുന്ന സന്ദീപ് നായർ മാപ്പു സാക്ഷിയാകുന്നത് എൻഐഎ അന്വേഷണ സംഘത്തിന് നേട്ടമാകും എന്നാണ് വിലയിരുത്തൽ.