ഡല്‍ഹി: സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഡല്‍ഹിയിലെത്തിയ ഹാദിയക്ക് കനത്ത സുരക്ഷ. കേരള ഹൗസില്‍ മാധ്യമങ്ങള്‍ക്കും അതിഥികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന് ദില്ലിക്ക് പുറപ്പെടുന്നതിന് മുന്‍പ് ഹാദിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പറയാനുള്ളത് വ്യക്തമായി പറഞ്ഞാണ് ഹാദിയ കേരളത്തില്‍ നിന്ന് ദില്ലയിലേക്ക് വിമാനം കയറിയത്. ദില്ലി വിമാനത്താവളത്തില്‍ രാത്രി 9.45ന് ഹാദിയയും കുടുംബവും എത്തി.
അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹാദിയയെ പുറത്തേക്ക് കൊണ്ടുവരാന്‍ പൊലീസ് കനത്ത സുരക്ഷയൊരുക്കി. ഹാദിയ ഉടന്‍ പുറത്തേക്ക് വരുമെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടയില്‍ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മറ്റൊരു ഗേറ്റിലൂടെ ഹാദിയെയും കുടുംബത്തെയും പൊലീസ് കേരള ഹൗസിലേക്ക് കൊണ്ടുപോയി.
രാത്രി 11 മണിയോടെ ഹാദിയ കേരള ഹൗസില്‍ എത്തി. കേരള ഹൗസ് പരിസരത്ത് പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. അതിഥികളല്ലാത്തവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കേരള ഹൗസിലെ കാന്റീനും പൊലീസ് അടപ്പിച്ചു. മാധ്യമങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. ദില്ലിയിലെത്തിയ ഹാദിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലേക്ക് എത്തി. ഇന്നലെ വരെ മലയാളി മാധ്യമപ്രവര്‍ത്തകരും ഡല്‍ഹി മലയാളികളും സൈ്വര്യവിഹാരം നടത്തിയിരുന്ന കേരള ഹൗസല്ല ഇന്ന് ഡല്‍ഹിയിലേത്. എങ്ങോട്ടു തിരിഞ്ഞാലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യങ്ങളുമായി എത്തുന്നു. നേരത്തെ മുന്‍കൂട്ടി ബുക്ക് ചെയ്ത പ്രകാരം പ്രഭാത ഭക്ഷണം കഴിക്കാനെത്തിയവര്‍ പോലും ഗേറ്റിന് വെളിയില്‍ കാത്തു നില്‍ക്കേണ്ട അവസ്ഥ. ഇതിനെല്ലാം ഇടയാക്കിയ വിവിഐപി ആരാണ് എന്നു ചോദിച്ചു മടങ്ങുകയാണ് ചിലര്‍.
വൈക്കത്തുകാരി ഹാദിയ എന്ന പെണ്‍കുട്ടിക്ക് രണ്ട് ദിവസം താമസിക്കാന്‍ വേണ്ടിയാണ് ഇക്കാണുന്ന നിയന്ത്രണങ്ങളെല്ലാം ഏര്‍പ്പെടുത്തിയത്. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മതംമാറ്റ വിവാഹത്തിലെ മുഖ്യ കഥാപാത്രമായ ഹാദിയ ഇന്നലെയാണ് സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം ഡല്‍ഹിയില്‍ എത്തിയത്. വൈക്കത്തെ വീട്ടില്‍ നിന്നും ഹാദിയ യാത്രതിരിച്ച സമയം മുതല്‍ തുടങ്ങിയ അതീവ സുരക്ഷയിലായിരുന്നു ഹാദിയ. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തനിക്ക് ഭര്‍ത്താവിനൊപ്പം പോകണമെന്നും താന്‍ ഇസ്സാം വിശ്വാസിയാണെന്നും പറഞ്ഞതോടെ കേസ് വീണ്ടും അന്ത്യത്തിലേക്ക് നീങ്ങുകയാണെന്ന പ്രതീതി പൊതുവില്‍ ഉണ്ട്. എന്നാല്‍, കോടതിയില്‍ നിന്നും എന്തുണ്ടാകും നടപടി എന്നത് കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കാനും സാധ്യതയുണ്ട്.
ഇന്നലെ ഉച്ചതിരിഞ്ഞാണ് ഹാദിയ വൈക്കത്തു നിന്നും ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ മുതല്‍ ഹാദിയയെ ചുറ്റിപ്പറ്റി ദേശീയ മാധ്യമങ്ങളുടെ പട തന്നെ ഉണ്ടായിരുന്നു. എന്നാല്‍, ഹാദിയയെ ആരോടും സംസാരിക്കാന്‍ അനുവദിക്കാതെ സുരക്ഷയൊരുക്കി നെടുമ്പാശ്ശേരി വരെ ഹാദിയയെയും മാതാപിതാക്കളെയും കേരളാ പൊലീസ് എത്തിച്ചു. എന്നാല്‍, നെടുമ്പാശ്ശേരിയില്‍ എത്തിയതോടെ പൊലീസിന് കാര്യങ്ങള്‍ കൈവിട്ടു പോയി. ജീപ്പില്‍ നിന്നും വിമാനത്താവളത്തിലേക്ക് പുറത്തിറങ്ങുമ്പോള്‍ ഹാദിയ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നു പറഞ്ഞു.
ഹാദിയ മാധ്യമങ്ങളോട് പറയാനുള്ളതെല്ലാം വെട്ടിത്തുറന്ന് പറഞ്ഞതും പൊലീസിന് തിരിച്ചടിയായി. രണ്ടുദിവസമായി വൈക്കത്തെ വസതിക്ക് സമീപം തമ്പടിച്ച ദേശീയമാധ്യങ്ങള്‍ അടക്കമുള്ളവരെ അകറ്റിനിര്‍ത്തുന്നതില്‍ വിജയിച്ച പൊലീസിന് വിമാനത്താവളത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോയതും ക്ഷീണമുണ്ടാക്കിയെന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് ആലുവ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് വിഭാഗം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി. മാധ്യമങ്ങളോട് സംസാരിക്കാന്‍ ഹാദിയക്ക് അവസരമൊരുങ്ങിയത് വിമാനത്താവളത്തില്‍ എറണാകുളം റൂറല്‍ പൊലീസിന്റെ സുരക്ഷ വീഴ്ചയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
അതേസമയം, വൈക്കത്തെ സുരക്ഷസംവിധാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രശംസിച്ചു. ഹാദിയയെ ആഭ്യന്തര ടെര്‍മിനലിന് പിന്നിലൂടെ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കാനായിരുന്നു പൊലീസ് ഉന്നതരുടെ കൊച്ചിയില്‍ ചേര്‍ന്ന യോഗം ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി കൊച്ചി റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയെങ്കിലും വിമാനത്താവള അധികൃതര്‍ അനുമതി നിഷേധിച്ചു. പിന്നീട് രേഖാമൂലം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അനുമതി നല്‍കിയില്ല.
തുടര്‍ന്ന് കൂടുതല്‍ പൊലീസിനെ വിന്യസിച്ച് മാധ്യമങ്ങളെ പൂര്‍ണമായി ഒഴിവാക്കി വിമാനത്താവളത്തിനകത്തേക്ക് എത്രയും വേഗം എത്തിക്കാനായിരുന്നു നീക്കം. ഇതിനായി ബി.എസ്.എഫിന്റെ സഹായവും തയാറാക്കിയിരുന്നു. എന്നാല്‍, അവസാനനിമിഷം എല്ലാം തകിടംമറിഞ്ഞു. ഡി.ജി.പി ലോക്നാഥ് ബെഹ്റയും ഇക്കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. സുരക്ഷയൊരുക്കുന്നതില്‍ റൂറല്‍ പൊലീസ് വേണ്ടത്ര ശ്രമിച്ചില്ലെന്നും ഒരുക്കിയ സുരക്ഷ സംവിധാനം പാളിയെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും പറയുന്നത്.
വൈകുന്നേരം ആറരയോടെ ടാറ്റയുടെ വിസ്താര വിമാനത്തിലാണ് ഹാദിയ ഡല്‍ഹിയില്‍ എത്തിയത്. ഇവിടെ നിന്നും ഡല്‍ഹി പൊലീസിന്റെ സുരക്ഷാ അകമ്പടിയോടെ അവര്‍ കേരളാ ഹൗലെത്തി. കേരളാ ഹൗസിലെ താഴത്തെ നാല് മുറികളിലായാണ് ഹാദിയയും മാതാപിതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും കഴിയുന്നത്. മലയാളം മാധ്യമങ്ങളുടെ സ്ഥിരം താവളമായ കേരളാ ഹൗസില്‍ നിന്നും അവര്‍ കുടിയിറക്കപ്പെടുകയും ചെയ്തു. ഇന്നലെ മുതല്‍ കേരളാ ഹൗസിന് പുറത്ത് സുരക്ഷയൊരുക്കുന്നത് ഡല്‍ഹി പൊലീസാണ്. എ കെ 47 തോക്കുമേന്തിയാണ് ഡല്‍ഹി പൊലീസിന്റെ സുരക്ഷയൊരുക്കല്‍.
അതേസമയം കേരളാ ഹൗസിന് ഉള്ളില്‍ സുരക്ഷയൊരുക്കുന്നത് കേരളാ പൊലീസാണ്. എന്തായാലും ഹാദിയക്കും കൂട്ടര്‍ക്കും സുരക്ഷ ഒരുക്കാന്‍ വേണ്ടി പൊലീസ് നടത്തിയ ശ്രമങ്ങള്‍ തിരിച്ചടിയായത് ഡല്‍ഹി കാണാനും മറ്റുമായി എത്തിയ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘങ്ങള്‍ക്കാണ്. ഇവര്‍ക്ക് ബുക്ക് ചെയ്ത ഭക്ഷണം പോലും കഴിക്കാന്‍ സാധിച്ചില്ല. ഇതിനിടെ ഹാദിയക്ക് പിന്തുണയുമായി ഒരു വിഭാഗം ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ കേരളാ ഹൗസിന് മുന്നിലെത്തിയിരുന്നു. ദേശീയ തലത്തില്‍ ശ്രദ്ദിക്കപ്പെട്ട കേസായതിനാല്‍ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാന്‍ ദേശീയ മാധ്യമങ്ങളും രംഗത്തുണ്ടായിരുന്നു. പതിവിന് വിപരീതമായി കേരളാ ഹൗസിലെ ഗേറ്റിന് വെളിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാനേ മാധ്യമങ്ങള്‍ക്കും സാധിച്ചുള്ളു.
നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് കേസ് കോടതി പരിഗണിക്കുന്നത്. അതുവരെ കേരളാ ഹൗസിന് കനത്ത സുരക്ഷയുണ്ടാകും എന്നത് ഉറപ്പാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹാദിയ ഹാജരാകുന്നത്. കേസ് കഴിയുന്നതു വരെ അതീവ സുരക്ഷാ വലയത്തില്‍ തന്നെയാകും ഹാദിയ എന്നത് ഉറപ്പാണ്. അതിനിടെ ഹാദിയ കേസില്‍ തീരുമാനം നീട്ടികൊണ്ട് പോകരുതെന്ന് ഷെഫിന്‍ ജഹാന്റെ അഭിഭാഷകര്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെടും. ഇക്കാര്യത്തിലുള്ള നിലപാട് ഹാദിയ തന്നെ വ്യക്തമാക്കിയതിനാല്‍ ഹാദിയയുടെ പിതാവ് അശോകന്റെയും എന്‍ഐഎയുടെയും നിലപാടുകള്‍ അപ്രസക്തമാണ്.
നാളെതന്നെ വിഷയത്തില്‍ കോടതി അന്തിമതീരുമാനം എടുക്കണമെന്നും അഭിഭാഷകര്‍ കോടതിയില്‍ അറിയിക്കും. അതേസമയം ഇന്ന് ഷെഫിന്‍ ജഹാന്‍ ഇന്ന് ഡല്‍ഹിയിലെത്തും. കപില്‍ ശിബല്‍, ഹാരിസ് ബീരാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. രാത്രി എട്ടരയോടെയാണ് കൂടിക്കാഴ്ച. ഹാദിയയെ കോടതിയില്‍ വിളിച്ചുവരുത്തി നിലപാട് അറിയുമെന്ന് ഒക്ടോബര്‍ 30 നാണ് സുപ്രിം കോടതി വ്യക്തമാക്കിയത്. ഹാദിയയുടെ പിതാവ് അശോകന്റെയും എന്‍ഐഎയുടെയും ശക്തമായ എതിര്‍പ്പ് തള്ളിക്കൊണ്ടായിരുന്നു ഹാദിയയുടെ ഭാഗം നേരിട്ട് കേള്‍ക്കാനുള്ള സുപ്രിംകോടതി തീരുമാനം.