
ന്യുഡൽഹി:നിർഭയ കേസ് പ്രതികളുടെ ഹർജി ദില്ലി ഹൈക്കോടതി വീണ്ടും തള്ളി. വിചാരണക്കോടതി വിധി വസ്തുതകൾ പരിശോധിക്കാതെയാണ് എന്നാണ് കുറ്റവാളികളുടെ അഭിഭാഷകൻ കോടതിയിൽ ഉയർത്തിയ വാദം. എന്നാൽ, ഹർജിയിൽ ഗൗരവമായി ഒന്നും കാണുന്നില്ലെന്ന് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചു. ഹർജിക്കൊപ്പം ഒരു രേഖയും ഇല്ലെന്നും വിചാരണ കോടതി തീരുമാനം റദ്ദാക്കേണ്ട ഒരു സാഹചര്യവും കാണുന്നില്ലെന്ന് ജഡ്ജിമാർ നിലപാടെടുത്തു.നാളെ തൂക്കിലേറ്റുന്നതിന് മുമ്പ് പ്രതികൾ സുപ്രീം കോടതിയെ കൂടി സമീപ്പിച്ചേക്കുമെന്നാണ് സൂചന.
വിചാരണക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചതാണ് എന്ന് ദില്ലി കോടതി ചൂണ്ടിക്കാട്ടി. 2017 മെയില്‍ സുപ്രീം കോടതി വിധി ശരി വെച്ചതാണ്. അതിന് ശേഷം ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ വൈകിയതിനെ കോടതി വിമര്‍ശിച്ചു. ചിലര്‍ നിയമസംവിധാനം ഉപയോഗിച്ച് കളിക്കുകയാണ് എന്ന് കോടതി കുറ്റപ്പെടുത്തി. രണ്ടര വര്‍ഷത്തിന് ശേഷം ദയാഹര്‍ജികള്‍ സമര്‍പ്പിക്കുന്നതില്‍ ഗൂഢാലോചന സംശയിക്കുന്നതായും കോടതി പറഞ്ഞു.
ശിക്ഷ സ്റ്റേ ചെയ്ത് കേസ് വിശദമായി പരിഗണിക്കണമെന്ന് പ്രതിഭാഗം പിന്നീടും ആവശ്യപ്പെട്ടു. പ്രതികളുടെ ദരിദ്രമായ കുടുംബ പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ദൈവത്തെ കാണാനുള്ള കുറ്റവാളികളുടെ സമയം അടുത്തെന്നായിരുന്നു കോടതിയുടെ മറുപടി. എന്തിനാണ് ഞങ്ങളുടെ സമയം പാഴാക്കുന്നതെന്നും പാഴാക്കാൻ സമയമില്ലെന്നും പറഞ്ഞ ജഡ്ജിമാർ പ്രത്യേകം ദയാഹർജികൾ നൽകിയതിലെ ആസൂത്രണവും ചൂണ്ടിക്കാട്ടി. ഒരു രേഖയുമില്ലാതെയാണ് ഹർജി നൽകി സ്റ്റേ ആവശ്യപ്പെടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തേക്ക് കേസ് മാറ്റിവയ്ക്കണമെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ രണ്ട് ദിവസം കഴിയുമ്പോൾ ഹർജിക്ക് പ്രസക്തിയില്ലാതാകുമെന്നായിരുന്നു കോടതിയുടെ മറുപടി.
മൂന്ന് തവണയാണ് വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവച്ചത്. കുറ്റവാളികളെ നാളെ പുലർച്ചെ അഞ്ചരയ്ക്ക് തൂക്കിലേറ്റാൻ തിഹാർ ജയിൽ സജ്ജമായിക്കഴിഞ്ഞു. നാല് കുറ്റവാളികളുടെയും ദയാഹർജിയും തിരുത്തൽ ഹർജിയും തള്ളിയതാണെങ്കിലും അവസാന നിമിഷവും ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷകൾ കോടതിക്ക് മുമ്പിൽ എത്തിയിരിക്കുന്നു. വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് നൽകിയ ഹർജികൾ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് മുകേഷ് സിംഗ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. നിലവിലുള്ള എല്ലാ ഹർജികളും തള്ളിയാൽ പുതിയ ഹർജികൾ വീണ്ടും സമർപ്പിച്ചേക്കാം.
നാല് പേർക്കുമുള്ള തൂക്കുകയർ തയ്യാറാക്കി ആരാച്ചാർ പവൻ കുമാർ രണ്ട് ദിവസമായി തിഹാർ ജയിലിലുണ്ട്. ഡമ്മി പരീക്ഷണവും വിജയകരമായി നടന്നു. സി സി ടി വി ക്യാമറയിലൂടെ നാല് പേരുടേയും നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റവാളികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ കൗൺസിലിങ്ങും നൽകിയിരുന്നു. ബന്ധുക്കളെ കാണാനും അവസരം നൽകി.
ഇത് നാലാം തവണയാണ് കോടതി മരണവാറണ്ട് പുറപ്പെടുവിക്കുന്നത്. അതിന് എന്തെങ്കിലും വില കല്‍പ്പിക്കണമെന്ന് പ്രതികളുടെ അഭിഭാഷകനായ അഡ്വക്കേറ്റ് എപി സിംഗിനോട് കോടതി പറഞ്ഞു. പ്രതി അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ വിവാഹ മോചനത്തിന് അപേക്ഷി്ച്ചിട്ടുണ്ട് എന്നത് വധശിക്ഷ സ്റ്റേ ചെയ്യാനുളള കാരണമാവില്ലെന്നും കോടതി പറഞ്ഞു.
വധശിക്ഷയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഹര്‍ജിയുമായി നിര്‍ഭയ കേസ് പ്രതികള്‍ വീണ്ടും കോടതിയെ സമീപിച്ചത്. മരണ വാറണ്ട് സ്റ്റേ ചെയ്യാത്ത വിചാരണ കോടതി വിധിക്ക് എതിരെയാണ് കേസിലെ ഒരാള്‍ ഒഴികെയുളള മൂന്ന് പ്രതികള്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലുളള ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 5.30 നാണ് നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുക. ശിക്ഷ നടപ്പിലാക്കുന്നത് നീട്ടി വെയ്ക്കണം എന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നേരത്തെ ദില്ലി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. മുകേഷ് സിംഗ്, അക്ഷയ് സിംഗ് ഠാക്കൂര്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജികള്‍ കോടതി തളളി. വധശിക്ഷ നീട്ടി വെയ്ക്കാന്‍ ആവശ്യപ്പെട്ട് മറ്റൊരു പ്രതിയായ പവന്‍ ഗുപ്ത സുപ്രീം കോടതിയേയും സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി സുപ്രീം കോടതി തളളി.രാത്രി വൈകിയും കോടതി കേസ് പരിഗണിക്കുന്നതിന് സാക്ഷികളാവാന്‍ നിര്‍ഭയയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.