ഛണ്ഡീഗഡ്: പശുക്കളെ തൊട്ടാല്‍ തൊട്ടവനെ തട്ടും എന്ന അവസ്ഥയിലേക്ക് രാജ്യത്തിന്റെ പോക്ക് എന്നു വേണമെങ്കില്‍ പറയാം. പശുക്കളെ കടത്തിയെന്നും ഉപദ്രവിച്ചുമെന്നും ആരോപിച്ച് നിരവധിപേര്‍ക്ക് ക്രൂര മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. ഇപ്പോഴിതാ ഗോക്കളെ സംരക്ഷിക്കാന്‍ ഹരിയാന സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്നു.
ഹരിയാനയിലെ ഗോ സംരക്ഷകര്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്. പശുക്കളെ കടത്തുന്ന വാഹനങ്ങളില്‍നിന്ന് ഗോ സംരക്ഷകര്‍ എന്ന വ്യാജേന പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാണെന്ന പൊലീസ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. പശുസംരക്ഷകരും ഗോ ഭക്തരുമായി ഭാവിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹരിയാനയിലെ ഗോ കമ്മീഷന്‍ തലവനും ആര്‍.എസ്.എസ്. സൈദ്ധാന്തികനുമായ ബാനി രാം മംഗ്ല വ്യക്തമാക്കുന്നു. പശു സംരക്ഷകര്‍ എന്ന വ്യാജേന പശുക്കളെയും മറ്റു മൃഗങ്ങളെയും കൊണ്ടു പോകുന്ന വാഹനങ്ങളില്‍നിന്ന് എണ്ണായിരം രൂപ വീതം വാങ്ങിയ ഒരു സംഘത്തെ ഹിസാര്‍ ജില്ലയില്‍നിന്ന് ഹരിയാന പൊലീസ് പിടികൂടിയിരുന്നു.
ഈ സാഹചര്യത്തില്‍ പശു സംരക്ഷണത്തിന് അധികാരപ്പെടുത്തിയ ഒരു സംഘത്തെ നിയോഗിക്കുകയാണ് പോംവഴിയെന്ന് മംഗ്ല പറയുന്നു. ഇതിന്റെ ഭാഗമായി തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നതിനായി 100 പേരടങ്ങുന്ന ഗോ സംരക്ഷകരുടെ ഒരു പട്ടിക ഹരിയാനയില്‍ പ്രവര്‍ത്തിക്കുന്ന ഗോ രക്ഷാ ദള്‍ എന്ന സംഘടന ഗോ കമ്മീഷന് കൈമാറിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് ഉറപ്പുവരുത്തും.
ഗോ സംരക്ഷകര്‍ എന്ന പേരില്‍ പ്രശ്നങ്ങളുണ്ടാക്കുന്നവരില്‍ വലിയൊരു വിഭാഗവും സാമൂഹ്യവിരുദ്ധരാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹരിയാന സര്‍ക്കാര്‍ ഗോ സംരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതെന്ന് ശ്രദ്ധേയമാണ്.
തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടെങ്കിലും കന്നുകാലികളെ കടത്തുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്താനോ നിയമം കൈയിലെടുക്കാനോ ഗോ സംരക്ഷകര്‍ക്ക് അധികാരമില്ലെന്ന് മംഗ്ല വ്യക്തമാക്കുന്നു. പശുവിനെ കടത്തുന്നതായോ കൊല്ലുന്നതായോ കണ്ടാല്‍ ഇവര്‍ക്ക് സംസ്ഥാന പൊലീസിലെ പശു സംരക്ഷണത്തിനുള്ള പ്രത്യേക സേനയെ വിവരം അറിയിക്കാം. ഡി.ഐ.ജി. റാങ്കിലുള്ള ഐ.പി.എസ് ഓഫീസറുടെ നേതൃത്വത്തില്‍ 300 സൈനികരടങ്ങുന്ന സംഘമാണ് ഹരിയാനയിലെ പശുസംരക്ഷണത്തിനുള്ള പ്രത്യേക കര്‍മസേന.