വധശിക്ഷയ്‌ക്കെതിരെയുള്ള ദയാഹര്‍ജി പിന്‍വലിക്കുന്നതായി നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ്മ

ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച നിർഭയ കേസിലെ പ്രതി വിനയ് ശര്‍മ്മ വധശിക്ഷയ്‌ക്കെതിരെ നല്‍കിയ ദയാഹര്‍ജി പിന്‍വലിക്കുന്നതായി വെളിപ്പെടുത്തി . ഇക്കാര്യം ചൂണ്ടിക്കാട്ടി ഇയാള്‍ രാഷ്ട്രപതിക്ക് കത്ത് അയച്ചു. ദയാഹര്‍ജി ഉടന്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.ആഭ്യന്തര വകുപ്പിന്റെ ദയാഹര്‍ജിയില്‍ താന്‍ ഒപ്പിട്ടിട്ടില്ല. ഹര്‍ജി നല്‍കാന്‍ താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇക്കാര്യത്തിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിനയ് ശര്‍മ്മ കത്തില്‍ വ്യക്തമാക്കി. നിര്‍ഭയ കേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കിയിരുന്നു.


2012 ഡിസംബറില്‍ രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതിയാണ് വിനയ് ശര്‍മ്മ. കേസില്‍ വിനയ് ശര്‍മ്മ അടക്കം നാല് പ്രതികളാണ് വധശിക്ഷ കാത്ത് കഴിയുന്നത്. പ്രതികളില്‍ വിനയ് ശര്‍മ്മ മാത്രമാണ് ദയാഹര്‍ജി നല്‍കിയത്. ഡല്‍ഹി ഗവര്‍ണര്‍ ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഹര്‍ജി പിന്‍വലിക്കുന്നതായി ഇയാള്‍ വ്യക്തമാക്കിയത്. കേസിലെ മറ്റൊരു പ്രതി വിചാരണാ കാലയളവില്‍ ജയിലിനുള്ളില്‍ വച്ച് ആത്മഹത്യ ചെയ്തു. കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാതിരുന്ന മറ്റൊരു പ്രതി നാമമാത്രമായ ശിക്ഷ കഴിഞ്ഞ് ജയില്‍മോചിതനായിട്ടുണ്ട്.

Top