സ്വന്തം ലേഖകൻ
തിരുവനന്തപുരം: സർക്കാരിനെ പിടിച്ചു കുലുക്കിയ സ്വർണ്ണക്കടത്ത് കേസിന്റെ ട്രാക്ക് മാറുന്നില്ല. വീണ്ടും കറങ്ങിത്തിരിഞ്ഞ് സംസ്ഥാന സർക്കാരിലെ ഉന്നതനിലേയ്ക്കും, പൊലീസ് ഐജിയിലേയ്ക്കും തന്നെ സ്വർണ്ണക്കടത്തിന്റെ ചിറകുകൾ എത്തുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. സ്വർണ്ണക്കടത്ത് മാഫിയ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയ സർക്കാരിന്റെ അടുപ്പക്കാരനായ മാധ്യമ സ്ഥാപന മേധാവിയെ ഉടൻ തന്നെ എൻ.ഐ.എ ചോദ്യം ചെയ്യുമെന്ന സൂചനയാണ് പുറത്തു വരുന്നത്.
സ്വർണ്ണക്കടത്ത് കേസിൽ പ്രതി ചേർക്കപ്പെട്ട സ്വപ്‌ന സുരേഷുമായി ഏറെ അടുപ്പമുണ്ടായിരുന്നു സംസ്ഥാന സർക്കാരിന്റെ സ്വന്തക്കാരനായ ഈ മാധ്യമ സ്ഥാപന മേധാവിയ്ക്ക്. ഈ മാധ്യമ സ്ഥാപന മേധാവി നടത്തിയ നിർണ്ണായക ഇടപെടലുകൾ സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിനു സഹായകരമായിട്ടുമുണ്ടെന്ന സൂചനയും എൻ.ഐ.എയ്ക്കു ലഭിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസ് നടന്നതിന്റെ അടുത്ത ദിവസങ്ങളിൽ സ്വപ്‌നയുടെ ഫോണിലേയ്ക്കു ഈ മാധ്യമ സ്ഥാപനത്തിന്റെ മേധാവി മണിക്കൂറുകളോളം വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
മുൻപ് സോളാർ വിവാദം ഉണ്ടായ സമയത്തു സരിതയെ രാത്രിയെന്നും പകലെന്നുമില്ലാതെ ഫോണിൽ ബന്ധപ്പെട്ട് ഈ മാധ്യമ സ്ഥാപന മേധാവി കുടുക്കിൽപ്പെട്ടിരുന്നു. അന്ന് സരിതയുടെ പീഡനപ്പട്ടികയിൽ പെടാതെ ഭാഗ്യം കൊണ്ടു മാത്രമാണ് ഈ ചാനൽ മേധാവി രക്ഷപെട്ടത്. മുഖ്യമന്ത്രിയുടെ ഓഫിസുമായി അടുപ്പമുള്ള ഈ ചാനൽ മേധാവി മുഖ്യമന്ത്രിയുടെ വിശ്വസ്തൻ ചമഞ്ഞാണ് ഇപ്പോൾ തട്ടിപ്പുകളിൽ ഒന്നും പെടാതെ രക്ഷപെട്ടിരുന്നത്.
എന്നാൽ, സർക്കാരിനെതിരെ നിരന്തരം ചെളിവാരിയെറിഞ്ഞു വിമർശനം നടത്തുന്ന സ്വകാര്യ ഓൺലൈൻ ചാനലിന്റെ മേധാവിയും ഇവിടുത്തെ ആളുകളുമായി ഏറെ അടുപ്പം ഈ മാധ്യമ മേധാവി സ്ഥാപിച്ചിട്ടുണ്ട്. സർക്കാരിനെതിരായ ആക്രമണം നടത്തുന്ന ഓൺലൈൻ മാധ്യമത്തിന്റെ നീക്കത്തിനു മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഈ ചാനൽ മേധാവി കുടപിടിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. ഇതിനു കൃത്യമായ തെളിവുകൾ മുഖ്യമന്ത്രി പിണറായി വിജയനും ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സർക്കാരിന്റെ വിശ്വസ്തനായി നിന്ന് സർക്കാരിനെ ചതിക്കുന്ന ആളെ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഇപ്പോൾ പിണറായി സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ എൻ.ഐ.എ ചോദ്യം ചെയ്താൽ നിലവിലുള്ള ചാനലിന്റെ മേധാവി സ്ഥാപനവും മുഖ്യമന്ത്രിയുടെ ഓഫിസിലെ നിർണ്ണായകമായ സ്ഥാപനവും ഇദ്ദേഹത്തിനു നഷ്ടമായേക്കും.
ഇതിനിടെയാണ്, സ്വപ്‌നാ സുരേഷിനെയും സരിത്തിനെയും രക്ഷപെടാൻ സഹായിച്ചവരുടെ പട്ടികയിൽ ഈ ഐജിയുടെ പേരും ഉയർന്നു വന്നത്.പലവിവാദങ്ങളിലും നിന്നും തടിയൂരിയ ഈ ഐ ജി എൻ.ഐ.എ ഓഫിസിലും എത്തിയാൽ പൊട്ടിക്കരയേണ്ടി വരുമെന്ന സൂചനയാണ് എൻ.ഐ.എ വൃത്തങ്ങൾ നൽകുന്നത്. സ്വർണ്ണക്കടത്ത് നടന്ന ദിവസങ്ങളിൽ ഇദ്ദേഹത്തെ സ്വപ്‌ന വിളിച്ചതായും, ഇദ്ദേഹം തിരികെ വിളിച്ചതായും ആരോപണമുണ്ട് .
ഇത് കൂടാതെയാണ് സ്വപ്നയെ രക്ഷപെടാൻ ഈ ഉന്നതൻ തന്നെ ഇടപെട്ടു എന്ന വാർത്തയും പുറത്തു വരുന്നത്. തന്റെ പേര് പുറത്ത് പറയരുത് എന്ന് പറഞ്ഞുകൊണ്ട് ഈ ഉന്നതൻ കരച്ചിൽ തുടങ്ങിയിട്ടുണ്ട് .അതേസമയം ശിവശങ്കരനെ കൂടാതെ മുഖ്യമന്ത്രിയുടെ വിശ്വസ്തരായ ഈ രണ്ടു പേരെ കൂടി എൻ ഐ എ ചോദ്യം ചെയ്താൽ സർക്കാർ വെട്ടിലാകും.പിന്നെ പിണറായിക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല .