തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡ് വിഭജനത്തിനുള്ള ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. നിയമസഭ പാസാക്കിയ ബിൽ ഇതോടെ നിയമമായി. നേരത്തേ ബിൽ ഓർഡിനൻസായി മന്ത്രിസഭ അംഗീകരിച്ച് ഗവർണറുടെ അനുമതിക്കായി നൽകിയിരുന്നു. എന്നാൽ, ഓർഡിനൻസ് നിയമസഭയിൽ പാസാക്കാൻ കഴിയില്ലേ എന്നു ചോദിച്ചു ഗവർണർ സർക്കാരിനോടു വിശദീകരണം തേടിയിരുന്നു.സെൻസസ് നടപടികൾ ആരംഭിച്ചതിനാൽ ഓർഡിനൻസിന് അംഗീകാരം നൽകരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകിയിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡ് വിഭജനവുമായി ബന്ധപ്പെട്ടുള്ള നടപടികൾ പൂർത്തീകരിച്ച് രാജ്ഭവൻ ഇന്നലെ ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിച്ചു. സംസ്ഥാനത്തെ മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളുടെ എണ്ണം ഒന്നുവീതം കൂട്ടാനുള്ളതാണു ബിൽ. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ അംഗങ്ങളുടെ എണ്ണം 13 ൽ കുറയാനോ 23 ൽ കൂടാനോ പാടില്ലെന്ന ഇപ്പോഴത്തെ നിബന്ധന മാറ്റി 14 മുതൽ 24 വരെ ആക്കി മാറ്റാനാണ് ബില്ലിലെ വ്യവസ്ഥ. ജില്ലാപഞ്ചായത്തിൽ അംഗങ്ങളുടെ എണ്ണം 16ൽ കുറയാനോ 32 ൽ കൂടാനോ പാടില്ല എന്ന വ്യവസ്ഥ 17 മുതൽ 33 വരെ എന്നാക്കും.
പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഓരോ വാർഡ് വർധിപ്പിക്കുന്നതിനുള്ള രണ്ടു ബില്ലുകളാണു നിയമസഭ പാസാക്കിയത്. രണ്ടിനും ഗവർണർ ഇന്നലെ അംഗീകാരം നൽകി.അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന് ഏതു വോട്ടർ പട്ടിക ഉപയോഗിക്കണമെന്നതിൽ തെരഞ്ഞെടുപ്പു കമ്മീഷനും പ്രതിപക്ഷവുമായുള്ള തർക്കം സുപ്രീം കോടതിയിൽ എത്തിയിരിക്കുകയാണ്. ഇതിൽ പരിഹാരമായെങ്കിലേ തെരഞ്ഞെടുപ്പു നടപടിക്രമം ഇനി മുന്നോട്ടുപോകൂ.
2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു സംസ്ഥാന സർക്കാരിന്റെയും തെരഞ്ഞെടുപ്പു കമ്മീഷന്റെയും നീക്കം. എന്നാൽ, ഇതിനെതിരേ പ്രതിപക്ഷം ഹൈക്കോടതിയിൽ പോയി. സിംഗിൾബഞ്ച് സർക്കാർ നീക്കത്തെ ശരിവച്ചെങ്കിലും ഡിവിഷൻ ബെഞ്ച് ഇതു റദ്ദാക്കി. മാത്രമല്ല, 2019ലെ വോട്ടർ പട്ടിക പരിഷ്കരിച്ചു തെരഞ്ഞെടുപ്പു നടത്തണമെന്നു നിർദേശിക്കുകയും ചെയ്തു.
ഇതിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ. തദ്ദേശ തെരഞ്ഞെടുപ്പിനു വേണ്ട വോട്ടർ പട്ടിക വാർഡ് അടിസ്ഥാനത്തിലുള്ളതും പൊതു തെരഞ്ഞെടുപ്പിന്റേതു ബൂത്ത് അടിസ്ഥാനത്തിലുള്ളതുമാണെന്നാണ് കമ്മീഷൻ പറയുന്നത്.