ഹരിയാനയില്‍ കോണ്‍ഗ്രസ് അങ്കം തുടങ്ങി: രാഹുലിന്റെ നേതൃത്വത്തില്‍ കര്‍ഷക യാത്രകളും യോഗങ്ങളും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും

ഹരിയാന: നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ നേടാനായി. കര്‍ഷകരുടെ പിന്തുണയോടെയാണ് അത് സാധ്യമായത്. ഹരിയാനയിലും അതേ തന്ത്രം പയറ്റാനാണ് കോണ്‍ഗ്രസ് തീരുമാനം. കര്‍ഷകരെ ഒന്നിപ്പിച്ച് യാത്രകള്‍ സംഘടിപ്പിക്കാനും യോഗങ്ങള്‍ സംഘടിപ്പിക്കാനും അതിലൂടെ കര്‍ഷകര്‍ക്കിടയില്‍ ശക്തമായ വേരോട്ടം നടത്താനുമാണ് രാഹുലിന്റെ നീക്കം.
ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആറു മണിക്കൂറിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നാണ് മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്സിന്റെ വാക്ക് പാഴ് വാക്ക് അല്ല എന്നതിന്റെ ഉറപ്പാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സര്‍ക്കാറുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതോടൊപ്പം തന്നെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞാല്‍ വാര്‍ധക്യ പെന്‍ഷന്‍ 2000 രൂപയില്‍ നിന്ന് 3000 ആയി വര്‍ധിപ്പിക്കും, 12 മണിക്കൂറിനുള്ളില്‍ വൈദ്യൂതി നിരക്കുകള്‍ പകുതിയായി കുറയ്ക്കുമെന്നും ഹൂഡ പറഞ്ഞു.
ഇത് മാത്രമല്ല, കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് വേണ്ടി കിസാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ കര്‍ഷകരെ പങ്കെടുപ്പിച്ച് യോഗം നടത്താനും നീക്കങ്ങള്‍ അണിയറയില്‍ തുടങ്ങിക്കഴിഞ്ഞു.കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ എല്ലാ ബൂത്ത്,ജില്ലാ സോണല്‍ കേന്ദ്രങ്ങളിലും കര്‍ഷക പ്രശ്നങ്ങള്‍ ഉന്നയിച്ച് കര്‍ഷക യാത്രകള്‍ സംഘടിപ്പിക്കും. മോദി സര്‍ക്കാരിന്റെ ഭരണ പരാജയത്തെ കുറച്ച് പഠിപ്പിക്കുക എന്നതാണ് കോണ്‍ഗ്രസ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

Top