ഗോമാംസം വിറ്റെന്ന് ആരോപിച്ച് വീണ്ടും അരുംകൊല..!! ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം 34 കാരനെ തല്ലിക്കൊന്നു

റാഞ്ചി: പശുവിൻ്റെ പേരിൽ രാജ്യത്ത് വീണ്ടും ഹിന്ദുത്വ ആൾക്കൂട്ടത്തിൻ്റെ അരുംകൊല.  ഗോമാംസം വിറ്റുവെന്ന് ആരോപിച്ച് ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം 34 കാരനെ തല്ലിക്കൊന്നു. തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 34 കിലോമീറ്റര്‍ അകലെ കുന്തി എന്ന സ്ഥാലത്താണ് സംഭവം.

രണ്ട് പേര്‍ക്ക് ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ 10 മണിയോടെ നിരോധിക്കപ്പെട്ട ഇറച്ചി വില്‍പ്പന നടത്തിയെന്നാരോപിച്ച് പ്രദേശവാസികള്‍ ചിലരെ പിടികൂടിയതായി കറ പോലീസ് സ്‌റ്റേഷനില്‍ വിവരം ലഭിക്കുകയായിരുന്നെന്നും ഇവരെ നാട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നെന്നും ഡി.ഐ.ജി എ.വി ഹോംകാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പരിക്കേറ്റ മൂന്ന് പേരെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ കലീം ബര്‍ല എന്ന യുവാവാണ് പിന്നീട് മരണപ്പെട്ടത്. പ്രതികളെ പിടികൂടാനായി പോലീസ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പരിശോധനകള്‍ നടക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Top