കേരളം മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത വിധത്തിലുള്ള മഴക്കെടുതി നേരിടുകയാണ്. ഗവണ്‍മെന്റും മറ്റ് ഏജന്‍സികളും സൈന്യവും എല്ലാം കൈകോര്‍ത്ത് ദുരന്തത്തെ നേരിടുകയാണ്. കേരളീയര്‍ ഒത്തൊരുമിച്ച് പ്രശ്‌നങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലും വര്‍ഗ്ഗീയ പ്രചരണവുമായി സംഘപരിവാറുകാര്‍ രംഗത്തെത്തി. സംഘപരിവാര്‍ സൈദ്ധാന്തികനായ ടി.ജി. മോഹന്‍ദാസാണ് ആദ്യം വര്‍്ഗഗീയ പരാമര്‍ശവുമായി രംഗത്തെത്തിയത്. പുറകേ അനേകം സംഘപരിവാര്‍ അനുഭാവികള്‍ അടക്കം നുണ പ്രചരണം നടത്തുകയാണ്.
വഴിത്തല സ്വദേശിയും മുംബൈ മലയാളിയുമായ ശങ്കരന്‍ നായരാണ് ഫേസ്ബുക്കിലെ ഗുരുവായൂര്‍ നെറ്റ് വര്‍ക്‌സ് എന്ന ഗ്രൂപ്പിലൂടെ വിദ്വേഷ പരാമര്‍ശം നടത്തിയിരിക്കുന്നത്. ‘പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായിരിക്കുന്നത് കേരളത്തിലെ മുസ്ലിം-ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളിലാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളായ ആലപ്പുഴയിലെ കുട്ടനാട്, ജില്ലകളായ കോട്ടയം ജില്ല, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട്, മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ദുരന്തം ഉണ്ടായിരിക്കുന്നത്. മഴക്കെടുതിയുണ്ടായ മറ്റൊരു ജില്ലയായ പാലക്കാടാവട്ടെ കമ്യൂണിസ്റ്റുകളുടെ കോട്ടയാണ്. ഈ വിഭാഗങ്ങളെല്ലാം പ്രകൃതിയെയും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ജീവികളെയും ദ്രോഹിക്കുന്നവരാണ്. മാത്രമല്ല, ഇവരെല്ലാവരും തന്നെ സ്വാമി അയ്യപ്പന്റെ പേരില്‍ കള്ളക്കളികള്‍ നടത്തുന്നവരുമാണ്. അപ്പോള്‍ മന്ദബുദ്ധികളായ മലയാളികള്‍ ഈ ദുരന്തം അര്‍ഹിക്കുന്നുണ്ടോ ഇല്ലയോ’ എന്നാണ് ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്.
കനത്ത മഴ മൂലമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വിവിധ ജില്ലകളിലായി 29 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. നിരവധി വീടുകള്‍ക്കും കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് കേടുപാടുകള്‍ സംഭവിച്ചത്. ഇത്തരമൊരു സാഹചര്യത്തിലാണ് മുംബൈയില്‍ ഇരുന്ന് കേരളത്തിലെ ദുരന്തത്തെ കുറിച്ച് വര്‍ഗീയതയും വംശീയ വിദ്വേഷവും തുളുമ്പുന്ന പരാമര്‍ശം ഇയാള്‍ നടത്തിയിരിക്കുന്നത്.
തൃശൂര്‍, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട് എന്നിവ ഹിന്ദു ഭൂരിപക്ഷ ജില്ലകളായിരിക്കെയാണ് (റിലീജ്യന്‍ സെന്‍സസ് റിപ്പോര്‍ട്ട് 2011) ഇയാള്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലകളാണെന്ന നുണ പ്രചരണം നടത്തിയിരിക്കുന്നത്. ഇതോടൊപ്പം മുസ്ലിം ഭൂരിപക്ഷ പ്രദേശമാണെന്ന് ഇയാള്‍ അവകാശപ്പെടുന്ന കോഴിക്കോട്ടെ ജനസംഖ്യയുടെ 56.21 ശതമാനവും ഹിന്ദു ജനവിഭാഗമാണ്. മാത്രമല്ല, കമ്യൂണിസ്റ്റ് ഭൂരിപക്ഷ ജില്ലയെന്ന് വാദിക്കുന്ന പാലക്കാട്ടെ ഹിന്ദു ജനസംഖ്യ 66.76 ആണെന്നും 2011 ലെ റിലീജ്യന്‍ സെന്‍സസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് നുണയില്‍ മുക്കിയ വര്‍ഗീയ പ്രചരണവുമായി ഇയാള്‍ രംഗത്തെത്തിയിരിക്കുന്നത്.
ദുരന്തത്തിനിടയിലും വര്‍ഗീയത കാണുന്ന ഇവര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇതു കൂടാതെ സ്വന്തം ടൈംലൈനില്‍ ഇയാള്‍ സമാന രീതിയില്‍ മറ്റൊരു പോസ്റ്റും ഇട്ടിട്ടുണ്ട്. ‘കേരളത്തിലെ വെള്ളപ്പൊക്കം! ഇത് പ്രകൃതി ദുരന്തമാണോ അതോ മനുഷ്യനാല്‍ സംഭവിച്ചതാണോ പ്രകൃതിക്കും നേരെയുള്ള ഉപദ്രവങ്ങളും. അയ്യപ്പന്റെ പേരിലുള്ള കള്ളക്കളികളും അവസാനിപ്പിക്കുക’ എന്നാണ് ഇയാളുടെ പോസ്റ്റ്. ഇതിനടിയിലും മലയാളികളുടെ രൂക്ഷ വിമര്‍ശനങ്ങള്‍ കാണാം.
സേട്ടന്‍ മഹാരാഷ്ട്രയില്‍ അല്ലേ സേട്ട… അവിടെ മുംബൈ എയര്‍പോര്‍ട്ട് അമ്പലക്കുളം പോലെ ആക്കിയതും ഈ അയ്യപ്പന്‍ ആണോ… ശബരിമലയില്‍ പോയി ഒന്നു ശെരിക്കും മനസു ഇരുത്തി അയ്യപ്പനെ വിളിക്കൂ… ആ മാനസിക കുഷ്ഠം അങ്ങു മാറട്ടെ എന്നാണ് ശ്രീനിവാസ് സോമന്‍ നായര്‍ എന്നയാളുടെ കമന്റ്. ഗുജറാത്തിലും കേദാര്‍നാഥിലും ഒക്കെ വെള്ളപ്പൊക്കം ഉണ്ടായത് അവിടെ ക്രിസ്ത്യാനികളും മുസ്ലിമുകളും കൂടുതല്‍ ഉണ്ടായിട്ടാണോ. ഈ സമയത്തെങ്കിലും വര്‍ഗീയത പറയാതെ ഇരിക്കണം എന്നാണ് ജിജോ വര്‍ഗീസ് എന്നയാള്‍ പറയുന്നത്. കേരളമൊട്ടാകെ മഴക്കെടുതിയില്‍ വേദനയനുഭവിക്കുമ്പോള്‍ അപവാദവും നുണയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്.