നിര്‍ഭയ കേസിൽ പവന്‍ കുമാര്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി..

ന്യൂദല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പവന്‍ കുമാര്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. നിര്‍ഭയ കൊല്ലപ്പെടുമ്പോള്‍ തനിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നു കാട്ടി പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. കീഴ്‌ക്കോടതികളില്‍ വാദിച്ചതിനപ്പുറം പുതുതായി ഒന്നും ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് സുപ്രീം കോടതി വിലയിരുത്തി. ഹൈക്കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇനി അതു ആവര്‍ത്തിക്കേണ്ടെന്നും കോടതി വ്യക്തമാക്കിയെങ്കിലും പ്രായം തെളിയിക്കാന്‍ സാധ്യമായ പുതിയ തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രതിക്ക് ആയില്ല.

കേസില്‍ നീതിപൂര്‍വമായ വിചാരണ നടന്നിട്ടില്ലെന്നും നടന്നത് മാധ്യമവിചാരണയാണെന്നും പ്രതിയുടെ അഭിഭാഷകന്‍ എ.പി. സിങ് കോടതിയില്‍ വാദിച്ചെങ്കിലും അതൊന്നും കോടതി പരിഗണിച്ചില്ല. സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 16 വയസ്സായിരുന്നു പ്രായമെന്നും ജനനരേഖ ഡല്‍ഹി പൊലീസ് മറച്ചുവച്ചെന്നും പ്രായത്തിന്റെ കാര്യത്തില്‍ വിചാരണക്കോടതി തിടുക്കപ്പെട്ട് വിധി പ്രസ്താവിച്ചുവെന്നും അഭിഭാഷകന്‍ പറഞ്ഞു.

2012 ഡിസംബറില്‍ സംഭവം നടക്കുമ്പോള്‍ തനിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും ബാലനീതി നിയമപ്രകാരം തന്റെ കേസ് പരിഗണിക്കണമെന്നുമാണു പവന്‍ ഗുപ്തയുടെ വാദം. ഈ വാദം ഡല്‍ഹി ഹൈക്കോടതി ഡിസംബര്‍ 19നു തള്ളിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി 3 വര്‍ഷത്തെ തടവിനു ശേഷം പുറത്തിറങ്ങിയിരുന്നു. ഈ ആവശ്യം നേരത്തെ പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് പവന്റെ അഭിഭാഷകന്‍ എ.പി. സിങ്ങിന് 25,000 രൂപ പിഴ വിധിച്ചിരുന്നു.

Top