തിരുവനന്തപുരം : കൊറോണ പ്രതിരോധത്തിനിടെ ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം നടന്നു . രേഖകള്‍ ഒന്നും നഷ്ടമായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.ശൈലജ അറിയിച്ചു.വെബ് സൈറ്റ് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നിട്ടുണ്ട്. എന്നാൽ ഏത് തരത്തിലുള്ള സൈബർ ആക്രമണത്തെയും പ്രതിരോധിക്കാനുള്ള സംവിധാനം നിലവിലുള്ളതിനാൽ വിവരങ്ങളൊന്നും നഷ്ടപ്പെട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ഇ-ഹെൽത്തിന്റെ വെബ്‌സൈറ്റിൽ ഇ-ഹെൽത്ത് സംവിധാനത്തെപ്പറ്റി പൊതുജനങ്ങളറിയേണ്ട പ്രാഥമിക വിവരങ്ങൾമാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ബാഹ്യമായ എല്ലാ ഇടപെടലുകളും, ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങളും അപ്പോൾ തന്നെ തിരിച്ചറിയുന്നതിനും പ്രതിരോധ മാർഗങ്ങൾ തീർക്കുന്നതിനുമുള്ള സുശക്തമായ സംവിധാനമാണ് നിലവിലുള്ളത്. ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നപ്പോൾ തന്നെ വെബ്‌സൈറ്റിലെ എല്ലാ രേഖകളും ബ്ലോക്ക് ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.ഇ-ഹെൽത്ത് പ്രോജക്ടിന്റെ മുഴുവൻ രേഖകളും ഫയൽഫ്ലോ സംവിധാനവും സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സ്‌റ്റേറ്റ് ഡേറ്റ സെന്ററിൽ ഹോസ്റ്റ് ചെയ്തിട്ടുള്ളതിനാൽ ഏത് തരത്തിലുള്ള സൈബർ അറ്റാക്കിനേയും പ്രതിരോധിക്കാനുള്ള സംവിധാനമാണ് നിലവിലുള്ളതെന്നും അതിനാൽ തന്നെ ഒരു വിവരവും നഷ്ടപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.