നിങ്ങൾ എന്ന് മരിക്കും എന്നത് ഇനി ഗൂഗിൾ പറയും  

നിങ്ങൾ എന്ന് മരിക്കും എന്നതിനെ കുറിച്ച് കൃത്യമായി അല്ലെങ്കിലും ഒരുവിധം ഉത്തരം തരാൻ സാധിക്കുന്ന ഒരു സാങ്കേതിക വിദ്യ ഉണ്ടെങ്കിലോ? ഗൂഗിൾ ഈയിടെ വികസിപ്പിച്ചെടുത്ത ഒരു AI സംവിധാനം നിങ്ങൾ എത്ര നാൾ ആശുപത്രിയിൽ തുടരേണ്ടി വരും, എപ്പോൾ പോകാൻ സാധിക്കും, എപ്പോൾ വീണ്ടും ആശുപത്രിയിൽ തിരിച്ചു വരേണ്ടി വരും എന്ന് തുടങ്ങി മരണത്തെ സാധ്യതകളെ കുറിച്ച് വരെ നമ്മോട് പറയും.

കേട്ടിട്ട് അത്ഭുതവും വിശ്വാസക്കുറവും തോന്നിയേക്കാം. എന്നാൽ സംഭവം ഉള്ളത് തന്നെ. ഗൂഗിൾ ഈയടുത്തായി അതിനായുള്ള ചില പഠനങ്ങൾ നടത്തുകയും ഒരു അൽഗോരിതം വികസിപ്പിച്ചെടുക്കുകയും ചെയ്തിരിക്കുകയാണ്. ഗൂഗിളിന്റെ AI ഗവേഷണ വിഭാഗം ഒരു സ്ത്രീയിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ AI സംവിധാനം നിർമ്മിച്ചിരിക്കുന്നത്.

സ്തനാർബുദം ബാധിച്ച ഒരു സ്ത്രീയിൽ ഗൂഗിൾ AI വിഭാഗം നടത്തിയ പഠന പ്രകാരം 175,639 ഡാറ്റ പോയിന്റുകളിലായി മരണത്തിന്റെയും ജീവിക്കാനുള്ളതിന്റെയും സാധ്യതകൾ വിലയിരുത്തിയപ്പോൾ 19.9 ശതമാനം മരണത്തിനുള്ള സാധ്യത വെളിവാക്കുകയും ചെയ്തു. വൈകാതെ തന്നെ ആ സ്ത്രീ മരിക്കുകയും ചെയ്തു. സ്ത്രീയുടെ മരണം ഞെട്ടിക്കുന്നതായിരുന്നെങ്കിലും അതിലൂടെ ഗൂഗിളിന് ഒരു കാര്യം തെളിയിക്കാൻ സാധിച്ചു. AI സംവിധാനങ്ങൾ ഉപയോഗിച്ച് രോഗികളുടെ നില കുറച്ചധികം മനസ്സിലാക്കാൻ സാധിക്കുമെന്നും അതനുസരിച്ചുള്ള മുൻകരുതലുകൾ ലഭ്യമാക്കാൻ സാധിച്ചാൽ രക്ഷപ്പെടാൻ സാധ്യതയുള്ള കേസുകളിൽ ആളുകളെ രക്ഷിക്കാൻ ഉള്ള അവസരം ഉണ്ടാക്കാം എന്നും ഇനി രോഗം എങ്ങനെ വന്നാലും മരണത്തിലേ തീരൂ എങ്കിൽ അതിനെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകാൻ സാധിക്കും എന്നും ഗൂഗിൾ AI മനസ്സിലാക്കിക്കൊടുത്തു.

ഇത് പ്രകാരം ഗൂഗിൾ ഉണ്ടാക്കിയ ഒരു പ്രത്യേക AI സംവിധാനം വഴി രോഗിയുടെ പല അവസ്ഥകളെ മുൻകൂട്ടി പ്രവചിക്കാനും എത്ര നാൾ ആശുപത്രിയിൽ തുടരേണ്ടി വരും, എപ്പോൾ പോകാൻ സാധിക്കും, എപ്പോൾ വീണ്ടും ആശുപത്രിയിൽ തിരിച്ചു വരേണ്ടി വരും എന്ന് തുടങ്ങി പല കാര്യങ്ങളും അറിയാൻ പറ്റും. ഇതിൽ ഏറെ അതിശയകരമായ കാര്യം രോഗിയുടെ മുൻകാല റെക്കോർഡുകളും മറ്റും അടിസ്ഥാനമാക്കിയുള്ള രോഗ നിർണ്ണയം വരെ ഇതിനാൽ സാധ്യമാകുന്നു എന്നതാണ്. ഗൂഗിൾ ഈയടുത്തിടെയായി AI വിഭാഗത്തിൽ മാത്രം കാര്യമായി ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന കാര്യം നമ്മൾ മുമ്പ് വായിച്ചതാണ്. ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ ലെന്സ്, ഗൂഗിൾ ഹോം, ഗൂഗിൾ സേർച്ച്, ഗൂഗിൾ മാപ്‌സ് തുടങ്ങി പല കാര്യങ്ങളിലും AI സംവിധാനങ്ങൾ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഗൂഗിൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്പോലെ ആരോഗ്യരംഗത്തും ഇത്തരം ഒരു AI സംവിധാനം വരികയാണെങ്കിൽ അത് ഗൂഗിളിനും അതിലേറെ ഈ മേഖലയിലും ഏറെ ഗുണകരമായ ഒന്നായിത്തീരും.

Top