കൊച്ചി : സംസ്ഥാനത്ത് ഷോപ്പിംഗ് മേഖലയില്‍ അടിമുടി മാറ്റം. ഇനി മുതല്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് നടത്താം. സംസ്ഥാനത്ത് രാത്രികാല ഷോപ്പിങ്ങിനു നിയമപ്രാബല്യം. ഉടമ ആഗ്രഹിക്കുന്നെങ്കില്‍ ദിവസം 24 മണിക്കൂറും, വര്‍ഷം മുഴുവനും വ്യാപാരം നടത്താം. കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണു കേരള ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമം സര്‍ക്കാര്‍ അഴിച്ചുപണിയുന്നത്. നിലവില്‍ രാത്രിയില്‍ കച്ചവടത്തിന് പൊലീസിന്റെ അനുമതി അനിവാര്യമാണ്. പുതിയ നിയമം എത്തുന്നതോടെ ഈ നിയന്ത്രണം ഇല്ലാതാകും.
നിലവിലെ നിയമം അനുസരിച്ചു രാത്രി പത്തിനുശേഷം കട പ്രവര്‍ത്തിക്കാനാവില്ല. ആഴ്ചയില്‍ ഒരു ദിവസം കട അവധിയായിരിക്കണം. രാത്രി വ്യാപാരം ചിലയിടങ്ങളില്‍ നടക്കുന്നതു തൊഴില്‍ വകുപ്പിന്റെ അനുമതിയോടെയാണ്. ഇതിനാണ് മാറ്റം വരുത്തുന്നത്. രാത്രികാല ഷോപ്പിങ്ങിനു നിയമപ്രാബല്യം വരും. ഉടമ ആഗ്രഹിക്കുന്നെങ്കില്‍ ദിവസം 24 മണിക്കൂറും കച്ചവടം നടത്താം. വര്‍ഷം മുഴുവനും വ്യാപാരം നടത്തുന്നതിനും തടസ്സമുണ്ടാകില്ല. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ് ആക്ടിന്റെ മാതൃകയനുസരിച്ചാണു പുതിയ നിയമം. നവംബര്‍ 30ന് അകം എല്ലാ സംസ്ഥാനങ്ങളും ചട്ടം രൂപീകരിക്കണം. ഇതാണ് കേരളവും പാലിക്കപ്പെടുന്നത്.
സ്ത്രീ തൊഴിലാളികളെക്കൊണ്ടു രാത്രി ഏഴിനു ശേഷം ജോലിചെയ്യിക്കാന്‍ ഇപ്പോള്‍ അനുമതിയില്ല. എന്നാല്‍, യാത്രാസൗകര്യം ഒരുക്കിയാല്‍ സ്ത്രീകള്‍ക്കും ഏതുസമയത്തും ജോലി പുതിയ നിയമം അനുവദിക്കുന്നു. തൊഴിലാളികളുടെ ജോലിസമയം എട്ടില്‍നിന്ന് ഒന്‍പതാക്കിയും ഉയര്‍ത്തി. പത്തു ജീവനക്കാരില്‍ കുറവുള്ള കച്ചവട സ്ഥാപനങ്ങള്‍ക്കു ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ റജിസ്ട്രേഷന്‍ വേണ്ടെന്നും ചട്ടമുണ്ട്. അതായത് ചെറുകിട സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ പ്രവര്‍ത്തിക്കാനാകും. ജോലി സമയം ഒന്‍പതു മണിക്കൂറാവും. ഒരു മണിക്കൂര്‍ ഇടവേളയുമുണ്ട്. അധിക ജോലിചെയ്യുന്ന ഓരോ മണിക്കൂറിനും ഇരട്ടിശമ്പളം നല്‍കണമെന്നാണ് വ്യവസ്ഥ. പരമാവധി ജോലിസമയം ആഴ്ചയില്‍ 125 മണിക്കൂറായിരിക്കും. ആഴ്ചയിലൊരിക്കല്‍ അവധി നിര്‍ബന്ധമാണ്.
സ്ത്രീകള്‍ക്കു രാത്രി ഒന്‍പതുവരെ ജോലി. സമ്മതമാണെങ്കില്‍ ഒന്‍പതിനുശേഷവും തുടരാം. സ്ത്രീസുരക്ഷയും രാത്രി യാത്രാസൗകര്യവും ഉറപ്പാക്കണമെന്ന് മാത്രം. ലേബര്‍ ഇന്‍സ്പെക്ടര്‍ ലേബര്‍ ഫെസിലിറ്റേറ്റര്‍ ആവും. ഇതാണ് കാതലായ മാറ്റം. വ്യാപാര സ്ഥാപന റജിസ്ട്രേഷന്‍ 10 വര്‍ഷം ആയിരിക്കും. നിയമ ലംഘനത്തിനു പിഴ ഉയര്‍ത്തുകയും ചെയ്തു. ഒരു ജീവനക്കാരനു 2000 രൂപ വീതം പരമാവധി രണ്ടു ലക്ഷം രൂപ പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ചുലക്ഷം രൂപ വരെ നല്‍കണം. 20 ജീവനക്കാര്‍ക്ക് ഒന്ന് എന്ന കണക്കില്‍ ശുചിമുറി നിര്‍ബന്ധമാക്കുന്നുണ്ട്. സ്ത്രീ ജീവനക്കാരുണ്ടെങ്കില്‍ ക്രഷ് സംവിധാനം അനിവാര്യതയാകും.
വന്‍കിട സ്ഥാപനങ്ങളില്‍ സ്ത്രീ ജീവനക്കാര്‍ക്കു യാത്രാസൗകര്യം ഒരുക്കേണ്ടതു സ്ഥാപന ഉടമയാണ്. എന്നാല്‍ ചെറുകിട സ്ഥാപനങ്ങളില്‍ ഉത്തരവാദിത്തം സര്‍ക്കാരിന്റേതു കൂടിയാണ്. കട ഉടമകള്‍ സംയുക്തമായോ വ്യാപാരി സംഘടനകളും തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നോ തൊഴിലാളിക്ഷേമ ഫണ്ട് ഉപയോഗിച്ചോ യാത്രാസൗകര്യം ഏര്‍പ്പെടുത്താം. ക്രഷ് സംവിധാനവും ഇത്തരത്തില്‍ സംയുക്തമായി നടത്താം. കടയുടമയും ജീവനക്കാരും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ തര്‍ക്കപരിഹാര വേദി വേണമെന്നും വ്യവസ്ഥയുണ്ട്. തൊഴില്‍ ഉടമകളുടെയും തൊഴിലാളികളുടെയും സര്‍ക്കാരിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയാണിത്. ഇതില്‍ പരിഹാരമായില്ലെങ്കിലേ തൊഴില്‍ വകുപ്പിന്റെ പരിഗണനയിലേക്ക് തര്‍ക്കങ്ങളെത്തൂ.
വ്യവസായ അന്തരീക്ഷം കൂടുതല്‍ അനുകൂലമാക്കാനും വ്യവസായം തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഏകീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. കേരള പഞ്ചായത്ത് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട്, കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍, കേരള ലിഫ്റ്റ്സ് ആന്‍ഡ് എസ്‌കലേറ്റേഴ്സ് ആക്ട്, മൂല്യവര്‍ദ്ധിത നികുതി നിയമം, ജലവിഭവ നിയന്ത്രണ നിയമം, കേരള ഫാക്ടറീസ് റൂള്‍സ് , ഹെഡ്ലോഡ് വര്‍ക്കേഴ്സ് ആക്ട്, ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്കേഴ്സ് റഗുലേഷന്‍ റൂള്‍സ്, കേരള കോണ്‍ട്രാക്ട് ലേബര്‍ ആക്ട്, കേരള മോട്ടോര്‍ വര്‍ക്കേഴ്സ് റൂള്‍സ് തുടങ്ങിയ നിയമങ്ങളിലും ചട്ടങ്ങളിലുമാണ് ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്. ഇതാണ് ഇപ്പോള്‍ നടപ്പാകുന്നത്. നടപടിക്രമങ്ങള്‍ ലളിതമാക്കുകയും ഏകീകരിക്കുകയുമാണ് ലക്ഷ്യം.
പുതിയ നിയമഭേദഗതികള്‍ അംഗീകരിക്കുമ്ബോള്‍ വ്യവസായ ലൈസന്‍സ് നല്‍കാനും റദ്ദാക്കാനും പ്രാദേശിക സ്ഥാപനങ്ങള്‍ക്കുള്ള വിവേചനാധികാരം ഇല്ലാതാകും. ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി തീരുമാനമെടക്കേണ്ടി വരും.