സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്തച്ചൂട് അനുഭവപ്പെടാം; മരണം ഉണ്ടാകാന്‍ സാധ്യത; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

heatwave12

തിരുവനന്തപുരം: വേനല്‍ച്ചൂടില്‍ കേരളത്തിലെ പല ഭാഗങ്ങളും ചുട്ടു പൊള്ളുകയാണ്. കനത്തച്ചൂട് രണ്ടു ദിവസം കൂടി തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്. ഉഷ്ണതരംഗമുണ്ടാകാനും മരണം സംഭവിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ രീതിയില്‍ ഉഷ്ണതരംഗം അനുഭവപ്പെടുക. മറ്റുജില്ലകളിലും മുന്‍കരുതല്‍ വേണം. സൂര്യതാപം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പകല്‍ 11 മുതല്‍ 3 വരെ പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണം. പുറം ജോലികള്‍ കഴിവതും ഒഴിവാക്കണമെന്നു ദുരന്തനിവാരണ സേന ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൂര്യാതപം, നിര്‍ജലീകരണം എന്നിവമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാനായി മുന്‍കരുതല്‍ എടുക്കാനും ആശുപത്രികള്‍ക്ക് നിര്‍േദശം നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ 41.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ രേഖപ്പെടുത്തിയ ചൂട്. കോഴിക്കോട് 39.2 ഡിഗ്രിസെല്‍ഷ്യസ്, കണ്ണൂര്‍ 37.8 ഡിഗ്രിസെല്‍ഷ്യസ്, കൊല്ലത്തെ പുനലൂരില്‍ 37.6 ഡിഗ്രിസെല്‍ഷ്യസ് എന്നിങ്ങനെയും ഞായറാഴ്ച താപനില രേഖപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കടുത്ത ചൂടാണ് അനുഭപ്പെടുന്നത്. മേയ് മൂന്നിനുശേഷം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍മഴയ്ക്കു സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഉഷ്ണതരംഗമുണ്ടായതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പാലക്കാട്ടെയും കോഴിക്കോട്ടെയും രണ്ടു ദിവസത്തെ താപനില പരിഗണിച്ചാണു സംസ്ഥാനത്ത് ഉഷ്ണതരംഗം ഉണ്ടായതായി പ്രഖ്യാപിച്ചത്. തുടര്‍ച്ചയായി രണ്ടു ദിവസം 41 ഡിഗ്രിയില്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തിയാലാണ് ഉഷ്ണതരംഗം പ്രഖ്യാപിക്കുന്നത്. പാലക്കാട്ടു കഴിഞ്ഞ ദിവസങ്ങളില്‍ 41 ഡിഗ്രിയില്‍ മുകളിലാണു ചൂട്. കോഴിക്കോട്ടു തീരജില്ലയായതിനാല്‍ 38 ഡിഗ്രിയില്‍ കൂടുതല്‍ ചൂട് ഉണ്ടായതും കണക്കിലെടുത്തു.

അതിനിടെ, കടുത്ത ചൂടിനെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച വരെയും കോഴിക്കോട് ജില്ലയിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് എട്ടുവരെയും അവധി പ്രഖ്യാപിച്ചു.

Top