തിരുവനന്തപുരം: അഴിമതി ചൂണ്ടിക്കാണിച്ചതിന്‍റെ പേരില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഭീഷണി നേരിടേണ്ടിവന്നിട്ടില്ലെന്ന് സര്‍ക്കാര്‍ .
അഴിമതി വിരുദ്ധ നിലപാടിനു ജേക്കബ് തോമസ് നടപടി നേരിടേണ്ടി വന്നിട്ടില്ലെന്നു സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി. വിസിൽബ്ലോവറെന്ന പരിഗണന ജേക്കബ് തോമസിനു നൽകാനാകില്ല. ജേക്കബ് തോമസ് സർക്കാർ ഉദ്യോഗസ്ഥനാണ്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുകയായിരുന്നു. അതിനാൽ അഴിമതി പുറത്തുകൊണ്ടുവരുകയെന്ന പരിഗണന ലഭിക്കില്ലെന്നു സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നു.
അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരിൽ സർക്കാർ തന്നെ നിരന്തരം ഉപദ്രവിക്കുകയും അപഹസിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ആരോപിച്ചാണു ജേക്കബ് തോമസ് കോടതിയെ സമീപിച്ചത്. സർക്കാരിനെതിരെ നിരന്തരമായി നടത്തിയ വിമർശനങ്ങളുടെ പേരിലാണ് ഐഎംജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. പിന്നാലെ, കുറ്റാരോപണ മെമ്മോയും നൽകി. എന്നാൽ, പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്നു ശക്തമായ ഭാഷയിലാണു ജേക്കബ് തോമസ് മറുപടി നൽകിയത്.
അഴിമതിക്കെതിരെ പ്രവർത്തിക്കുന്നതും പറയുന്നതും രാജ്യത്തെ പൗരന്റെ കടമയാണെന്നും വളയുന്ന നട്ടെല്ല് അല്ല പൊലീസിന്റെ അന്തസ്സെന്നും മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി. ജേക്കബ് തോമസിനെതിരെ കൂടുതൽ നടപടി സർക്കാർ ആലോചിക്കുന്നതിനിടെയാണ് അദ്ദേഹം നിയമപോരാട്ടം തുടങ്ങിയത്. 2017 മാർച്ചിൽ വിജിലൻസ് ഡയറക്ടറായിരിക്കെ, വിസിൽബ്ലോവേഴ്സ് നിയമപ്രകാരം സംരക്ഷണം വേണമെന്നു ജേക്കബ് തോമസ് പ്രധാനമന്ത്രിക്കു കത്തയച്ച് ആവശ്യപ്പെട്ടിരുന്നു. തൊട്ടടുത്ത മാസം അദ്ദേഹത്തെ സർക്കാർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഓഖി ദുരന്തം സംബന്ധിച്ച് നടത്തിയ പ്രസംഗത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ നല്‍കിയ കുറ്റാരോപണ മെമ്മോയ്ക്ക്, പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന മറുപടിയാണ് ജേക്കബ് തോമസ് നല്‍കിയത്. സര്‍ക്കാര്‍ തുടര്‍ നടപടികളാലോചിക്കുന്ന ഘട്ടത്തിലാണ് അഴിമതി പുറത്തു കൊണ്ടുവരുന്നവര്‍ക്കുള്ള വിസില്‍ ബ്ലോവേഴ്സ് പരിരക്ഷ തേടി ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ഉപ ഹര്‍ജി നല്‍കിയത്. 2010 ല്‍ നല്‍കിയ ഹര്‍ജിയില്‍ തുടര്‍ നടപടികളായില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഉപഹര്‍ജി. ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്തിരുന്നു.
എട്ടുവര്‍ഷത്തിനുശേഷം സമര്‍പ്പിച്ച ഉപഹര്‍ജി നിലനില്‍ക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. അഴിമതി ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് വിസില്‍ ബ്ലോവേഴ്സ് പരിരക്ഷ. ജേക്കബ് തോമസ് നടത്തിയത് ഔദ്യോഗിക കൃത്യ നിര്‍വഹണമാണ്. അത് അഴിമതി ചൂണ്ടിക്കാണിച്ചതിന്‍റെ പരിധിയില്‍ വരില്ല. അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച അച്ചടക്ക നടപടികള്‍ അഴിമതി ചൂണ്ടിക്കാണിച്ചതിനല്ല. അടുത്തമാസം 12 ന് കോടതി കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്‍റെ ആലോചന.


