തൊഴില്‍ നിയമങ്ങളില്‍ വിപ്ലവ മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍; സ്ത്രീ സുരക്ഷയ്ക്ക് പ്രഥമ പരിഗണന

തൊഴില്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ തയ്യാറായി സര്‍ക്കാര്‍. തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനാണ് സര്‍്കകാര്‍ തയ്യാറെടുക്കുന്നത്. സത്രീ സുരക്ഷയ്ക്കാണ് കൂടുതല്‍ മുന്‍തൂക്കം കൊടുക്കുകയെന്നാണ് വിവരം. കല്യാണ്‍ സില്‍ക്സിലെയും ആലപ്പുഴ സീമാസിലെയും സ്ത്രീ തൊഴിലാളികള്‍ തങ്ങള്‍ക്ക് ഇരിപ്പിടം ആവശ്യപ്പെട്ട് നടന്ന സമരങ്ങളാണ് കാതലായ മാറ്റത്തിന് കാരണകുന്നത്. കേരള ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ടിലെ പുതിയ ഭേദഗതികള്‍ നടപ്പാകുന്നതോടെ തുണിക്കടകളിലെയും മറ്റും പെണ്‍കുട്ടികള്‍ക്ക് ഇരിപ്പിടം ലഭിക്കും.

സ്ത്രീകളുടെ ജോലിസമയത്തില്‍ മാറ്റമുള്‍പ്പെടെയുള്ള ഭേദഗതികളാണ് ആക്ടില്‍ വിഭാവനം ചെയ്യുന്നത്. ഭേദഗതി നിര്‍ദേശങ്ങള്‍ തൊഴില്‍വകുപ്പ് സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിച്ചു. ഇവ നിയമവകുപ്പിന്റെ പരിഗണനയ്ക്കായി നല്‍കിയിട്ടുണ്ടെന്ന് തൊഴില്‍മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതിനുശേഷം നിയമസഭ പരിഗണിക്കും. അധികം വൈകാതെ ഭേദഗതികള്‍ക്ക് അനുമതിയാകുമെന്ന് അധികൃതര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെയ്യുന്ന പ്രധാനമാറ്റങ്ങളിലൊന്ന് സ്ത്രീകളുടെ ജോലിസമയമാണ്. രാത്രി ഏഴുമണിവരെ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാനാണ് നേരത്തേ അനുമതിയുണ്ടായിരുന്നത്. ഇത് ഒന്‍പതുമണിയാക്കി നീട്ടാനാണ് നീക്കം. സ്ത്രീകള്‍ക്ക് സുരക്ഷിതമായ ജോലിസാഹചര്യം ഉറപ്പുവരുത്താന്‍ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ടെന്നും ഇതില്‍ വ്യക്തമാക്കുന്നു. സ്ത്രീകളെ രാത്രിഷിഫ്റ്റില്‍ ഒറ്റയ്ക്ക് ജോലിക്ക് നിയോഗിക്കരുത്. കൂട്ടമായിവേണം ഇവരുടെ ജോലിസമയം ക്രമീകരിക്കാന്‍. ജോലിസ്ഥലത്തുനിന്നും സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കണം. ആവശ്യമെങ്കില്‍ താമസസൗകര്യവും നല്‍കണം.

ഇരിക്കാനുള്ള അനുമതിയാണ് മറ്റൊരു പ്രധാന ഭേദഗതി. ദിവസം മുഴുവന്‍ നിന്ന് ജോലിചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്ന് വ്യാപാരസ്ഥാപനങ്ങളിലെ വില്‍പ്പന വിഭാഗത്തിലുള്ള ജീവനക്കാര്‍ ഏറെനാളായി ആവശ്യപ്പെട്ടുവരികയായിരുന്നു. മിനിമം വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും കര്‍ശനനടപടികളുണ്ടാകും. മിനിമംവേതനം നല്‍കാത്ത സാഹചര്യങ്ങളില്‍ പരാതിയുയര്‍ന്നാല്‍ ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍മാര്‍ക്ക് ഇടപെടാം. പണം ലഭിക്കാനുള്ള സാഹചര്യങ്ങളില്‍ റവന്യൂ റിക്കവറിവഴി അത് വാങ്ങി നല്‍കാനും കഴിയും. ഇത്തരം സാഹചര്യങ്ങളില്‍ ഈടാക്കുന്ന പിഴ ചുരുങ്ങിയത് ഒരുലക്ഷം രൂപയും കൂടിയ തുക അഞ്ചുലക്ഷം രൂപയുമായിരിക്കും.

പലപ്പോഴും ടെക്‌സ്റ്റെയില്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന ദുരിതങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഒരു വരി വാര്‍ത്ത പോലും ആകാത്ത കാലമായിരുന്നു അടുത്തുവരെ. പരസ്യദാതാക്കളാണ് ഇവര്‍ എന്നതാണ് ഇതിന് കാരണം. എന്നാല്‍, അസംഘടതി മേഖലയിലെ ഈ തൊഴിലാളി പ്രശ്‌നം മറുനാടന്‍ മലയാളിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കല്യാണ്‍ സാരീസിലെ വനിതാ ജീവനക്കാര്‍ ജോലിക്കിടെ ഒന്നിരിക്കാന്‍ വേണ്ടി ചെയ്ത് സമരം മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു. ഒടുവില്‍ ഗത്യന്തരമില്ലാതെ വിഷയം തൊഴിലാളി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഏറ്റെടുത്തു. ടെക്‌സ്റ്റെയിലിന് മുന്നില്‍ കുടില്‍കെട്ടി നില്‍പ്പു സമരം ആരംഭിക്കുകയും ഒടുവില്‍ ടെക്‌സ്റ്റെയില്‍ ഭീമന്‍ സമരക്കാര്‍ക്ക് മുന്നില്‍ കീഴടങ്ങുകയും ചെയ്തുവെന്നത് സമീപകാലത്തെ തൊഴിലാളി സമരങ്ങളിലെ ശ്രദ്ധേയമായ വിജയമായി.

കല്യാണ്‍ സാരീസിലെ സമരത്തിന് ശേഷം മാനേജ്‌മെന്റിന്റെ അടിമത്ത സ്വഭാവത്തില്‍ പ്രതിഷേധിച്ച് പ്രമുഖ ടെക്‌സ്റ്റെയില്‍ ഗ്രൂപ്പായ സീമാസിലെ ജീവനക്കാരും സമരരംഗത്തുണ്ടായിരുന്നു. പലപ്പോഴും ടെക്സ്റ്റെയില്‍ മേഖലയില്‍ എട്ട് മണിക്കൂര്‍ ജോലിക്ക് പകരം പന്ത്രണ്ട് മണിക്കൂറോളം ഒന്നിരിക്കാന്‍ പോലും സാധിക്കാതെ ജോലി ചെയ്യേണ്ടി വരുന്നു. ഇങ്ങനെ ജോലി ചെയ്യുമ്പോള്‍ തന്നെ തീര്‍ത്തും തുച്ഛമായ വരുമാനമാണ് ഇവര്‍ക്ക് നല്‍കുന്നതും. ആറായിരത്തിയഞ്ഞൂറ് മുതല്‍ ഏഴായിരം രൂപ വരെയാണ് പരമാവധി ശമ്പളമായി നല്‍കുന്നത്. ഇരുന്നൂറ് രൂപ വരെ മാത്രമാണ് തൊഴിലാളികളുടെ ദിവസ വേതനം. ഇങ്ങനെ തുച്ഛമായ വേതനത്തിന് ജോലി ചെയ്യേണ്ടി വരുമ്പോഴും ഫൈനെന്നും മറ്റും പറഞ്ഞ് പിച്ചചട്ടയില്‍ നിന്നും കൈയിട്ടു വാരുന്ന സമീപനവും ടെക്സ്റ്റെയില്‍സുകള്‍ സ്വീകരിക്കാറുണ്ട്.

ജോലിക്കിടെ അടുത്തു നില്‍ക്കുന്ന സുഹൃത്തിനോട് സംസാരിക്കാന്‍ പോലും ഇവര്‍ക്ക് അനുവാദമില്ല. ഇങ്ങനെ സംസാരിച്ചു പോയാല്‍ ദിവസശമ്പളത്തിന്റെ പകുതി പോകുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. നൂറ് രൂപ മുതല്‍ 300 രൂപ വരെ ഫൈനായി ഈടാക്കുന്നുവെന്നുമാണ് ആക്ഷേപം. എത്ര പേര്‍ പരസ്പരം സംസാരിക്കുന്നോ അതിനനുസരിച്ച് ഫൈന്‍ കൂടുമെന്നും തൊഴിലാളികള്‍ പറയുന്നു. ഇങ്ങനെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഗതികെട്ടാണ് ജീവനക്കാര്‍ നേരത്തെ സമരത്തിനിറങ്ങിയതും.

ജോലി സമയത്തിനിടെ പ്രാഥമിക കൃത്യങ്ങള്‍ക്ക് പോകാതിരിക്കാന്‍ ശുചിമുറി പൂട്ടിയിടുന്ന പതിവു പോലും ചില ടെക്സ്റ്റെയില്‍സില്‍ ഉണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സമയം പോകുമെന്ന കാരണം പറഞ്ഞാണ് ഈ മനുഷ്യാവകാശ ലംഘനം അരങ്ങേറുന്നത്. ടെക്‌സ്റ്റെയില്‍ മേഖലയിലെ തൊഴിലാളി ചൂഷണം തടയാന്‍ ലേബര്‍ വകുപ്പ് നേരത്തെ തന്നെ ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇതൊക്കെ നഗ്നമായി ലംഘിക്കുകയാണ് പല മാനേജ്മെന്റുകളും ചെയ്യാറ്.

Top