സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ ഗുരുവായൂരിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനത്തിന് അനുമതി നൽകി.ഓൺലൈനായി ബുക്ക് ചെയ്തവർക്ക് മാത്രമാണ് ക്ഷേത്ര പ്രവേശനത്തിന് അനുമതി നൽകിയിരിക്കുന്നത്.
ഒരു ദിവസം 300 പേർക്കാണ് ദർശനത്തിന് അനുമതി നൽകിയത്.ഒരേ സമയം 15 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ.
ഇതിന് പുറമെ വിവാഹങ്ങൾക്കും നാളെ മുതൽ അനുമതി നൽകിയതായി ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.
സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ചതോടെയാണ് ഗുരുവായൂരിൽ അടക്കം സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം വിലക്കിയത്. ആഴ്ചകളോളം അടഞ്ഞുകിടന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രം വീണ്ടും ഭക്തർക്കായി തുറന്നുകൊടുക്കുന്നത്.
കഴിഞ്ഞദിവസം ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ആരാധനാലയങ്ങൾ തുറന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.